അൽകഹ്ഫ് കഥകൾ 2



ഒരിക്കൽ മൂസാ നബി (അ) ബനി ഇസ്രാഈല്യരോട് പ്രസംഗിക്കുകയായിരുന്നു. പ്രസംഗം കേട്ടു പലരുടെയും കണ്ണ് നിറഞ്ഞു കണ്ണീർ ധാര ധാരയായി ഒഴുകി. അത്രമാത്രം അവരുടെ മനസ്സിനെ അത് സ്വാധീനിച്ചുവെന്നർതം. പ്രസംഗം കഴിഞ്ഞ ഉടനെ മൂസാ നബി (അ)മിനോട് അവരിലൊരാൾ ചോദിച്ചു "അല്ലാഹുവിന്റെ ദൂതരെ അങ്ങയെക്കാൾ അറിവുളളവരായി ഈ ഭൂലോകത്ത് വേറെ ആരെങ്കിലും ഉണ്ടോ??. മൂസാ നബി (അ) പറഞ്ഞു  "ഇല്ല".  അള്ളാഹു അഅ്‌ലം (അല്ലാഹുവാണ്  ഏറ്റവും അറിവുളളലവൻ) എന്ന് പറയാൻ മൂസാ നബി (അ) വിട്ടുപോയി.  ഏറ്റവും കൂടുതൽ അറിവുള്ളവൻ അള്ളാഹു ആണല്ലോ. എന്നാൽ യഥാർത്ഥത്തിൽ മൂസാ നബി(അ) നേക്കാൾ അറിവുള്ള ഒരാളും അന്ന് അക്കാലത്തു ഉണ്ടായിരുന്നില്ല.


എന്നാലും അങ്ങനെ പറഞ്ഞതിന്റെ പേരിൽ മൂസാ നബി (അ) നെ ഒന്ന് പരീക്ഷിക്കാൻ അള്ളാഹു തീരുമാനിച്ചു.അള്ളാഹു മൂസാ നബി (അ)ന് വഹിയ്യ്‌ നല്കി "മൂസാ നിന്നെക്കാൾ  വിവരമുള്ള ഒരടിമ എനിക്കുണ്ട്, രണ്ട് സമുദ്രങ്ങളുടെ സംഗമസ്ഥാനത്താണ് അദേഹം കഴിയുന്നത്‌. മൂസാ നബി (അ) ചോദിച്ചു "രക്ഷിതാവേ അദേഹത്തെ ഒന്നുകാണാൻ എന്താണ് വഴി". അള്ളാഹു പറഞ്ഞുകൊടുത്തു "താങ്കൾ ഒരു മത്സ്യം വേവിച്ചു കുട്ടയിലാക്കി കടൽ തീരത്ത്കൂടി സഞ്ചരിക്കുക.  എവിടെവേച്ചാണോ താങ്കള്ക്ക് ആ മത്സ്യം നഷ്ടപ്പെടുന്നത് അവിടെ അദേഹം ഉണ്ടായിരിക്കും".

മൂസാ നബി (അ) അല്ലാഹുവിന്റെ കല്പനപ്രകാരം വേവിച്ച മത്സ്യവുമായി നടക്കാനാരംഭിച്ചു. തന്റെ വിശ്വസ്ത ശിഷ്യൻ യൂഷഅ് ബ്നു നൂരാൻ ഈ യാത്രയിൽ മൂസാ നബി (അ)ന്റെ കൂടെ ഉണ്ടായിരുന്നു. പിൽകാലത്ത് അദേഹത്തിന് പ്രവാചകത്വം ലഭിച്ചിരുന്നു. കുറെ നേരം നടന്നുതളർന്ന്‌ അവർ ഒരു പാറക്കു സമീപം എത്തി. ക്ഷീണിതനായ മൂസാ നബി (അ) മത്സ്യം സൂക്ഷിക്കാൻ ശിഷ്യനെ ഏല്പിച്ചു പാറയിൽ തലവച്ച്‌ ഒന്ന്‌ മയങ്ങി. ശിഷ്യൻ മത്സ്യത്തിന് കാവലിരുന്നു. 


കുറച്ചു നേരം കഴിഞ്ഞപ്പോൾ മത്സ്യത്തിന് പുതു ജീവൻ കൈവന്നു. അതു സമുദ്രത്തിലേക്ക് എടുത്തുചാടി ഊളിയിട്ടു പോയി. അതുപോയ വഴി ഒരു ദ്വാരം പോലെ വെള്ളത്തിൽ കാണപ്പെട്ടിരുന്നു. മൂസാ നബി (അ)ന്റെ ശിഷ്യൻ ആ കാഴ്ചകണ്ട്‌ അമ്പരന്നിരുന്നു. മൂസാ നബി (അ)നെ വിളിച്ചുണർത്തുന്നത് അദബുകേടാണെന്നു മനസ്സിലാക്കിയ ശിഷ്യൻ അദേഹം ഉണർന്നിട്ടു പറയുവാനായി നിശബ്ദനായിരുന്നു. പക്ഷേ മൂസാ നബി (അ)ഉണർന്നപ്പോൾ പിശാചു ആ കാര്യം പറയുന്നത് ശിഷ്യനെ മറപ്പിച്ചുകളഞ്ഞു. ഉറക്കമുണർന്ന മൂസാ നബി (അ) ആകട്ടെ മത്സ്യത്തിന്റെ വിവരം അന്വേഷിക്കാനും മറന്നു. ക്ഷീണം തീർന്ന അവർ വീണ്ടും നടത്തമാരംഭിച്ചു.

             രാവും പകലും നടന്നു തളർന്ന മൂസാനബി (അ) ശിഷ്യനോട് ഭക്ഷണം എടുക്കാൻ ആവശ്യപ്പെട്ടു. "നിശ്ചയം ഈ യാത്ര നമുക്ക് വലിയ പ്രയാസം ഉണ്ടാക്കിയിരിക്കുന്നു". മൂസാനാബി (അ)പറഞ്ഞു.

അപ്പോഴാണ് ശിഷ്യന്  മത്സ്യത്തിന്റെ കാര്യം ഓർമവന്നത്. അദേഹം പറഞ്ഞു ഗുരോ "നമ്മൾ മുൻപ് ആ പാറക്കല്ലിനു സമീപം വിശ്രമത്തിലായിരുന്നന്നില്ലേ അപ്പോൾ നമ്മുടെ മത്സ്യം കടലിലേക്ക്‌ ചാടിപ്പോയിരുന്നു. ഞാൻ അങ്ങയെ ഓർമപ്പെടുത്താൻ മറന്നു പോയതാണ്. പിശാചു എന്നെ ആ കാര്യം മറപ്പിക്കുകയായിരുന്നു".  മൂസാ നബി (അ)  ശിഷ്യനോട് കോപിച്ചില്ല ശിക്ഷിച്ചതുമില്ല. ശാന്തനായി അദേഹം പറഞ്ഞു "അതാണല്ലോ നാം ആഗ്രഹിക്കുന്നത് നമുക്ക് അവിടേക്ക് തന്നേ മടങ്ങാം ".


അവർ വന്ന വഴിയെ തിരികെ നടന്നു. മുൻപ് വിശ്രമിച്ച ആ പാറക്കല്ലിനു സമീപം എത്തിയപ്പോൾ അവരാകാഴ്ച കണ്ടു. ഒരു വന്ദ്യവയോധികൻ സമുദ്രതീരത്ത് ഇരിക്കുന്നു, നാവിൽ എന്തോ ഉരുവിടുന്നുണ്ട്.  ഖിള്ർ നബി(അ) ആയിരുന്നു അത്. ഖിള്ർ നബി (അ) നെ കണ്ടുമുട്ടിയ ശേഷം യൂഷഅ് നബി (അ)നെ തിരികെ പറഞ്ഞയച്ചു എന്നും അല്ല അവരോടൊപ്പം തന്നെ ഉണ്ടായിരുന്നു എന്നും പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ നിലനില്ക്കുന്നു.

                മൂസാനബി (അ) അടുത്തുചെന്ന് സലാം പറഞ്ഞു. ഖിള്ർ നബി (അ) ചോദിച്ചു വഅലൈക്കു മുസ്സലാം, എവിടെനിന്നാണൊരു സലാം  മൂസാനബി ഒന്നുകൂടി അടുത്ത് ചെന്ന് പറഞ്ഞു "ഞാൻ മൂസാനബിയാണ്. ഖിള്ർ നബി (അ) ചോദിച്ചു "ബനീ ഇസ്രാഈല്യരിലെ മൂസയാണോ". "അതെ" എന്ന് മൂസാനബി (അ) പ്രതികരിച്ചു. ഖിള്ർ നബി (അ) ആാഗമനോദ്ദേശം ആരാഞ്ഞു.  മൂസാനബി (അ) പറഞ്ഞു "എനിക്ക് അങ്ങയിൽനിന്നു കുറച്ചു കാര്യങ്ങൾ പഠിക്കാനാണ് ഞാൻ ഇവിടെ എത്തിയത് ".  ഖിള്ർ നബി (അ) പറഞ്ഞു "അതിനു താങ്കള്ക്ക് എന്റെകൂടെ ക്ഷമിക്കാൻ കഴിയില്ലല്ലോ ".  അദ്ദേഹം വിശദീകരിച്ചു "എനിക്ക് അല്ലാഹു ഒരുതരം വിജ്ഞാനം പഠിപ്പിച്ചു തന്നിട്ടുണ്ട്. അത് താങ്കള്ക്ക് അറിയണമെന്നില്ല. നിങ്ങൾക്ക് അള്ളാഹു പഠിപ്പിച്ച അറിവ് വേറെയാണ് അതെനിക്കും അറിയില്ല". 

മൂസാനബി (അ) പറഞ്ഞു  "ഇൻഷാ അല്ലാ ഞാൻ ക്ഷമിച്ചു കൊള്ളാം. താങ്കൾക്കെതിരായി ഞാനൊന്നും പ്രവർത്തിക്കുകയില്ല". ഖിള്ർ നബി (അ) പറഞ്ഞു "എങ്കിൽ ശരി പക്ഷെ !!! ഒരു നിബന്ധനയുണ്ട്   ഞാൻ വിശദീകരിച്ചു തരുന്നതുവരെ എന്റെ പ്രവർതിയെക്കുറിച്ച് എന്നോടൊന്നും ചോദിക്കാൻ പാടില്ല. മൂസാനബി (അ) സമ്മതിച്ചു. ഖിള്ർ നബി (അ) എണീറ്റ് കടൽതീരത്തുകൂടി  നടത്തം ആരംഭിച്ചു. അനുസരണയുള്ള വിദ്യാർത്ഥിയെപ്പോലെ മൂസാനബി അനുഗമിച്ചു.


കുറെ ദൂരം ചെന്നപ്പോൾ കടലിൽ അതാ ഒരു കപ്പൽ നിൽക്കുന്നു. തങ്ങളെക്കൂടി കപ്പലിൽ കയറ്റണമെന്ന് ഖിള്ർ നബി (അ) കപ്പൽ ജീവനക്കാരനോട് ആവശ്യപ്പെട്ടു. അവർ ആദ്യം കൂലി ആവശ്യപ്പെട്ടെങ്കിലും ഖിള്ർ നബി (അ)നെ തിരിച്ചറിഞ്ഞപ്പോൾ പ്രതിഭലമൊന്നും വാങ്ങാതെ തന്നെ കപ്പലിൽ കയറ്റി.മറ്റു യാത്രക്കാർക്കൊപ്പം അവരെയും വഹിച്ചുകൊണ്ട് കപ്പൽ യാത്ര തുടങ്ങി. അധികദൂരം ചെന്നില്ല ഖിള്ർ നബി (അ) കയ്യിലുണ്ടായിരുന്ന ചെറിയ ഒരു മഴു കൊണ്ട് കപ്പലിന്റെ ഒരു പലക വെട്ടിപ്പൊളിച്ചു !!.മൂസാനബി (അ) ന് അത് സഹിക്കാനായില്ല. മുൻപ് ചെയ്ത വാഗ്ദാനം മറന്നുകൊണ്ട് കൊണ്ട് അദേഹം ചോദിച്ചു പോയി "പ്രതിഭലം പോലും വാങ്ങാതെയാണവർ നമ്മെ കപ്പലിൽ കയറ്റിയത്. എന്നിട്ടവരുടെ കപ്പൽ കേടു വരുത്തുകയാണോ താങ്കൾ. 


കപ്പലിലുളളവരെല്ലാം മുങ്ങി നശിക്കില്ലേ എന്ത് പണിയാണ് താങ്കൾ ചെയ്തത്". ഖിള്ർ നബി (അ) ശാന്തനായി പ്രതികരിച്ചു "ഞാൻ പറഞ്ഞിരുന്നില്ലേ. താങ്കള്ക്ക് എന്നോടൊപ്പം ക്ഷമിക്കാൻ കഴിയില്ലന്ന് ".മൂസാനബി (അ)ന് താൻ ചെയ്ത വാഗ്ദത്തം ഓർമവന്നു. അദേഹം പറഞ്ഞു "ഞാൻ അത് മറന്നു പോയതാണ് ഇതിന്റെ പേരിൽ ഒരു നടപടി സ്വീകരിക്കരുതെ".ഒരു പലക ഇളകിയതു ശ്രദ്ധയിൽപെട്ട കപ്പിത്താൻ കപ്പൽ തീരത്തോടടുപ്പിച്ചു. അവസരം പാഴാക്കാതെ ഖിള്ർ നബി (അ)മും മൂസനബി (അ) കപ്പലിൽനിന്നിറങ്ങി കടൽത്തീരത്ത്കൂടെ വീണ്ടും നടത്തം ആരംഭിച്ചു.

നടക്കുന്നതിനിടയിൽ അവരൊരു കാഴ്ച കണ്ടു. ഒരു ചെറിയ കുരുവി സമുദ്ര ജലം അതിന്റെ കൊച്ചു ചുണ്ടിൽ നിറയ്ക്കുന്നു. ഖിള്ർ നബി (അ) പറഞ്ഞു "മൂസാ വിശാലമായ സമുദ്രത്തിൽ നിന്നും ആ ചെറുപക്ഷി കൊക്കിൽ കൊത്തിയെടുത്തത്ര തുച്ഛമാണ് അല്ലാഹുവിന്റെ അറിവുമായി ചേർത്തു നോക്കുമ്പോൾ എന്റെയും താങ്കളുടെയും ജ്ഞാനം ". മൂസാനബി (അ)ന് കാര്യം ബോധ്യമായി യാത്രയുടെ ലക്ഷ്യവും അതായിരുന്നല്ലോ. 

വീണ്ടും അവർ യാത്ര തുടർന്നു. കുറേ ദൂരം നടന്നപ്പോൾ കുറച്ച് കുട്ടികൾ കളിക്കുന്നതായി അവർ കണ്ടു.ഖിള്ർ നബി (അ) അവരിൽ ഒരു കുട്ടിയെ അടുത്തേക്ക് വിളിച്ചു. തന്റെ അടുത്തേക്ക് ഓടിവന്ന കുട്ടിയുടെ തലപിടിച്ച് സ്വന്തം കരങ്ങൾ കൊണ്ടദ്ദേഹം പിഴുതെടുത്തു... !!!!. ഈ ഭീകര ദൃശ്യം ജനങ്ങളുടെ ശ്രദ്ധയിൽപ്പെടുന്നതിനു മുൻപായി അവർ അവിടെ നിന്നും രക്ഷപെട്ടു. മൂസാനബി (അ)ന് ഇത്തവണയും സഹിക്കാനായില്ല. അദേഹം വീണ്ടും ചോദിച്ചുപോയി "യാതൊരു തെറ്റും ചെയ്യാത്ത കുട്ടിയെ തങ്കൾ വെറുതെ കൊന്നുകളഞ്ഞല്ലോ. താങ്കൾ ചെയ്തയ്തത് കടുത്ത അപരാധമാണ്". ഇത്തവണ ഖിള്ർ നബി (അ) അല്പം ഗൗരവത്തോടെ പറഞ്ഞു "താങ്കളോട് ഞാൻ പറഞ്ഞിരുന്നില്ലേ താങ്കള്ക്ക് എന്നോടൊപ്പം ക്ഷമിക്കാനാവില്ലന്നു". മൂസാനബി (അ) ഖേദിച്ചു "ഇത്തവണ കൂടി എനിക്ക് മാപ്പ് തരണം. ഇനി ഞാൻ എന്തെങ്കിലും ചോദിച്ചാൽ എന്നെ കൂട്ടെണ്ടതില്ല. എന്റെ ഭാഗത്തു നിന്നും വന്ന വീഴ്ചകൾ അങ്ങ് മാപ്പാക്കിയാലും ".അവർ വീണ്ടും യാത്ര തുടർന്നു.


ശാമിലെ അന്താക്കിയ ഗ്രാമത്തിലാണ് അവർ എത്തിയത്. ദീർഘമായ കാൽനടയാത്ര കാരണം അവർക്ക് നല്ല ക്ഷീണം ഉണ്ടായിരുന്നു. ഗ്രാമ വാസികളോട് അവർ ഭക്ഷണം ആവശ്യപ്പെട്ടു. പക്ഷെ ആരും ഒന്നും നൽകിയില്ല. മൂസാനബി (അ) ന് ദേഷ്യം വന്നുതുടങ്ങി. അതൊന്നും കാര്യമാക്കാതെ ഖിള്ർ നബി (അ) തൊട്ടടുത് കണ്ട പൊളിഞ്ഞു വീഴാറായ മതിൽ നന്നാക്കാൻ തുടങ്ങി. വളരെ വേഗം അദേഹം ആ ജോലി തീർത്തു. ഒന്നും ചോദിക്കരുതെന്ന ഉടമ്പടി മൂസാ നബി (അ) വീണ്ടും മറന്നു. "നമുക്ക് ഭക്ഷണം തരാൻ തയ്യാറാകാത്ത ഇവരുടെ മതിൽ വെറുതെ നന്നാക്കിക്കൊടുക്കുകയാണോ ? താങ്കൾ ഉദ്ധേഷിക്കുന്ന പക്ഷം അതിനു കൂലി വാങ്ങാമായിരുന്നില്ലേ 


ഖിള്ർ നബി (അ) പറഞ്ഞു "ഇതാ നമുക്ക് പിരിയാൻ സമയമായി. താങ്കള്ക്ക് എന്നോടൊപ്പം ക്ഷമിക്കാൻ കഴിയാതിരുന്ന കാര്യങ്ങളുടെ അകപ്പൊരുൾ താങ്കള്ക്ക് ഞാൻ വിശദീകരിച്ചു തരാം". 
മൂസാനബി (അ) കാതോർത്തു "ആദ്യം നാം കയറിയ കപ്പലുണ്ടല്ലോ അതു ഏതാനും സാധുക്കളായ കടൽ തൊഴിലാളികളുടേതായിരുന്നു. അവരുടെ യാത്ര വഴിയിൽ കപ്പൽ കൊള്ളയടിക്കുന്ന ഒരു രാജാവ്‌ ഉണ്ടായിരുന്നു. നല്ല കപ്പൽ കണ്ടാൽ അയാൾ പിടിച്ചെടുക്കും കേടുപാടുള്ള കപ്പലായാൽ തിരിഞ്ഞു നോക്കുകയില്ല .നാം കയറിയ കപ്പൽ നല്ല കപ്പലായിരുന്നു മുന്നോട്ടു പോയാൽ ആ രാജാവ്‌ അതു പിടികൂടും. അതു കാരണം തൊഴിലാളികൾ പ്രയാസത്തിലാകും. ആയതിനലാണ് ഞാൻ ആ നല്ല കപ്പൽ കേടു വരുത്തിയത്". 


പിന്നെ ഞാൻ ഒരു കുട്ടിയെ കൊലപ്പെടുത്തിയ സംഭവം. ആ കുട്ടിയുടെ മാതാപിതാക്കൾ നല്ലവരും സത്യവിശ്വാസികളും ആണ്. ഈ കുട്ടി വളർന്നു വലുതായാൽ ഇവൻ കാരണം അവർ പിഴയ്ക്കാനും അവിശ്വാസികൾ ആകാനും സാധ്യതയുണ്ട്. ഇത് മുൻകൂട്ടി കണ്ടതിനാലാണ് ഞാൻ ആ കുട്ടിയെ വകവരുത്തിയത്. അതുവഴി മാതാപിതാക്കളുടെ സംരക്ഷിക്കുകയും നരകശിക്ഷയിൽ നിന്നവരെ രക്ഷിക്കുകയുമാണ് ചെയ്തത്. മാത്രമല്ല ആ മാതാപിതാക്കൾക്ക് ഈ കുട്ടിയേക്കാൾ ശുദ്ധനും നല്ലവനുമായ മറ്റൊരു കുട്ടിയെ അള്ളാഹു പകരം കൊടുക്കുമെന്നും എനിക്കറിവു ലഭിച്ചിട്ടുണ്ട്

മതിൽ നന്നാക്കിയ കാര്യമാണ് മറ്റൊന്ന്. "ഞാൻ നന്നാക്കിയ ആ മതിൽ 2 അനാഥകുട്ടികളുടെത് ആയിരുന്നു.അസ്റം,സ്വരീം എന്നായിരുന്നു അവരുടെ പേര്. ആ മതിലിനു ചുവട്ടിൽ അവരുടെ പിതാവ് മക്കളുടെ ഭാവിയെക്കരുതി ഒരു നിധിപേടകം സൂക്ഷിച്ചു വച്ചിട്ടുണ്ട്. മതിൽ പൊളിഞ്ഞു വീണാൽ നിധി പുറത്താവുകയും അതില്ലാതിരിക്കാനാണ് മതിൽ നന്നാക്കിയത്. യതീം മക്കളുടെ സ്വത്തു സംരക്ഷിക്കുക എന്നത് നല്ല കാര്യമാണല്ലോ അതാണ് ഞാൻ ചെയ്തത്. 

ഈ കാര്യങ്ങളൊന്നും ഞാൻ സ്വന്തം താല്പര്യത്തിനു ചെയ്തതല്ല. അള്ളാഹു എനിക്ക് നൽകിയ ദിവ്യബോധനം അനുസരിച്ച് പ്രവർത്തിച്ചു എന്നെയുള്ളൂ ". ഖിള്ർ നബി (അ)ന്റെ വിശദീകരണത്തിൽനിന്നു മൂസാ നബിക്ക് കര്യങ്ങൾ ബോദ്യമായി. വസ്തുതയറിയാതെ അദേഹത്തെ ചോദ്യം ചെയ്തതിലും അദ്ദേഹത്തെ പിരിയുന്നതിലും മൂസാനബി (അ) ന് ദുഖം അനുഭവപ്പെട്ടു. ഈ അനുഭവം സഹാബികല്ക്ക് വിവരിച്ചു കൊടുത്ത നബി ﷺ ഇങ്ങനെ പറഞ്ഞതായി ഹദീസുകളിൽ കാണാം. "അള്ളാഹു മൂസാ നബി (അ)ന് കാരുണ്യം ചൊരിയട്ടെ !!. "ഖിള്ർ നബി (അ) നോടൊപ്പമുള്ള യാത്ര അദേഹം അല്പം കൂടി തുടർന്നുവെങ്കിലെന്നു നാം ആശിച്ചു പോകുന്നു !!. എങ്കിൽ കൂടുതൽ കാര്യങ്ങൾ നമുക്ക് മനസ്സിലാക്കാമായിരുന്നു". (ബുഹാരി (റ) ഖിള്ർ നബി (അ) നോട് ഒപ്പമുള്ള യാത്രയിൽ താൻ ആർജിച്ച വിജ്ഞാനം മഹാ സാഗരത്തിൽ നിന്നും ഏതാനും തുള്ളികൾ മാത്രമാണെന്ന് മൂസാനബി (അ) ന് ബോധ്യമായി.

1 Comments

  1. Al kahf stories 3?
    2 thottakkare kurichulla katha?
    Udan pratheekshikkunnu.
    Jazakallahu khyran

    ReplyDelete

Post a Comment

Previous Post Next Post