സ്‌കൂള്‍ കുട്ടികള്‍ക്കായി നാഷണല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടത്താനൊരുങ്ങി എന്‍ടിഎ; ഒക്ടോബര്‍ 18 വരെ രജിസ്റ്റര്‍ ചെയ്യാം



13 നും 25 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളുടെ കഴിവ് വിലയിരുത്തുന്നതിനും ശരിയായ തൊഴില്‍ തിരഞ്ഞെടുക്കുന്നതിലേക്ക് അവരെ നയിക്കുന്നതിനുമായി നാഷണല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (NAT) നടത്താനൊരുങ്ങുകയാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA - National Testing Agency). വിദ്യാർത്ഥികളുടെ അഭിരുചികളെയും ശേഷികളെയും പുറത്തുകൊണ്ടുവരാനും അതേക്കുറിച്ച് അവരെത്തന്നെ ബോധ്യപ്പെടുത്താനും ലക്‌ഷ്യം വെച്ചാണ് ഈ 'എബിലിറ്റി പ്രൊഫൈലര്‍ എക്‌സാം' സംഘടിപ്പിക്കുന്നത്.

നാറ്റ് 2021-ലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഭാവിയിൽ അവർക്ക് തിരഞ്ഞെടുക്കാവുന്ന കോഴ്‌സുകളെക്കുറിച്ചും തൊഴിൽ മേഖലകളെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാട് ലഭിക്കും. എന്‍ടിഎ പിന്നീട് ഒരു കരിയര്‍ കൗണ്‍സിലിംഗ് സെഷനും സംഘടിപ്പിക്കും. വിവിധ പ്രായ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന നാല് തലങ്ങളിലായിട്ടാണ് നാറ്റ് പരീക്ഷ സംഘടിപ്പിക്കുക. ലെവല്‍-1 (13 മുതല്‍ 15 വയസ്സ് വരെ), ലെവല്‍-2 (16-18 വയസ്സ്), ലെവല്‍-3 (19-21 വയസ്സ്), ലെവല്‍-4 (22-25 വയസ്സ്) എന്നിങ്ങനെയാണ് ആ നാല് തലങ്ങള്‍.


ഒക്ടോബര്‍ 23, 24 തീയതികളില്‍ വിദൂര കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് മോഡിലാണ് പരീക്ഷ നടക്കുക. ഡെസ്‌ക്ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ മുതലായവ ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സ്ഥലത്ത് നിന്ന് പരീക്ഷ എഴുതാം. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കായി നാറ്റിനെക്കുറിച്ച് വിശദമായി അറിയാന്‍ ഒരു വെബിനാറും ഒക്ടോബര്‍ 19 -ന് സംഘടിപ്പിക്കുന്നുണ്ട്.

എന്‍ടിഎയുടെ ഔദ്യോഗിക പോര്‍ട്ടലായ nat.nta.ac.in -ല്‍ നാഷണല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനുള്ള (NAT 2021) ഓണ്‍ലൈന്‍ അപേക്ഷകള്‍ ആരംഭിച്ചിട്ടുണ്ട്. ഒക്ടോബര്‍ 11 ന് ആരംഭിച്ച രജിസ്‌ട്രേഷന്‍ പ്രക്രിയ ഒക്ടോബര്‍ 18 വരെ തുടരും. നാറ്റ് 2021 ന് അപേക്ഷാ ഫീസ് ഇല്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

ഇന്റര്‍നെറ്റ് അധിഷ്ഠിത പരീക്ഷ രണ്ട് ഷിഫ്റ്റുകളിലായി രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1 വരെയും, വൈകുന്നേരം 4 മുതല്‍ 6 വരെയും നടക്കും. പരീക്ഷയില്‍ ഒന്‍പത് മേഖലകൾ ഉള്‍പ്പെടും. പരീക്ഷാ മാധ്യമം ഇംഗ്ലീഷ് മാത്രമായിരിക്കും. ഓരോ ഡൊമെയ്നിനും ഒരു മാര്‍ക്കിന്റെ 10 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ (MCQ) ഉണ്ടാകും. ആകെ മാര്‍ക്കുകള്‍ 90 ആയിരിക്കും, തെറ്റായ ശ്രമങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കിംഗ് ഉണ്ടാകില്ല.

Post a Comment

أحدث أقدم