സൽചെയ്തികൾ ആപത്തിൽ നിന്ന് രക്ഷിക്കും

പണ്ടൊരു കാലത്ത് സഞ്ചാരത്തിനിറങ്ങിയ മൂന്നുപേർ രാപ്പാർക്കാനായി ഒരു ഗുഹയിൽ പ്രവേശിച്ചു. പെട്ടെന്നൊരു പാറക്കല്ല് ഉരുണ്ടുവന്ന് ഗുഹാമുഖം അടഞ്ഞു. തങ്ങൾ ചെയ്ത സൽപ്രവർത്തനങ്ങൾ അല്ലാഹുവിലേക്കവതരിപ്പിച്ച് പ്രാർത്ഥിച്ചാൽ മാത്രമേ ആരാരും സഹായത്തിനെത്താത്ത ഗുഹക്കകത്തു നിന്ന് രക്ഷപ്പെടുകയുള്ളൂവെന്ന് മനസ്സിലാക്കിയ അവർ ഓരോർത്തരും ഭക്തിസാന്ദ്രമായി പ്രാർത്ഥിച്ചു. സൽചെയ്തികൾ മുൻനിർത്തി രക്ഷിക്കണമെന്ന് അല്ലാഹുവിനോട് കേണപേക്ഷിക്കുകയായിരുന്നു അവർ. 

ആദ്യത്തെയാൾ തന്റെ മാതാപിതാക്കൾക്ക് അർപ്പിച്ച സേവനങ്ങളും ത്യാഗങ്ങളുമാണ് അവതരിപ്പിച്ചത്. അയാൾ കേണു: 'അല്ലാഹുവേ, എനിക്ക് വൃദ്ധരായ മാതാപിതാക്കളും ഭാര്യയും ചെറിയ മക്കളുമുണ്ട്. ഞാനവരെ പരിപാലിക്കുന്നു. ഞാൻ വീട്ടിലേക്ക് മടങ്ങിയാൽ പാൽ കറന്ന് ആദ്യം മാതാപിതാക്കളെയാണ് കുടിപ്പിക്കാറ്. പിന്നെയാണ് മക്കൾക്ക് നൽകാറ്. 

ഒരു ദിവസം മൃഗങ്ങളെ തീറ്റി വിദൂര സ്ഥലത്തെത്തിയ ഞാൻ രാത്രി വൈകിയാണ് വീട്ടിലെത്തിയത്. അപ്പോഴേക്കും ഉപ്പയും ഉമ്മയും ഉറങ്ങിയിരുന്നു. ഞാൻ സാധാരണ പോലെ പാൽ കറന്ന് പാത്രവുമായി അവരുടെയടുത്ത് ചെന്നു. അവരെ ഉറക്കിൽ നിന്നുണർത്താത്തെ തലഭാഗത്ത് നിന്നു. മാതാപിതാക്കൾക്ക് മുമ്പായി മക്കൾക്ക് കൊടുക്കാനും ഞാൻ കൂട്ടാക്കിയില്ല. അവരാണെങ്കിൽ വിശന്ന് ആർത്തുകരയുകയാണ്. 

അങ്ങനെ നേരം പുലർന്നു. ശേഷം അയാൾ പ്രാർത്ഥിച്ചു: അല്ലാഹുവേ, നിന്റെ പ്രീതി മാത്രം കാംക്ഷിച്ചുകൊണ്ടാണ് ഞാനിത് ചെയ്തത്. അതിനാൽ ഞങ്ങളകപ്പെട്ടിരിക്കുന്ന ഈ പാറക്കല്ല് നീക്കി രക്ഷ നൽകണേ. അപ്പോൾ പാറ അൽപ്പം നീങ്ങി. എന്നാലും അവർക്ക് പുറത്തേക്ക് പോവാൻ കഴിയുമായിരുന്നില്ല. അല്ലാഹു അയാളുടെ സൽപ്രവർത്തിയിൽ തൃപ്തിപ്പെട്ടതു കൊണ്ടും ഈ പ്രാർത്ഥന സ്വീകരിച്ചതു കൊണ്ടും മാത്രമാണ് പാറ നീങ്ങിയത്.

രണ്ടാമത്തെയാൾ തന്റെ ദൈവ ഭയഭക്തിയെയും, അവസരങ്ങളുണ്ടായിട്ടും താൻ പാലിച്ച ചാരിത്ര്യശുദ്ധിയെയും മുൻനിർത്തിയാണ് അല്ലാഹുവിനോട് അപേക്ഷിച്ചത്: അല്ലാഹുവേ, എനിക്കൊരു പിതൃസഹോദര പുത്രിയുണ്ട്. എനിക്കവളോട് ഭയങ്കര സ്‌നേഹമായിരുന്നു. ഞാനവളിൽ ബന്ധം ആഗ്രഹിച്ചപ്പോൾ അവൾ നിരസിക്കുകയായിരുന്നു.

അങ്ങനെ അവൾക്ക് സാമ്പത്തിക പ്രയാസം നേരിട്ടപ്പോൾ എന്റെയടുത്തേക്ക് വന്നു. അവളോടൊപ്പം അവിഹിതം കൂടാമെന്ന നിബന്ധനയിൽ ഞാനവൾക്ക് നൂറ്റിയിരുപത് ദീനാർ നൽകി'. അവൾ എല്ലാം അല്ലാഹു അറിയുന്നുവെന്ന് അയാളെ ഓർമ്മിപ്പിച്ചു. എല്ലാ രഹസ്യവും മറഞ്ഞതും അല്ലാഹുവിന് വ്യക്തമാണെന്നും പറഞ്ഞു. അങ്ങനെ അയാളിൽ ദൈവഭയമുണ്ടായി.

ദേഹേഛ വെടിഞ്ഞ് പിതൃസഹോദര പുത്രിയോട് മാന്യമായി പെരുമാറുകയും കുടുംബബന്ധത്തെ മാനിക്കും വിധം പവിത്രമായി കണ്ട് ആ ധനം അവൾക്ക് ദാനമായി നൽകുകയും ചെയ്തു. അയാൾ പ്രാർത്ഥിച്ചു: അവൾ എനിക്ക് ഏറെ ഇഷ്ടപ്പെട്ടവളായിട്ടും ഞാനവളിലെ ആശ വെടിഞ്ഞു. ഞാനിങ്ങനെ ചെയ്തത് നിന്റെ തൃപ്തി മാത്രം ആശിച്ചുകൊണ്ടാണ്. അതിനാൽ ഞങ്ങൾ പെട്ടിരിക്കുന്ന ഈ അപകടത്തിൽ നിന്ന് രക്ഷിക്കണമേ'. അങ്ങനെ പാറക്കല്ല് ഒന്നുകൂടി നീങ്ങി. പക്ഷേ അവർക്ക് പുറത്തു കടക്കാനാവുമായിരുന്നില്ല. 

മൂന്നാമത്തെയാൾ തന്റെ കൂലിപ്പണിക്കാരനോട് കാട്ടിയ സത്യസന്ധതയും അവകാശദാനവും പറഞ്ഞുകൊണ്ടാണ് ഇടതേടി പ്രർത്ഥിച്ചത്. അയാൾ പറഞ്ഞു: അല്ലാഹുവേ, ഞാൻ പണിക്കാരെ കൂലിപ്പണിയെടുപ്പിച്ചു. അവർക്കുള്ള കൂലി നൽകി. ഒരാൾക്ക് മാത്രം നൽകിയില്ല. അയാൾ വാങ്ങാതെ കടന്നുകളയുകയായിരുന്നു. ഞാൻ അയാളുടെ കൂലിപ്പണം നിക്ഷേപമായി മാറ്റിവെച്ചു. അതിൽ നിന്നു ധാരാളം സമ്പത്തുണ്ടായി.

വർഷങ്ങൾക്ക് ശേഷം അയാൾ എന്റെയടുക്കൽ വന്ന് പഴയ കൂലി നൽകാൻ ആവശ്യപ്പെട്ടു. ഞാൻ പറഞ്ഞു: നീ കാണുന്ന ആട് മാട് ഒട്ടകമെല്ലാം നിന്റെ കൂലിപ്പണത്തിൽ നിന്നുണ്ടായതാണ്. അയാൾ ഒന്നും ബാക്കിവെക്കാത്ത വിധം എല്ലാത്തിനെയും കൊണ്ടുപോവുകയുണ്ടായി. നാഥാ, ഞാൻ ചെയ്തതൊക്കെ നിന്റെ തൃപ്തി ആഗ്രഹിച്ചുകൊണ്ടു മാത്രമാണ്. അക്കാരണത്താൽ ഈ പാറ നീക്കി ഞങ്ങളെ രക്ഷിക്കണേ. കൂലിപ്പണിക്കാർക്കുള്ള അവകാശം വകവെച്ചു നൽകിയതു മൂലം അല്ലാഹു അയാൾക്കുള്ള പ്രതിഫലം ഇഹലോകത്തുവെച്ചു തന്നെ നൽകുകയായിരുന്നു. പ്രാർത്ഥന സ്വീകരിച്ചു. പാറ നീങ്ങുകയും അവർ രക്ഷപ്പെട്ടു പുറത്തേക്കു വരികയും ചെയ്തു. 

 മൂവരെയും രക്ഷിച്ചത് അവരുടെ സൽചെയ്തികളാണ്. സൽക്കർമ്മങ്ങൾ മുൻനിർത്തിയുള്ള പ്രാർത്ഥന വെറുതെയാവില്ല എന്നതാണ് പാഠം.

Post a Comment

Previous Post Next Post