മുഹറം; വിശ്വാസിയുടെ പുതുവര്‍ഷം | Muharam; Islamic new year


ഇസ്ലാമിക ചരിത്രത്തിലെ ശ്രേഷ്ടമായ സ്ഥാനമാണ് ഹിജ്‌റ കലണ്ടറിലെ ആദ്യ മാസമായ മുഹര്‍റമിനുള്ളത്. പവിത്രമായ നാല് മാസങ്ങളില്‍ ഒന്നുമാണ് മുഹറം മാസം. ഓരോ വര്‍ഷവും പിറക്കുമ്പോള്‍ ആഘോഷത്തിലേര്‍പ്പെടുന്ന ലോകത്ത് ഇസ്ലാമിക കലണ്ടറിലെ പുതുവര്‍ഷം പിറക്കുമ്പോള്‍ ആഘോഷത്തിലപ്പുറം ഏറെ ചിന്തിക്കാനുള്ള അവസരമാണ് സമാഗതമാകുന്നത്. ആലോചനകള്‍ക്കും ആസൂത്രണങ്ങള്‍ക്കുമാണ് ശ്രമങ്ങള്‍ വേണ്ടത്. ഏറ്റവും അമൂല്യമായ സമയത്തെ കുറിച്ചുള്ള അവബോധമാണ് ഓരോ വിശ്വാസിയും ഉണ്ടാക്കിയെടുക്കേണ്ടത്. മുഹറം നല്‍കുന്ന ആദ്യ പാഠം അതുതന്നെയാണ്. 

ദുല്‍ഹജ്ജ്, റമളാന്‍ മാസങ്ങളില്‍ പത്ത് ദിവങ്ങള്‍ പവിത്രമാണെന്ന പോലെ മുഹറം മാസത്തിന്റെ പത്ത് ദിവസങ്ങള്‍ക്കും പ്രത്യേകതയുണ്ട്. യുദ്ധം നിഷിദ്ധമായ മാസങ്ങളിലൊന്നാണ് മുഹറം. ആദം നബിയും ഹവ്വാ ബീവിയും സ്വര്‍ഗത്തില്‍ വെച്ച് ശൈത്വാന്റെ പ്രേരണയില്‍ വിലക്കപ്പെട്ട പഴം കഴിച്ച് സ്വര്‍ഗത്തില്‍ നിന്നു പുറത്താക്കപ്പെടുകയും സംഭവിച്ചതില്‍ ഖേദിച്ച് ഇരുവരും കരഞ്ഞു ദുആ ചെയ്തു. അല്ലാഹു തൗബ സ്വീകരിച്ചു. മുഹറം പത്തിനായിരുന്നു ഈ സംഭവം.

പീഡിപ്പിക്കപ്പെടുന്നവര്‍ക്കും ആട്ടിയോടിക്കപ്പെടുന്നവര്‍ക്കുമെല്ലാം പ്രതീക്ഷയുടെ വെട്ടം നല്‍കുന്ന മാസമാണ് മുഹര്‍റം. ഫറോവയുടെ ക്രൂരമായ പീഡനത്തിന് വിധേയരായ ഒരു ജനതയായിരുന്നു ഈജിപ്തിലെ യഅ്ഖൂബ് നബി(അ)യുടെ പിന്മുറക്കാര്‍, അവരുടെ വിമോചനത്തിന് വേണ്ടി പ്രവര്‍ത്തിച്ച മൂസാനബി(അ)യെയും അവര്‍ കഠിനമായി എതിര്‍ക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്തു. അവസാനം കൊന്നു തള്ളുന്നതിനുവേണ്ടി ഫറോവ പരിവാരസമേതം നബിയേയും അനുയായികളേയും പിന്തുടര്‍ന്നപ്പോള്‍, അവരെ നൈല്‍ നദിയില്‍ മുക്കിക്കൊന്ന് കൊണ്ട് മൂസാ നബി(അ)യേയും അനുയായികളേയും അല്ലാഹു ലക്ഷപ്പെടുത്തിയത് മുഹര്‍റം പത്തിനാണ്.

ഇതുപോലെ നിരവധി അമ്പിയാക്കള്‍ക്ക് പ്രതിസന്ധികള്‍ പരിഹരിക്കപ്പെട്ട ദിവസം കൂടിയാണ് മുഹര്‍റം പത്ത്. ഇതില്‍ നന്ദി പ്രകടിപ്പിച്ചും പുതിയ വര്‍ഷത്തില്‍ കൂടുതല്‍ ക്ഷേമവും വിജയവും പീഡിതര്‍ക്ക് രക്ഷയുമെല്ലാം പ്രതീക്ഷിച്ചുകൊണ്ട് ധാരാളം നോമ്പെടുക്കാന്‍ നബി(സ) പ്രേരിപ്പിച്ചതായി കാണാം.

നബി(സ) പറഞ്ഞു: ‘റമസാന്‍ കഴിഞ്ഞാല്‍ നോമ്പിന് ഏറ്റവും മഹത്വമുള്ള മാസം അല്ലാഹുവിന്റെ മാസമായ മുഹര്‍റമാണ്’ (മുസ്്‌ലിം).

മുഹര്‍റം ഒമ്പതിനും പത്തിനും പ്രത്യേകമായ പുണ്യമുണ്ട്. ആഇശ ബീവി(റ)യില്‍നിന്നും നിവേദനം. നബി(സ) പറഞ്ഞു. ‘മുഹര്‍റം പത്തിന്റെ നോമ്പ് കഴിഞ്ഞ ഒരുവര്‍ഷത്തെ പാപം പൊറുത്തുതരുമെന്ന് അല്ലാഹുവില്‍നിന്നും ഞാന്‍ പ്രതീക്ഷിക്കുന്നു’. (മുസ്‌ലിം).

കഴിഞ്ഞു പോയ ദിനരാത്രങ്ങളെ കുറിച്ച് വിചിന്തനം നടത്തി പുതിയ വര്‍ഷത്തെ അല്ലാഹുവിന്റെ പ്രീതിക്കായി, സല്‍ക്കര്‍മ്മങ്ങള്‍ ചെയ്ത് ജീവിക്കാനുള്ള തീരുമാനങ്ങളെക്കാന്‍ ഈ സമയം നമുക്കാവട്ടെ. 

DOWNLOAD MUHARAM PDF

 മുഹറം ദിക്റ് 1

മുഹറം ദിക്റ് 2

Post a Comment

Previous Post Next Post