ശഅബാൻ രണ്ടാമത്തെ വെള്ളി


✍🏼വിഷമകരമായ കാര്യത്തെ പ്രയാസരഹിതമാക്കുന്നവനും കാര്യങ്ങളെ നിയന്ത്രിക്കുന്നവനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.

   മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും സന്തോഷം തുടർന്ന് കൊണ്ടിരിക്കുന്ന വിധം അല്ലാഹു ﷻ ഗുണം ചെയ്യട്ടെ.

   *_ജനങ്ങളെ..,_ 

   അല്ലാഹുﷻവിനെ ഭയപ്പെട്ടു ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.

   അശ്രദ്ധയിൽ നിന്നും ഹൃദയങ്ങളെ നിങ്ങൾ ഇളക്കിവിടുക. ശരീരങ്ങളെ അവയുടെ ചീത്തയായ ആഗ്രഹങ്ങളുടെ വഴിയിൽ നിന്നും നിങ്ങൾ ചൊവ്വാക്കുക. അവയുടെ മരണത്തെ ഓർത്ത് അവയിൽ നിന്നും അനുസരണക്കേട് കാണിക്കുന്നവരെ നിങ്ങൾ അനുസരണമുള്ളവയാക്കുക. അവയുടെ അടയാളങ്ങളാൽ അവ അറിയപ്പെടുന്ന ദിവസം അവയ്ക്ക് ഉണ്ടാകുന്ന അപമാനങ്ങളെ നിങ്ങൾ ഭാവിക്കുക. ആകാശാന്തരീക്ഷത്തിൽ നിന്നും ദ്രവിച്ച് എല്ലുകളെ ഉയിർത്തെഴുന്നേൽപിക്കുന്ന വിളിക്കാരനെ -ഇസ്റാഫീലിനെ- നിങ്ങൾ നിരീക്ഷിക്കുക. അതോടെ സമുദായങ്ങൾ ഒരുമിച്ചു കൂട്ടപ്പെടും, സംശയങ്ങൾ നീങ്ങും, ദുഃഖവും ഖേദവും നീണ്ടു പോകും.

   അദ്ദേഹം എന്തൊരു വിളിക്കാരനാണ്. ദ്രവിച്ച എല്ലുകളെ അദ്ദേഹം കേൾപ്പിച്ചിരിക്കുന്നു. നശിച്ച ശരീരങ്ങളെ ഒരുമിച്ചു കൂട്ടിയിരിക്കുന്നു. പക്ഷികളുടെ അവശിഷ്ടങ്ങളിൽ നിന്നും, വന്യമൃഗങ്ങളുടെ വയറുകളിൽ നിന്നും, അഗാധ ഗർത്തങ്ങളുടെ അടിത്തട്ടിൽ നിന്നും, മരുഭൂമിയിലെ ഉയർന്ന സ്ഥലങ്ങളിൽ നിന്നും. ഓരോ അവയവങ്ങളും അതിന്റെ സ്ഥലത്ത് സ്ഥാപിതമാകുന്നു. ഓരോഅവയവവും അതിന്റെ പതനസ്ഥലത്തുനിന്നും എഴുന്നേൽക്കുന്നു. അപ്പോൾ അന്ത്യദിനത്തിലെ നിശ്ചിത സമയത്തിന്നു വിചാരണ വേണ്ടിയാണ് ജനങ്ങളെ നിങ്ങൾ എഴുന്നേറ്റു നിന്നിട്ടുള്ളത്.

   പൊടിപുരണ്ട മുഖങ്ങളോടു കൂടെയും, നിങ്ങൾ കാണുന്ന ഭീകരതകളാൽ മഞ്ഞ നിറങ്ങളോട് കൂടെയും, നഗ്നരും, ചെരിപ്പ് ധരിക്കാത്തവരുമായും, നിങ്ങളെ ആദ്യമായി സൃഷ്ടിക്കപ്പെട്ട പോലെ നിങ്ങൾ എഴുന്നേൽപിക്കപ്പെടും.

   ക്ഷണിക്കുന്നവൻ നിങ്ങളെ കേൾപ്പിക്കുന്നു. കണ്ണ് നിങ്ങളെ തുളച്ചു കയറുന്നു, പൊടിപടലം നിങ്ങളെ മൂടിയിരിക്കുന്നു. വിയർപ്പ് നിങ്ങളെ കടിഞ്ഞാണിട്ടു പിടിച്ചിരിക്കുന്നു. നിങ്ങളെയും കൊണ്ട് ഭൂമി കുലുങ്ങിയിരിക്കുന്നു. അത് അതിന്മേൽ ഉള്ളവയോടൊപ്പം വിറപ്പിച്ചിരിക്കുന്നു. മലകൾ പൊടിക്കപ്പെട്ടിരിക്കുന്നു. അവ അന്ത്യദിനത്തിലെ കാറ്റുകളാൽ പറത്തപ്പെടും. കണ്ണുകൾ മേലോട്ട് തുറിച്ചു നോക്കുന്നു. ഒരു കണ്ണും ചുമ്മിത്തുറക്കുന്നതായി കാണപ്പെടുന്നില്ല. ആകാശത്തുള്ളവരാലും -മലക്കുകൾ- ഭൂമിയിൽ ഉള്ളവരാലും -മനുഷ്യരും മറ്റു ജീവികളാലും- മഹ്ശറ തിങ്ങിയിരിക്കുന്നു.

   സൃഷ്ടികൾ അവരുടെ വർത്തമാനങ്ങളുടെ യാഥാർത്ഥ്യത്തെ എത്തിനോക്കുന്നവരായിരിക്കെ, നിരകൾ ഒത്തവരായും നിൽക്കുന്നവരായും അവർ പ്രതീക്ഷിക്കുന്നു. മലക്കുകൾ അവയുടെ ഭാഗങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്നു.

   ഈ വേളയിൽ ശാഖകൾ ഉള്ള ഇരുൾ അവരെ വലയം ചെയ്യുന്നു. അന്ത്യദിനത്തിൽ തീയും പുകയും, തീനാളവും അവരെ മൂടിയിരിക്കുന്നു. ആ ഇരുളുകളിൽ നിന്നും ചക്രശ്വാസത്തെയും നെടുവീർപ്പിനേയും ഇരമ്പലിനേയും അവർ കേൾക്കും. ദേഷ്യത്തിന്റെയും കോപത്തിന്റെയും കാഠിന്യത്താൽ അത് വെളിവാക്കപ്പെടും. ആ സമയം അക്രമികൾ മുട്ടു കുത്തിയിരിക്കും, കുറ്റവാളികൾ നാശത്തെ ഉറപ്പിച്ചിരിക്കും. കുറ്റവിമുക്തരായവർ പോലും അനന്തരഫലം ചീത്തയാകുമോ എന്ന ഭയത്തിലായിരിക്കും. ഭയത്തിന്റെ കാഠിന്യത്താൽ അമ്പിയാക്കൾപോലും തല താഴ്ത്തും. 

   അല്ലാഹുﷻവിന്റെ അടിമയും അവന്റെ അടിമയുടെയും, അടിമ സ്ത്രീയുടെയും പുത്രൻ എവിടെ എന്ന് വിളിക്കപ്പെടും. സ്വന്തം ആത്മാവിനോട് അമിതമായി കുറ്റം ചെയ്തവൻ എവിടെ? അശ്രദ്ധയിലിരിക്കെ മരണത്താൽ തട്ടിയെടുക്കപ്പെട്ടവൻ എവിടെ? -എന്നിങ്ങനെ ചോദിക്കപ്പെടും- അപ്പോൾ തന്റെ അടയാളം കൊണ്ട് സൃഷ്ടികൾക്കിടയിൽ നിന്നും അവൻ അറിയപ്പെട്ടിരിക്കും. 

   തന്റെ നന്മതിന്മകൾ രേഖപ്പെടുത്തപ്പെട്ട ഗ്രന്ഥം പരിശോധിക്കാൻ വേണ്ടിയും, ഭൂമിയിൽ പിന്തിച്ചിട്ട് കാലത്ത് അവൻ ചെയ്തുവെച്ചതിനോട് യോജിക്കുവാൻ വേണ്ടിയും, തന്റെ വാദങ്ങൾക്ക് ലക്ഷ്യം വ്യക്തമാക്കാൻ തേടപ്പെട്ടവനായും, ദണ്ഡുകൾ പതിയുന്ന പോലെ മനസ്സിൽ പതിയുന്ന അഭിസംബോധനക്ക് വിധേയമായതിനാലും, വാളുകൾ പോലുള്ള ആക്ഷേപം അനുഭവിച്ചതിനാലും, ഗ്രന്ഥം തന്റെ മോശമായ പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ചതിനാലും, ശരിയായ വിചാരണക്ക് വിധേയമായതിനാലും, മറഞ്ഞുകിടക്കുന്നതിനെ അറിയുന്നവന്റെ -അല്ലാഹുﷻവിന്റെ- മുമ്പിൽ ഭയപ്പെട്ടു നിൽക്കുന്നവനായും. അവൻ മഹ്ശറയിൽ കൊണ്ട് വരപ്പെടും. 

   അല്ലാഹുﷻവാണ് സത്യം, അമിതം പ്രവർത്തിച്ചവൻ അവിടെ പരാജയപ്പെട്ടിരിക്കുന്നു. തന്റെ കൂട്ടുകാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സഹായിയേയോ, കാര്യം സാധിപ്പിച്ചു കൊടുക്കുന്നവനേയോ അവൻ എത്തിച്ചിട്ടില്ല. മറിച്ച് തനിക്ക് അനുകൂലമായോ പ്രതികൂലമായോ വിധി നടത്തുന്ന നീതിമാനായ വിധികർത്താവിനെയാണ് അവൻ എത്തിച്ചത്. 

   കുറ്റവാളികൾ നരകത്തെ കാണുകയും അവർ അതിൽ പതിക്കുന്നവരാണെന്ന് ധരിക്കുകയും ചെയ്തു. ആ നരകത്തിൽ നിന്നും മാറി നിൽക്കാൻ ഒരു സ്ഥലവും അവർ എത്തിക്കുകയില്ല.

   ശഅബാനിൽ ചീത്ത പ്രവർത്തനങ്ങളിൽ നിന്നും അകന്നു നിന്ന് സൽകർമ്മങ്ങൾ അധികരിപ്പിച്ച മനുഷ്യന്ന് അല്ലാഹു ﷻ അനുഗ്രഹം ചൊരിയട്ടെ...

   *ജീവനുള്ളവയെ സൃഷ്ടിച്ചവന്റെ വചനം:*

*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*

*فَإِذَا نُفِخَ فِي الصُّورِ نَفْخَةٌ وَاحِدَةٌ ﴿١٣﴾ وَحُمِلَتِ الْأَرْضُ وَالْجِبَالُ فَدُكَّتَا دَكَّةً وَاحِدَةً ﴿١٤﴾ فَيَوْمَئِذٍ وَقَعَتِ الْوَاقِعَةُ ﴿١٥﴾ وَانشَقَّتِ السَّمَاءُ فَهِيَ يَوْمَئِذٍ وَاهِيَةٌ ﴿١٦﴾ وَالْمَلَكُ عَلَىٰ أَرْجَائِهَا ۚ وَيَحْمِلُ عَرْشَ رَبِّكَ فَوْقَهُمْ يَوْمَئِذٍ ثَمَانِيَةٌ ﴿١٧﴾ يَوْمَئِذٍ تُعْرَضُونَ لَا تَخْفَىٰ مِنكُمْ خَافِيَةٌ ﴿١٨﴾*

*(അങ്ങനെ കാഹളത്തില്‍ ഒരു പ്രാവശ്യം ഊതപ്പെടുകയും ഭൂമിയും മലകളും പൊക്കിയെടുത്ത് കൂട്ടിയിടിച്ച് ധ്വംസിക്കപ്പെടുകയും ചെയ്താല്‍, അന്ന് ആ അന്ത്യനാള്‍ സംഭവിക്കും. ആകാശം അന്നത് -പൊട്ടിപ്പിളര്‍ന്ന്- ബലശൂന്യമാകും. മലക്കുകള്‍ അതിന്റെ വിവിധ ഭാഗങ്ങളിലായുണ്ടാകും. താങ്കളുടെ നാഥന്റെ സിംഹാസനം അന്ന് എട്ടു കൂട്ടർ -മലക്കുകള്‍- തങ്ങള്‍ക്കു മീതെ വഹിക്കുന്നതാണ്. അന്നു നിങ്ങള്‍ ഹാജറാക്കപ്പെടും; ഒരു രഹസ്യ കാര്യവും അന്നു നിങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകില്ല.*

  *(അൽഹാഖ്ഖ 13-18)*


*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*

*يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾*

*സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്‍മങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു.*

*📍രണ്ടാമത്തെ ഖുതുബ*

     ഉദാരനും ആരാധ്യനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും. 

   കരുണാനിധിയും സ്തുതിക്കപ്പെടുന്നവനുമായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. പ്രസവിക്കപ്പെട്ടവരിൽ ഏറ്റവും പവിത്രതയുള്ള മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ ദൂതനും അടിമയുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. 

   സുജൂദിൽ കിടന്ന് മലക്ക് തസ്ബീഹ് ചൊല്ലുന്ന കാലത്തോളം അല്ലാഹു ﷻ മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും ഗുണം ചെയ്യട്ടെ.

   *_ജനങ്ങളെ..,_*

   നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക. അവൻ നിർബന്ധമാക്കിയ കാര്യങ്ങൾ നിർവഹിക്കുന്നതിലേക്ക് ധൃതിപ്പെടുക. നിശ്ചയം അല്ലാഹു ﷻ തന്റെ സ്വന്തം സത്ത കൊണ്ട് ആരംഭിച്ച്, അവന്റെ പരിശുദ്ധിയെ വാഴ്ത്തി തസ്ബീഹ് ചൊല്ലുന്ന അവന്റെ മലക്കുകളെ രണ്ടാമതായി പറഞ്ഞ് തന്റെ സൃഷ്ടികളിൽ നിന്നും വിശ്വാസികളെ ' ഓ ' എന്ന് അഭിസംബോധന ചെയ്ത് വിളിച്ച് അവൻ ഒരു കാര്യം പ്രവർത്തിക്കാൻ നിങ്ങളോട് കൽപിച്ചിട്ടുണ്ട് എന്ന വസ്തുത നിങ്ങൾ അറിയുക. 

   അല്ലാഹു ﷻ പറഞ്ഞു : നിശ്ചയം അല്ലാഹുﷻവും അവന്റെ മലക്കുകളും അവന്റെ പ്രവാചകന്റെ (ﷺ) മേൽ സ്വലാത്ത് ചൊല്ലുന്നു അതിനാൽ "ഓ" സത്യവിശ്വാസികളെ, നിങ്ങൾ അദ്ദേഹത്തിന്റെ മേൽ സ്വലാത്തും സ്വലാമും ചൊല്ലുക.

   അല്ലാഹുﷻവേ, നീ നിന്റെ പ്രവാചകനും ഞങ്ങളുടെ നേതാവുമായ മുഹമ്മദ് നബിﷺയുടെ മേൽ ഗുണവും രക്ഷയും ചൊരിയേണമേ, ആ  പ്രവാചകന്റെ കയ്യിൽ വെച്ച് ചരൽക്കല്ല് തസ്ബീഹ് ചൊല്ലിയിരിക്കുന്നു. അവിടത്തെ വിരലുകൾക്കിടയിൽ നിന്നും ജലം ഉറവെടുത്തിരിക്കുന്നു. 

   സന്മാർഗ്ഗം സിദ്ധിച്ച് അവിടത്തെ പിൻഗാമികളിൽ ആദ്യത്തവരും മാർഗ്ഗദർശനം നൽകുന്ന നേതാക്കളിൽ ഉത്തമരും ആയവരേ തൊട്ട് നീ തൃപ്തിപ്പെടേണമേ. അദ്ദേഹം അനുകമ്പയുള്ള ഇമാമും

വിശ്വാസികളുടെ നായകനുമായ അബൂബക്കർ സിദ്ദീഖ് (റ) ആകുന്നു.

   അല്ലാഹുﷻവെ, സഹപാഠികളിൽ ബഹുമാനമർഹിക്കുന്ന ഇമാമിനെ തൊട്ടും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നായകനായ ഉമർബ്നുൽ ഖത്ത്വാബ്(റ)വിനെ.

പെൺമക്കളുടെ ഭർത്താവിനെയും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നേതാവായ ഉസ്മാനുബ്നു അഫ്ഫാൻ (റ)എന്നവരെ.

   അല്ലാഹുﷻവെ, അൽഭുതങ്ങൾ വെളിവാക്കിയവരെ നീ തൃപ്തിപ്പെടേണമേ. അതായത് വിശ്വാസികളുടെ നേതാവായ അലിയ്യുബ്നു അബീത്വാലിബ്(റ)വിനെ. നബിﷺയുടെ രണ്ട് പിതൃസഹോദരന്മാരായ ഹംസ(റ), അബ്ബാസ്(റ) എന്നിവരെ നീ തൃപ്തിപ്പെടേണമേ, നിന്റെ പ്രവാചകന്റെ അവശേഷിക്കുന്ന സ്വഹാബാക്കളെ തൊട്ടും നീ തൃപ്തിപ്പെടേണമേ. 

   അല്ലാഹുﷻവെ, വിശ്വാസികൾക്കും വിശ്വാസിനികൾക്കും മുസ്ലിംകൾക്കും മുസ്ലിമത്തുകൾക്കും നീ പൊറുത്ത് കൊടുക്കേണമേ. അവരിൽ നിന്നും ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും, നിശ്ചയം നീ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നവനാണ്. ആവശ്യങ്ങൾ വീട്ടുന്നവനെ അവരുടെ മണ്ണിനെ നീ നന്നാക്കേണമേ, അവരുടെ അഭയ കേന്ദ്രം സ്വർഗ്ഗവും ആക്കേണമേ..

   അല്ലാഹുﷻവെ, ഞങ്ങൾക്ക് ദുനിയാവിൽ നല്ലതിനെയും ആഖിറത്തിൽ നല്ലതിനേയും നീ നൽകേണമേ, നരകശിക്ഷയിൽ നിന്നും ഞങ്ങളെ കാക്കേണമേ. അല്ലാഹുﷻവെ, നരകത്തിൽ നിന്നും ഞങ്ങളെ നീ രക്ഷിക്കേണമേ. (ഇത് മൂന്നു പ്രാവശ്യം പറയണം)  അല്ലാഹുﷻവെ, തീ കൊണ്ട് ഞങ്ങളെ നീ ചൂടാക്കരുതേ, നരകത്തിന്റെ വിറകിൽ നീ ഞങ്ങളെ ഉൾപ്പെടുത്തരുതേ. നിശ്ചയം നരകം മോശമായ ഭവനമാണ്. സ്ഥിരതാമസം മോശമായതും. വാസസ്ഥലം ചീത്തയായതുമാണ്.

   ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങൾക്കും, വിശ്വാസത്തിൽ ഞങ്ങളുടെ മുൻകഴിഞ്ഞ് പോയ ഞങ്ങളുടെ സഹോദരങ്ങൾക്കും പൊറുത്ത് തരേണമേ.. വിശ്വസിച്ചവരോട് ഞങ്ങളുടെ ഹൃദയങ്ങളിൽ നീ പകയെ കുടിയിരുത്തരുതെ. ഞങ്ങളുടെ രക്ഷിതാവേ, നീ കൂടുതൽ കരുണ ചെയ്യുന്നവനും, അനുകമ്പ കാണിക്കുന്നവനുമാണ്.

   നിശ്ചയം അല്ലാഹു ﷻ നീതി കൊണ്ടും നന്മ കൊണ്ടും, അടുത്തവർക്ക് ദാനം നൽകൽ കൊണ്ടും കൽപിക്കുന്നു. ചീത്തയേയും, വെറുക്കപ്പെട്ടതിനെയും, അക്രമത്തേയും അവൻ തടയുന്നു. നിങ്ങൾ ചിന്തിക്കുന്നവരാകാൻ വേണ്ടി അവൻ നിങ്ങളെ ഉപദേശിക്കുന്നു.

   അല്ലാഹുﷻവിനെ സ്മരിക്കലാണ് ഏറ്റവും വലിയതായിട്ടുള്ളത്. നിങ്ങൾ പ്രവർത്തിക്കുന്നതിനെ അവൻ അറിയുന്നു.

Post a Comment