വനിതകള്‍ക്ക് ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി | Imbichi bava housing scheme


മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന്‍ തുടങ്ങിയന്യൂനപക്ഷ മതവിഭാഗത്തില്‍പെടുന്ന വിധവകള്‍, വിവാഹബന്ധം വേര്‍പ്പെട്ടവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് ഇമ്പിച്ചി ബാവ ഭവനനിര്‍മാണ പദ്ധതിയില്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നല്‍കുന്നു. ശരിയായ ജനലുകള്‍, വാതിലുകള്‍, മേല്‍ക്കൂര, ഫ്‌ളോറിംഗ്, ഫിനിഷിംഗ്, പ്ലംബിംഗ്, സാനിറ്റേഷന്‍, ഇലക്ട്രിഫിക്കേഷന്‍ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നല്‍കുന്നത്. ഒരു വീടിന്റെ അറ്റകുറ്റപണിക്ക് 50,000 രൂപയാണ് ധനസഹായം. ഇത് തിരിച്ചടക്കേണ്ടതില്ല.

 വീടിന്റെ പരമാവധി വിസ്തീര്‍ണ്ണം 1,200 ചതുരശ്ര അടി കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എല്‍ കുടുംബത്തിന്മുന്‍ഗണന. അപേക്ഷകയോ അവരുടെ മക്കളോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരാണെങ്കിലും അപേക്ഷകയ്ക്ക് പെണ്‍കുട്ടികള്‍ മാത്രമേ ഉള്ളൂവെങ്കിലും മുന്‍ഗണന നല്‍കും. സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുളള വിധവകള്‍, സര്‍ക്കാരില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ ഇതിനുമുമ്പ് 10 വര്‍ഷത്തിനുളളില്‍ ഭവന നിര്‍മ്മാണത്തിന് സഹായം ലഭിച്ചവര്‍ എന്നിവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വകുപ്പ് പ്രത്യേകം തയ്യാറാക്കിയ അപേക്ഷ ഫോം മുഖേനയാണ് അപേക്ഷിക്കേണ്ടത്. 

.2021-2022 സാമ്പത്തിക വര്‍ഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും ലഭിക്കുന്ന സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം കോഴിക്കോട് കലക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനില്‍ നേരിട്ടോ, ഡെപ്യൂട്ടി കലക്ടര്‍, ജില്ല ന്യൂനപക്ഷക്ഷേമ സെക്ഷന്‍, കലക്ടറേറ്റ്, കോഴിക്കോട് എന്ന വിലാസത്തില്‍ കലക്ടറേറ്റിലേക്ക് തപാല്‍ മുഖാന്തിരമോ സമര്‍പ്പിക്കാം. അപേക്ഷ ഫോം www.minoritywelfare.kerala.gov.in വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 30. ഫോണ്‍ : 0495 2370518.

Post a Comment

Previous Post Next Post