സുലൈമാൻ നബിയും ബൽക്കീസ് രാജ്ഞിയും ഹുദ്ഹുദ് എന്ന മരംകൊത്തിയും

 തന്റേടവും കാര്യപ്രാപ്തിയും ചിന്താശക്തിയും വിവേകവുമെല്ലാം ഒത്തിണങ്ങിയ വ്യക്തിത്വമായി ഖുര്‍ആന്‍ വരച്ചുകാണിച്ച ലോകപ്രശസ്ത സ്ത്രീരത്‌നമാണ് സബഇലെ രാജ്ഞി ബില്‍ഖീസ്. ബില്‍ഖീസ് ബിന്‍ത് ശറാഹീല്‍ ഇബ്‌നുമാലിക് എന്നാണ് അവരുടെ മുഴുവന്‍ പേര്. സുലൈമാന്‍ നബിയുടെ ചരിത്രം വിവരിക്കവെ അവരുടെ കഥ ഖുര്‍ആന്‍ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്.

അറേബ്യന്‍ ചരിത്രത്തില്‍ അതിപ്രശസ്തമായ സമ്പന്ന സമൂഹത്തിന്റെ മേധാവിയാണ് ബില്‍ഖീസ്. ഇപ്പോഴത്തെ യമന്‍ തലസ്ഥാനമായ സന്‍ആയില്‍നിന്ന് 55 മൈല്‍ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന 'മാരിബ്' ആയിരുന്നു ബില്‍ഖീസ് രാജ്ഞിയുടെ തലസ്ഥാനം. ലോകത്തിലെ ഏറ്റവും സമ്പന്നമായ ജനത എന്നാണ് ഗ്രീക്ക് ചരിത്രകാരന്മാര്‍ ആ ജനതയെ വിശേഷിപ്പിച്ചിട്ടുള്ളത്. സബഉകാര്‍ അബ്ദുശ്ശംസ് (സൂര്യാരാധകര്‍) എന്നു പേരുള്ള ഒരു കുലപതിയുടെ പിന്‍മുറക്കാരാണ്. ഇവരുടെ അപരനാമമത്രെ സബഅ്. സൂര്യനെ ആരാധിച്ചിരുന്ന മുശ്‌രിക് ജനതയുടെ രാജ്ഞിയായ ബില്‍ഖീസ് സുലൈമാന്‍ നബിയുടെ പ്രബോധനം വഴിയാണ് ഇസ്‌ലാം ആശ്ലേഷിക്കുന്നത്.

ഖുര്‍ആനിലും ഇസ്‌ലാമിക ചരിത്രങ്ങളിലും വിവരിച്ചിട്ടുള്ള ബില്‍ഖീസുമായി ബന്ധപ്പെട്ട കഥകളില്‍ അതിശയോക്തിയും കാല്‍പനികതയും കലര്‍ന്നിട്ടുണ്ടോ എന്ന് സംശയം തോന്നിയേക്കാം. ജിന്നുകള്‍, ഭൂതങ്ങള്‍, പച്ചിലകള്‍, മൃഗങ്ങള്‍ തുടങ്ങി നമുക്ക് അജ്ഞാതമായ വിവിധങ്ങളായ പ്രാപഞ്ചിക യാഥാര്‍ഥ്യങ്ങളെയും അടക്കിഭരിക്കാന്‍ പ്രാപ്തമായ സിദ്ധിവൈഭവവും അല്ലാഹു സുലൈമാന്‍ നബിക്ക് പ്രദാനം ചെയ്തിരുന്നു. ലോകത്ത് മറ്റാര്‍ക്കും ലഭിച്ചിട്ടില്ലാത്ത ഒരു ആധിപത്യം തനിക്ക് പ്രദാനം ചെയ്യേണമേ എന്ന അദ്ദേഹത്തിന്റെ പ്രാര്‍ഥനയുടെ ഫലമായിരുന്നു അത്. ഇപ്രകാരം ജിന്നുകളുടെയും പക്ഷികളുടെയും ലോകത്തേക്ക് നിര്‍വിഘ്‌നം പ്രവേശിക്കാനും അവയുമായി ആശയവിനിമയം നടത്താനും നമുക്ക് സാധിച്ചിരുന്നെങ്കില്‍ ബില്‍ഖീസിന്റെയും സുലൈമാന്‍ നബിയുടെയും കഥകളില്‍ നമുക്കും അനൗചിത്യം തോന്നുമായിരുന്നില്ല.

മനുഷ്യരും ഭൂതങ്ങളും പക്ഷികളുമെല്ലാം ഉള്‍ക്കൊള്ളുന്ന സുലൈമാന്‍ നബിയുടെ പരിവാരങ്ങളുടെ കൂട്ടത്തില്‍ 'ഹുദ്ഹുദ്'' എന്ന ഒരു മരംകൊത്തിപ്പക്ഷിയില്‍ നിക്ഷിപ്തമായിരുന്നു സുലൈമാന്‍ നബിയുടെ രഹസ്യാന്വേഷണ വകുപ്പിന്റെ ചുമതല. വെള്ളമുള്ള സ്ഥലം കണ്ടുപിടിക്കാന്‍ അതിവിദഗ്ധനായിരുന്നു ഈ പക്ഷി. ഈ പക്ഷിയാണ് സുലൈമാന്‍ നബിക്ക് ബില്‍ഖീസിനെക്കുറിച്ച് വിവരം നല്‍കിയത്.

രഹസ്യാന്വേഷണ ജോലികള്‍ക്കിടയില്‍ ഹുദ്ഹുദ് സുന്ദരിയായ ഒരിണയെ കണ്ടുമുട്ടി. അവളുമായി പ്രണയത്തിലായ അവന്‍ കുറെനാള്‍ ശൃംഗാരവും സല്ലാപവുമായി നാളുകള്‍ കഴിച്ചു. ഈയിടെയായി ജോലിയില്‍ വിമുഖത കാണിക്കുന്നുവെന്ന് സുലൈമാന്‍ നബി തന്നെ കുറ്റപ്പെടുത്തിയിരുന്നത് അവന്‍ ഓര്‍ത്തു. രഹസ്യാന്വേഷണത്തില്‍ തന്റെ വൈദഗ്ധ്യം അദ്ദേഹത്തിന് കാണിച്ചുകൊടുക്കുമെന്ന് അവന്‍ ദൃഢനിശ്ചയം ചെയ്തു. അവന്‍ ഇണയുമായി തെക്ക് യമന്‍ പര്‍വതത്തിലേക്ക് പറന്നു. എത്തിച്ചേര്‍ന്നത് ഒരു രാജധാനിയുടെ അങ്കണത്തിലുള്ള ഉദ്യാനത്തിലാണ്. ശേബാ രാജ്യത്തിന്റെ റാണിയായ ബില്‍ഖീസിന്റെ കൊട്ടാരമായിരുന്നു അത്.

ഹുദ്ഹുദും ഇണയും കൊട്ടാരത്തിനകത്തേക്ക് പ്രവേശിച്ചു. അതിസുന്ദരിയായ ഒരു സ്ത്രീയെയാണ് കൊട്ടാരത്തിനകത്ത് കണ്ടത്. അവളുടെ വസ്ത്രങ്ങള്‍ പാദംമൂടിയിരുന്നു. നടക്കുമ്പോള്‍ പിന്നില്‍നിന്നും അത് ഒഴുകിനീങ്ങും. അടക്കവും ഒതുക്കവുമുള്ള ഒരു ചാരിത്രവതിയാണ് അവരെന്ന് മരംകൊത്തികള്‍ക്ക് മനസ്സിലായി. അവിവാഹിതയായ ആ മഹതി പുരുഷതുല്യമായ പ്രൗഢവ്യക്തിത്വത്തിന്റെ ഉടമയായിരുന്നു.


ബില്‍ഖീസ് രാജ്ഞിയുടെ കൊട്ടാരം ആഡംബരപ്രധാനമായിരുന്നു. വിചിത്രമായ കൊത്തുപണികളുള്ളതായിരുന്നു രാജ്ഞിയുടെ സിംഹാസനം. അതിന്റെ പ്രൗഢിയെക്കുറിച്ച് ഖുര്‍ആന്‍ ഇപ്രകാരം വര്‍ണിച്ചിട്ടുണ്ട്. 'എല്ലാവിധ സുഖസൗകര്യങ്ങളും അവള്‍ക്ക് നല്‍കിയിട്ടുണ്ട്. ഗംഭീരമായ ഒരു സിഹാസനവുമുണ്ട് അവള്‍ക്ക്.'' (നംല്: 23)

ഹുദ്ഹുദ് സുലൈമാന്‍ നബിയുടെ കൊട്ടാരത്തില്‍ തിരിച്ചെത്തി. തന്റെ തിരോധാനത്തിന്റെ കാരണം വിശദീകരിച്ചപ്പോള്‍ നബി പ്രസന്നവദനനായി. ബില്‍ഖീസ് രാജ്ഞിയെക്കുറിച്ചും കൊട്ടാരത്തെക്കുറിച്ചും സൂര്യാരാധനയെക്കുറിച്ചും സിംഹാസനത്തെക്കുറിച്ചുമെല്ലാം അവന്‍ നബിക്ക് വിവരിച്ചുകൊടുത്തു.

സുലൈമാന്‍ നബി ഉടന്‍ കത്തെഴുതി. 'ശേബാറാണി ബില്‍ഖീസിന്, പരമകാരുണ്യകനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. എനിക്കുമേല്‍ ഔന്നത്യം നടിക്കാതെ മുസ്‌ലിംകളായി നിങ്ങള്‍ എന്റെ അടുത്ത് വരിക.''

ലോകചരിത്രത്തില്‍ ഇന്നോളം ലഭ്യമാകുന്ന ഏറ്റവും മഹത്തായ കത്ത് എന്ന് ഇതിനെ വേണമെങ്കില്‍ വിശേഷിപ്പിക്കാം. കത്ത് മുദ്രവെച്ച് ഹുദ്ഹുദിന്റെ വശം തന്നെ സുലൈമാന്‍ നബി ശേബാറാണി ബില്‍ഖീസിന് കൊടുത്തുവിട്ടു. സന്ദേശവുമായി ഹുദ്ഹുദ് ശേബായിലേക്ക് പറന്നു. കൊട്ടാരത്തില്‍ രാജ്ഞിയുടെ ഉറക്കറയില്‍ പ്രവേശിച്ച് മച്ചിലെ ഒരു ശില്‍പത്തില്‍നിന്ന് റാണിയുടെ ശിരോഭാഗത്തേക്കിട്ടു. രാജ്ഞി സന്ദേശം വായിച്ചു. ചക്രവര്‍ത്തിക്ക് തന്റെ ഭരണകൂടത്തെപ്പറ്റി അറിവ് എത്തിച്ചുവെന്ന ബോധ്യം വന്നപ്പോള്‍ അവള്‍ ഞെട്ടിവിറച്ചു.


ബില്‍ഖീസ് രാജ്ഞി ഉടനെത്തന്നെ ജനപ്രതിനിധികളുടെയും മന്ത്രിമാരുടെയും ഒരു യോഗം വിളിച്ചുകൂട്ടി. കത്ത് അവര്‍ക്കെല്ലാം കാണിച്ചു കൊടുത്തുകൊണ്ട് ചോദിച്ചു: 'ആഗോള ചക്രവര്‍ത്തി നമ്മെക്കുറിച്ച് അറിഞ്ഞുകഴിഞ്ഞു. ഇനി നാം എന്താണ് ചെയ്യേണ്ടത്? യുദ്ധം ചെയ്ത് മരിക്കണോ അതോ കീഴടങ്ങുകയോ?''

കൂടിയാലോചിച്ച് തീരുമാനമെടുക്കുന്ന രാജ്ഞിയുടെ ഈ വിശിഷ്ഠ സ്വഭാവത്തെ ഖുര്‍ആന്‍ ഇപ്രകാരം പ്രശംസിച്ചിട്ടുണ്ട്. 'അവള്‍ പറഞ്ഞു. ഹേ പ്രമുഖരേ, എന്റെ കാര്യത്തില്‍ നിങ്ങള്‍ എനിക്ക് നിര്‍ദേശം നല്‍കിയാലും. നിങ്ങളുടെ സാന്നിധ്യത്തില്‍ വെച്ചല്ലാതെ ഞാന്‍ ഒരു കാര്യവും ഖണ്ഡിതമായി തീരുമാനിക്കുകയില്ല.'' (നംല്:32)


ദുരഭിമാനമോ അഹന്തയോ തൊട്ടുതീണ്ടാതെ എത്ര വിനയപുരസ്സരമാണ് അവര്‍ തന്റെ സഭാവാസികളെ അഭിസംബോധന ചെയ്യുന്നത്. ഇങ്ങനെ സ്വേച്ഛാധിപത്യം പുലര്‍ത്തുന്ന ബില്‍ഖീസ് സംസാരിച്ചു തുടങ്ങിയപ്പോള്‍ ഉപദേഷ്ടാക്കള്‍ പറഞ്ഞു.: 'മഹാറാണി, നാം പ്രബലരും സായുധ സജ്ജരുമാണ്.' രാജ്ഞിയുടെ കുശാഗ്ര ബുദ്ധിശക്തിയില്‍ തികഞ്ഞ ബോധ്യമുള്ള അവര്‍ തുടര്‍ന്ന് ഇങ്ങനെ പറഞ്ഞു: 'തീരുമാനം ഭവതിക്ക് വിട്ടുതന്നിരിക്കുന്നു. ഇഷ്ടംപോലെ കല്‍പിച്ചാലും.''

രാജ്ഞി പറഞ്ഞു: 'സുലൈമാന്‍ ചക്രവര്‍ത്തിയുമായി നാം യുദ്ധത്തിനൊരുങ്ങുന്നത് ആത്മഹത്യാപരമാണ് എന്നാണ് എന്റെ അഭിപ്രായം. അടിയന്തര ഘട്ടത്തിലേ യുദ്ധത്തിലേര്‍പ്പെടാവൂ. അതിന് മുമ്പായി ഉപഹാരങ്ങള്‍ അയച്ചുകൊടുത്ത് നമുക്കൊന്ന് അദ്ദേഹത്തെ പരീക്ഷിക്കാം.'

'ഈ തീരുമാനം ബുദ്ധിപൂര്‍വം തന്നെ.' സദസ്സ് ഏകകണ്ഠമായി അതംഗീകരിച്ചു. ബില്‍ഖീസിന്റെ ഉപഹാരങ്ങള്‍ എന്തായിരുന്നുവെന്ന് ഖുര്‍ആന്‍ പറയുന്നില്ല. അനേകം സ്വര്‍ണവും സുഗന്ധദ്രവ്യങ്ങളും രത്‌നങ്ങളുമായിരുന്നു അതെന്ന് ബൈബിള്‍ പറയുന്നുണ്ട്.


ശേബാ രാജ്യത്തുനിന്ന് ജറൂസലമിലേക്ക് പ്രതിനിധി സംഘം യാത്രതിരിച്ചു. വിവരം ദിവ്യശക്തിയാല്‍ സുലൈമാന്‍ നബി അറിഞ്ഞിരുന്നു. കാഴ്ചദ്രവ്യങ്ങളുമായി പ്രതിനിധിസംഘം എത്തിയപ്പോള്‍ നബി പറഞ്ഞു: 'നിങ്ങളെനിക്ക് ഉപഹാരം നല്‍കുകയോ? നിങ്ങളേതിനേക്കള്‍ എത്രയോ ഇരട്ടി അല്ലാഹു എനിക്ക് നല്‍കിയിട്ടുണ്ട്. നിങ്ങള്‍ രാജ്ഞിയുടെ അടുക്കലേക്ക് തിരിച്ചു പോവുക. ഇതിനു മുമ്പൊരിക്കലും നിങ്ങള്‍ അഭിമുഖീകരിച്ചിട്ടില്ലാത്ത ഒരു സേനയുമായി നാം അവിടേക്ക് വരുന്നുണ്ട്. നിന്ദ്യരും അപമാനിതരുമായി നാം അവരെ അവിടെനിന്ന് പുറത്താക്കുന്നതാണ്.'' നംല് : 36-37)

ശേബാരാജ്യത്തില്‍ തിരിച്ചെത്തിയ സംഘം തങ്ങളുടെ അനുഭവങ്ങളും സുലൈമാന്‍ ചക്രവര്‍ത്തി പ്രവാചകനാണെന്നതിനുള്ള ദൃഷ്ടാന്തങ്ങളും ബില്‍ഖീസ് രാജ്ഞിയുമായി പങ്കുവെച്ചു. സുലൈമാന്‍ ദൈവദൂതന്‍ തന്നെയാണെന്ന് രാജ്ഞിക്ക് ബോധ്യമായി. താമസിയാതെ പരിവാരസമേതം റാണി നബിയുടെ സന്നിധാനത്തിലേക്ക് പുറപ്പെട്ടു.

ബില്‍ഖീസ് റാണി പുറപ്പെട്ടതറിഞ്ഞ സുലൈമാന്‍ നബി തന്റെ അനുചരന്മാരോട് പറഞ്ഞു: 'ശേബാ വര്‍ഗക്കാര്‍ അല്‍പം അഹങ്കാരികളാണ്. അവര്‍ എന്റെ അടുത്തെത്തും മുമ്പേ അവളുടെ സിംഹാസനം ഇവിടെയെത്തിക്കാന്‍ നിങ്ങളില്‍ ആര്‍ക്ക് സാധിക്കും?' 'അങ്ങ് ഇരുന്നിടത്തുനിന്ന് എഴുന്നേല്‍ക്കുന്നതിന് മുമ്പ് ഞാനത് ഇവിടെ എത്തിച്ചു തരാം.'' ഭൂതഗണത്തില്‍ പെട്ട ഇഫ്‌രീത്ത് പറഞ്ഞു. (ഖുര്‍ആന്‍: നംല്:39) താങ്കള്‍ ഇമപൂട്ടി തുറക്കും മുമ്പേ ഞാനത് ഇവിടെ എത്തിക്കാം.'' വേദജ്ഞാനമുള്ള ഒരുവന്‍ പറഞ്ഞു. അതേ നിമിഷം സിംഹാസനം അവിടെ പ്രത്യക്ഷപ്പെട്ടു. ഇത് കണ്ട് മനംകുളിര്‍ത്ത സുലൈമാന്‍ പറഞ്ഞു: 'ഇതെന്റെ നാഥന്റെ ഔദാര്യമാണ്. ഞാന്‍ കൃതജ്ഞനാണോ കൃതഘ്‌നനാണോ എന്ന് പരീക്ഷിക്കാന്‍.'' (നംല്: 40)

വേദജ്ഞാനമുള്ള ഒരാള്‍ എന്ന പദം ആരെയാണ് സൂചിപ്പിക്കുന്നത് എന്നതില്‍ വ്യാഖ്യാതാക്കള്‍ ഭിന്നാഭിപ്രായക്കാരാണ്. അത് ജിബ്‌രീല്‍ എന്ന മലക്കാണെന്നും ആസഫുബ്‌നു ബര്‍ഖിയ എന്ന ഇസ്രായീലി പണ്ഡിതനാണെന്നും ഖിള്ര്‍ നബിയാണെന്നും സുലൈമാന്‍ നബി തന്നെയാണെന്നും പറഞ്ഞവരുണ്ട്. അത് സുലൈമാന്‍ നബി തന്നെയാണെന്നാണ് ഇമാം റാസി തറപ്പിച്ചു പറയുന്നത്.

സ്വര്‍ണവും വെള്ളിയും കൊണ്ട് നിര്‍മിച്ചതായിരുന്നു ബില്‍ഖീസ് രാജ്ഞിയുടെ സിംഹാസനം. സിംഹാസനത്തിനുചുറ്റും ഭിത്തിയില്‍ സൂര്യന്റെ ചിത്രങ്ങള്‍! സുലൈമാന്‍ നബി രാജ്ഞിയുടെ സിംഹാസനത്തിന് അല്‍പം മാറ്റങ്ങള്‍ വരുത്തി പ്രഛന്നമാക്കി. വിലപിടിച്ച രത്‌നങ്ങളും വൈരങ്ങളും മുത്തുകളും സൂര്യവൃത്തത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് മറ്റിടങ്ങളില്‍ പ്രതിഷ്ഠിച്ചു.

രാജ്ഞിയും പരിവാരങ്ങളും സുലൈമാന്‍ നബിയുടെ സന്നിധിയിലെത്തി. നബി അവരെ സ്വീകരിച്ചാദരിച്ചിരുത്തി. കുശല പ്രശ്‌നങ്ങള്‍ക്കും സല്‍ക്കാരത്തിനും ശേഷം റാണിയുടെ സിംഹാസനത്തിലേക്ക് ചൂണ്ടിക്കൊണ്ട് ചോദിച്ചു. 'ഇപ്രകാരമാണോ നിങ്ങളുടെ സിംഹാസനം?' 'അതെ, അതുപേലെ തന്നെയുണ്ട്' റാണി മറുപടി പറഞ്ഞു. (നംല്:42)


അതിനുശേഷം അദ്ദേഹം ബില്‍ഖീസിനെ കൊട്ടാരത്തിലെ സ്ഫടികനിര്‍മിതമായ നിലയത്തിലേക്ക് ആനയിച്ചു. അത് വെള്ളത്തടാകമാണെന്ന് തെറ്റിദ്ധരിച്ച് ബില്‍ഖീസ് തന്റെ വസ്ത്രം തെറുത്തു കയറ്റി. സ്ഫടികം പതിച്ച് മിനുക്കിയ ഒരു നിലമാണ് അതെന്ന് സുലൈമാന്‍ നബി അവരെ ബോധ്യപ്പെടുത്തി.സുലൈമാന്‍ നബിയുടെ മായാലോകത്ത് അകപ്പെട്ട അത്ഭുതസ്തബ്ധയായ ബില്‍ക്കീസിന് അല്ലാഹുവിന്റെ യാഥാര്‍ഥ്യത്തെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ സുലൈമാന്‍ നബിക്ക് സാധിച്ചു. ദൈവമാണെന്ന് കരുതി താന്‍ ആരാധിച്ചിരുന്ന സൂര്യനെപ്പോലുള്ള വസ്തുക്കളെല്ലാം മിഥ്യാസങ്കല്‍പങ്ങളാണെന്നും യാഥാര്‍ഥ്യം ഇതിനെല്ലാം ഉപരിയാണെന്നും ഇതിലൂടെ രാജ്ഞിക്ക് വ്യക്തമായി. ബില്‍ഖീസ് മനുഷ്യസ്ത്രീയല്ല, ജിന്നാണെന്നും അതിന് തെളിവായി അവരുടെ കാല്‍ മൃഗത്തിന്റെ കുളമ്പുപോലെയാണെന്നും രോമമുണ്ടെന്നും ചിലര്‍ സുലൈമാന്‍ നബിയോട് പറഞ്ഞത് അസംബന്ധമാണെന്നും അദ്ദേഹത്തിന് ബോധ്യപ്പെടുകയും ചെയ്തു. യാഥാര്‍ഥ്യം തിരിച്ചറിഞ്ഞപ്പോള്‍ ബില്‍ഖീസ് പറഞ്ഞു: 'എന്റെ രക്ഷിതാവേ, ഞാന്‍ നിന്നോട് അക്രമം കാണിച്ചുപോയി. സുലൈമാന്‍ നബിയോടൊപ്പം ഞാനിതാ ലോകരക്ഷിതാവായ അല്ലാഹുവിന് വിധേയയായിരിക്കുന്നു.' (നംല്: 24)


ബില്‍ഖീസിന്റെ തുടര്‍ന്നുള്ള ജീവിതം സംബന്ധിച്ചും മരണം സംബന്ധിച്ചും രേഖകളൊന്നും ചരിത്രത്തില്‍ ലഭ്യമല്ല. എന്നാല്‍ സുലൈമാന്‍ നബിയുടെ അന്ത്യം മിഹ്‌റാബില്‍ സ്വര്‍ണ്ണക്കസേരയില്‍ താടിമേല്‍ വടികുത്തിപ്പിടിച്ച് ഇരിക്കുന്ന നിലയിലായിരുന്നു. നബി മിഹ്‌റാബില്‍ ഉള്ളപ്പോള്‍ അവിടേക്ക് ആരും പ്രവേശിക്കാന്‍ ധൈര്യപ്പെടുമായിരുന്നില്ല. മിഹ്‌റാബിനു വെളിയില്‍ അദ്ദേഹത്തിന്റെ ഭൂതഗണങ്ങള്‍ തങ്ങളെ ഏല്‍പ്പിച്ച ജോലിയില്‍ വ്യാപൃതരായിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മിഹ്‌റാബിലേക്ക് അതിക്രമിച്ചു കടക്കാന്‍ ധൈര്യപ്പെട്ട ഒരേയൊരു ജീവി ചിതലായിരുന്നു. ചിതല്‍ നബിയുടെ വടിയെ കാര്‍ന്നുതിന്നാന്‍ തുടങ്ങി. അങ്ങനെ സന്തുലിതത്വം നഷ്ടപ്പെട്ട് നബി നിലംപതിച്ചു. ജിന്നുകള്‍ക്ക് അദൃശ്യജ്ഞാനമുണ്ടെന്ന മിഥ്യാധാരണ ഒരു കൊച്ചു ജീവിയായ ചിതല്‍ തകര്‍ത്തുകളഞ്ഞു. ചിതലുകള്‍ക്ക് മുന്നില്‍ ജിന്നുകളും മനുഷ്യരും ലജ്ജിച്ചു തലതാഴ്ത്തി.


ബൽക്കീസ് രാജ്ഞിയും സുലൈമാൻ നബിയും ഹുദ്ഹുദ് എന്ന മരംകൊത്തിയും!



Post a Comment

أحدث أقدم