റജബ് മാസത്തിലെ നാലാമത്തെ വെള്ളിയാഴ്ച്ച

   കണ്ണുകളെ തൊട്ട് മറഞ്ഞിരിക്കുന്ന അല്ലാഹുﷻവിന്നാണ് സർവ്വ സ്തുതിയും.

   മുഹമ്മദ് നബിﷺയിലും കുടുംബത്തിലും അല്ലാഹു ﷻ ഗുണം വർഷിക്കട്ടെ. 

   *_ജനങ്ങളെ..,_*

   അല്ലാഹുﷻവിനെ ഭയപ്പെട്ട് ഭക്തിയോടെ ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.

 നിശ്ചയം റജബ് മാസത്തിന്റെ കഴിയലും ശഅ്ബാൻ മാസത്തിന്റെ മുന്നിടലും, മാസങ്ങളുടെ കഴിഞ്ഞു പോക്കും കാലങ്ങളുടെ ആവർത്തനവും മുന്നറിയിപ്പിന്റെ നാവുകളിലൂടെയും പരിഗണനയുടെ കണ്ണുകളിലൂടെയും നിങ്ങളെ വിളിക്കുന്നു.

   അറിയുക, ദുനിയാവിനെ നിങ്ങൾ സൂക്ഷിക്കുക. അത് നാശത്തിന്റെയും, മുറിയലിന്റെയും കഴിഞ്ഞു പോക്കിന്റെയും ഭവനമാണ്. വേർപാടിനെ ഭയന്നും പരലോകത്തെ പേടിച്ചും സൂക്ഷിച്ചും അതിൽ നിങ്ങൾ ജീവിക്കുക.

   മരണം ഒരുത്തന്റെ മൂക്കുകയർ വലിക്കുന്നത് എത്ര എളുപ്പത്തിലാണ്. ദേഹേച്ഛയെ നേതാവാക്കുന്നവന്റെ നന്മ -അവനിൽ നിന്നും- എത്ര അകന്നിരിക്കുന്നു. ദുനിയാവ് മുലയൂട്ടുന്നവന്റെ മുലകുടി മുറിക്കൽ എത്ര വേഗത്തിൽ ഭയഭക്തി സഹായിക്കുന്ന ഒരുവന്റെ ഭാഗത്തെ -കുറ്റങ്ങളിൽ നിന്നും- തടഞ്ഞു നിർത്തുന്നത് ഏതു വിധമാണ്.

   അല്ലാഹുﷻവിന്റെ അടിമകളെ.., നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക. നിങ്ങളെ അവൻ കാണുന്നുണ്ടെന്ന ബോധത്തോടെ അവനെ നിരീക്ഷിക്കുകയും ചെയ്യുക. മരണങ്ങളുടെ ആക്രമണങ്ങളെ നേരിടാൻ നിങ്ങൾ ഒരുങ്ങിയിരിക്കുക. നിശ്ചയം അവ അടക്കങ്ങളിലും അനക്കങ്ങളിലും ഒളിഞ്ഞിരിക്കുന്നവയാണ്.

   മനുഷ്യൻ യുവത്വം കൊണ്ട് സന്തോഷിക്കുകയും, തന്നെ കുറിച്ചുള്ള ആശ്ചര്യത്തിൽ മുഴുകുകയും, സമ്പത്ത് കൊണ്ട് വഞ്ചിക്കപ്പെടുകയും, താൻ സൃഷ്ടിക്കപ്പെട്ടത് എന്തിനോ -ആരാധന ചെയ്യാൻ- അതിനെ തൊട്ട് കൊതിപ്പിക്കപ്പെടുന്നതിനാൽ ഭൗതിക സുഖത്താൽ മറക്കപ്പെടുകയും ചെയ്യുന്നതിനിടയിൽ -അതാ- രോഗങ്ങൾ അവനിൽ ശക്തി പ്രാപിക്കുന്നു. ദിവസങ്ങളുടെ പാനീയം -ജീവിക്കുവാൻ ലഭിക്കുന്ന ഓരോ നിമിഷങ്ങളും- അവനിൽ കലർപ്പുള്ളതാക്കപ്പെടുന്നു. മരണം അതിന്റെ വേട്ടപ്പക്ഷിയെ അവനിൽ വലയം ചെയ്യിക്കുന്നു. അതിന്റെ നഖങ്ങളെയും തേറ്റയേയും അവനിൽ ബന്ധിച്ചിരിക്കുന്നു. അതോടെ അതിന്റെ വേദന അവനിൽ സഞ്ചരിച്ചു. അവന്റെ പ്രകൃതി വ്യത്യാസപ്പെട്ടു. അവന്റെ യാത്രയും വിടവാങ്ങലും അടുത്തെത്തി. അവന്റെ പ്രതിരോധവും എതിർപ്പും കുറഞ്ഞു വന്നു. അവന്റെ കണ്ണുകൾ വെപ്രാളപ്പെടുന്നവയായി. ഹൃദയം ചലിക്കുന്നതായി. ശ്വാസം താഴ്ന്നതായി. നാശത്തിന്റെ കറങ്ങുന്ന അച്ചുതണ്ടിൽ കറങ്ങുന്നവനായി.

   നാടിനേയും കുടുംബത്തേയും വിട്ടു പിരിയുകയാണെന്ന് അവൻ ഉറപ്പിച്ചിരിക്കുന്നു. ശരീരത്തിൽ നിന്നും ആത്മാവിനെ ഊരിയെടുക്കുന്നതിന്ന് അവൻ കീഴടങ്ങിയിരിക്കുന്നു. അതോടെ അടുത്തുള്ളവനോട് അവൻ ആംഗ്യം കാണിക്കുന്നു. തന്റെ ചെറിയ മക്കളുടെ വിഷയത്തിൽ അവരോട് വസ്വിയ്യത്ത് ചെയ്യുന്നു. ഈ ഘട്ടത്തിൽ ആത്മാവ് വലിക്കപ്പെടുന്നതാണ്. മരണം അടുത്തെത്തിയതാണ്. അവന്റെ പതനത്തിന്റെ ഭീകരതയാൽ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നവയാണ്. സ്നേഹിതന്മാർ പുകഴ്ത്തിപ്പറയുകയും വിലപിച്ച കരയുകയും ചെയ്യുന്നു.

   അതോടെ അസ്റാഈൽ (അ) അവന്റെ അടുത്ത് മറനീക്കി പ്രത്യക്ഷപ്പെട്ടു. തന്നിൽ അർപ്പിക്കപ്പെട്ട കാര്യം നിർവഹിച്ചു. ആത്മാവിനെ പിടിച്ചു. അപ്പോൾ അടുത്തിരിക്കുന്നവർ അവനെ വെറുത്തു. കൂട്ടുകാരൻ അവനാൽ ബുദ്ധിമുട്ടി. തന്റെ സമ്പത്തിൽ നിന്നും ഭക്ഷണമായി കഫൻ പുടവകൾ അവന്ന് നൽകപ്പെട്ടു. തന്റെ ഖബറിൽ തന്റെ കർമ്മഫലം അവൻ എത്തിച്ചു. അയൽവാസികൾ കൂടുതൽ ഉണ്ടെങ്കിലും അവൻ ഏകനാണ്. സ്ഥലം അടുത്തതാണെങ്കിലും അവൻ അകന്നവനാണ്. ജീവിച്ചു മരിച്ചു പോയ ജനങ്ങൾക്കിടയിൽ താമസിക്കുന്നവനാണ്.

   വിപത്തുകൾ അവരിൽ സഞ്ചരിച്ചു. അവർ മരിച്ചു. അവർ ചെന്നെത്തിയ സ്ഥലത്തെക്കുറിച്ച് അവർ സംസാരിക്കുന്നില്ല. സംസാരിക്കുവാൻ അവർക്ക് കഴിഞ്ഞിരുന്നുവെങ്കിൽ അവർ സംസാരിച്ചിരുന്നു. മരണത്തിൽ നിന്നും കയ്പുള്ള കോപ്പയാണ് അവർ കുടിച്ചത്. അവരുടെ പ്രവർത്തനങ്ങളിൽ നിന്നും അണുത്തൂക്കം പോലും അവർക്ക് നഷ്ടമായിട്ടില്ല. കാലം അവരിൽ സത്യസന്ധമായ ഒരു സത്യം ചെയ്തു. അഥവാ ദുനിയാവിലേക്ക് വീണ്ടും ഒരു മടക്കം അവർക്ക് നൽകില്ലെന്ന്.

   ഒരിക്കലും കണ്ണുകൾക്ക് കുളിർമയായി അവർ നിലനിന്നിട്ടില്ലാത്ത പോലെ, ജീവിച്ചിരിക്കുന്നവരിൽ അവർ എണ്ണപ്പെടാത്ത പോലെ, അവരെ സംസാരിപ്പിച്ച അല്ലാഹു ﷻ അവരെ നിശബ്ദരാക്കി. അവരെ സൃഷ്ടിച്ച അല്ലാഹു ﷻ അവരെ നശിപ്പിച്ചു. അവരെ അല്ലാഹു ﷻ വീണ്ടും സൃഷ്ടിക്കും. അവരെ ഭിന്നിപ്പിച്ച പോലെ അവരെ ഒരുമിച്ചു കൂട്ടും.

   ദ്രവിപ്പിച്ച ലോകരെ ഒരു പുതിയ സൃഷ്ടിയായി പുനർ ജനിപ്പിക്കുന്ന ദിവസം അക്രമികളെ അല്ലാഹു ﷻ നരകത്തിന്റെ വിറകാക്കും. നിങ്ങൾ ജനങ്ങളുടെ മേൽ സാക്ഷിയാവുകയും, നിങ്ങളുടെ മേൽ പ്രവാചകൻ (ﷺ) സാക്ഷിയാവുകയും ചെയ്യുന്ന ദിവസം, എല്ലാ ആത്മാവും നന്മയിൽ നിന്നും അത് പ്രവർത്തിച്ചതിനെയും തിന്മയിൽ നിന്നും അതു പ്രവർത്തിച്ചതിനെയും എത്തിക്കുന്ന ദിവസം, ചീത്തയുടെയും അവരുടെയും ഇടയിൽ ബഹുദൂരം ഉണ്ടായിരുന്നെങ്കിൽ എന്ന് അവർ കൊതിക്കും

   നാശത്തിന്റെ ഭവനത്തെ തൊട്ട് അല്ലാഹു ﷻ നമ്മെ അകറ്റി നിർത്തുമാറാവട്ടെ..,

   *ഒരു വസ്തുവിനോട് ഉണ്ടാവൂ എന്ന് പറയുമ്പോഴേക്ക് ആ വസ്തു ഉണ്ടാവുന്ന ഒരുവന്റെ വചനം:*

*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*

*يَوْمَ تَأْتِى كُلُّ نَفْسٍۢ تُجَٰدِلُ عَن نَّفْسِهَا وَتُوَفَّىٰ كُلُّ نَفْسٍۢ مَّا عَمِلَتْ وَهُمْ لَا يُظْلَمُونَ*

*(ഓരോ വ്യക്തിയും സ്വന്തത്തിനുവേണ്ടി വാഗ്വാദം നടത്തുന്ന ഒരു നാള്‍ സ്മരണീയമത്രേ. ഓരോരുത്തര്‍ക്കും സ്വന്തം കര്‍മഫലങ്ങള്‍ പൂര്‍ത്തീകരിച്ചു നല്‍കപ്പെടും. ഒരുവിധ അനീതിയും അവരോടനുവര്‍ത്തിക്കപ്പെടുകയില്ല)*

  *(അന്നഹ്ൽ - 111)*

*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*

*يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾*

*സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്‍മ്മങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു.*

*📍രണ്ടാമത്തെ ഖുതുബ*

     ഉദാരനും ആരാധ്യനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും. 

   കരുണാനിധിയും സ്തുതിക്കപ്പെടുന്നവനുമായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. പ്രസവിക്കപ്പെട്ടവരിൽ ഏറ്റവും പവിത്രതയുള്ള മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ ദൂതനും അടിമയുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. 

   സുജൂദിൽ കിടന്ന് മലക്ക് തസ്ബീഹ് ചൊല്ലുന്ന കാലത്തോളം അല്ലാഹു ﷻ മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും ഗുണം ചെയ്യട്ടെ.

   *_ജനങ്ങളെ..,_*

   നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക. അവൻ നിർബന്ധമാക്കിയ കാര്യങ്ങൾ നിർവഹിക്കുന്നതിലേക്ക് ധൃതിപ്പെടുക. നിശ്ചയം അല്ലാഹു ﷻ തന്റെ സ്വന്തം സത്ത കൊണ്ട് ആരംഭിച്ച്, അവന്റെ പരിശുദ്ധിയെ വാഴ്ത്തി തസ്ബീഹ് ചൊല്ലുന്ന അവന്റെ മലക്കുകളെ രണ്ടാമതായി പറഞ്ഞ് തന്റെ സൃഷ്ടികളിൽ നിന്നും വിശ്വാസികളെ ' ഓ ' എന്ന് അഭിസംബോധന ചെയ്ത് വിളിച്ച് അവൻ ഒരു കാര്യം പ്രവർത്തിക്കാൻ നിങ്ങളോട് കൽപിച്ചിട്ടുണ്ട് എന്ന വസ്തുത നിങ്ങൾ അറിയുക. 

   അല്ലാഹു ﷻ പറഞ്ഞു : നിശ്ചയം അല്ലാഹുﷻവും അവന്റെ മലക്കുകളും അവന്റെ പ്രവാചകന്റെ (ﷺ) മേൽ സ്വലാത്ത് ചൊല്ലുന്നു അതിനാൽ "ഓ" സത്യവിശ്വാസികളെ, നിങ്ങൾ അദ്ദേഹത്തിന്റെ മേൽ സ്വലാത്തും സ്വലാമും ചൊല്ലുക.

   അല്ലാഹുﷻവേ, നീ നിന്റെ പ്രവാചകനും ഞങ്ങളുടെ നേതാവുമായ മുഹമ്മദ് നബിﷺയുടെ മേൽ ഗുണവും രക്ഷയും ചൊരിയേണമേ, ആ  പ്രവാചകന്റെ കയ്യിൽ വെച്ച് ചരൽക്കല്ല് തസ്ബീഹ് ചൊല്ലിയിരിക്കുന്നു. അവിടത്തെ വിരലുകൾക്കിടയിൽ നിന്നും ജലം ഉറവെടുത്തിരിക്കുന്നു. 

   സന്മാർഗ്ഗം സിദ്ധിച്ച് അവിടത്തെ പിൻഗാമികളിൽ ആദ്യത്തവരും മാർഗ്ഗദർശനം നൽകുന്ന നേതാക്കളിൽ ഉത്തമരും ആയവരേ തൊട്ട് നീ തൃപ്തിപ്പെടേണമേ. അദ്ദേഹം അനുകമ്പയുള്ള ഇമാമും

വിശ്വാസികളുടെ നായകനുമായ അബൂബക്കർ സിദ്ദീഖ് (റ) ആകുന്നു.

   അല്ലാഹുﷻവെ, സഹപാഠികളിൽ ബഹുമാനമർഹിക്കുന്ന ഇമാമിനെ തൊട്ടും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നായകനായ ഉമർബ്നുൽ ഖത്ത്വാബ്(റ)വിനെ.

പെൺമക്കളുടെ ഭർത്താവിനെയും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നേതാവായ ഉസ്മാനുബ്നു അഫ്ഫാൻ (റ)എന്നവരെ.

   അല്ലാഹുﷻവെ, അൽഭുതങ്ങൾ വെളിവാക്കിയവരെ നീ തൃപ്തിപ്പെടേണമേ. അതായത് വിശ്വാസികളുടെ നേതാവായ അലിയ്യുബ്നു അബീത്വാലിബ്(റ)വിനെ. നബിﷺയുടെ രണ്ട് പിതൃസഹോദരന്മാരായ ഹംസ(റ), അബ്ബാസ്(റ) എന്നിവരെ നീ തൃപ്തിപ്പെടേണമേ, നിന്റെ പ്രവാചകന്റെ അവശേഷിക്കുന്ന സ്വഹാബാക്കളെ തൊട്ടും നീ തൃപ്തിപ്പെടേണമേ. 

   അല്ലാഹുﷻവെ, വിശ്വാസികൾക്കും വിശ്വാസിനികൾക്കും മുസ്ലിംകൾക്കും മുസ്ലിമത്തുകൾക്കും നീ പൊറുത്ത് കൊടുക്കേണമേ. അവരിൽ നിന്നും ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും, നിശ്ചയം നീ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നവനാണ്. ആവശ്യങ്ങൾ വീട്ടുന്നവനെ അവരുടെ മണ്ണിനെ നീ നന്നാക്കേണമേ, അവരുടെ അഭയ കേന്ദ്രം സ്വർഗ്ഗവും ആക്കേണമേ..

   അല്ലാഹുﷻവെ, ഞങ്ങൾക്ക് ദുനിയാവിൽ നല്ലതിനെയും ആഖിറത്തിൽ നല്ലതിനേയും നീ നൽകേണമേ, നരകശിക്ഷയിൽ നിന്നും ഞങ്ങളെ കാക്കേണമേ. അല്ലാഹുﷻവെ, നരകത്തിൽ നിന്നും ഞങ്ങളെ നീ രക്ഷിക്കേണമേ. (ഇത് മൂന്നു പ്രാവശ്യം പറയണം)  അല്ലാഹുﷻവെ, തീ കൊണ്ട് ഞങ്ങളെ നീ ചൂടാക്കരുതേ, നരകത്തിന്റെ വിറകിൽ നീ ഞങ്ങളെ ഉൾപ്പെടുത്തരുതേ. നിശ്ചയം നരകം മോശമായ ഭവനമാണ്. സ്ഥിരതാമസം മോശമായതും. വാസസ്ഥലം ചീത്തയായതുമാണ്.

   ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങൾക്കും, വിശ്വാസത്തിൽ ഞങ്ങളുടെ മുൻകഴിഞ്ഞ് പോയ ഞങ്ങളുടെ സഹോദരങ്ങൾക്കും പൊറുത്ത് തരേണമേ.. വിശ്വസിച്ചവരോട് ഞങ്ങളുടെ ഹൃദയങ്ങളിൽ നീ പകയെ കുടിയിരുത്തരുതെ. ഞങ്ങളുടെ രക്ഷിതാവേ, നീ കൂടുതൽ കരുണ ചെയ്യുന്നവനും, അനുകമ്പ കാണിക്കുന്നവനുമാണ്.

   നിശ്ചയം അല്ലാഹു ﷻ നീതി കൊണ്ടും നന്മ കൊണ്ടും, അടുത്തവർക്ക് ദാനം നൽകൽ കൊണ്ടും കൽപിക്കുന്നു. ചീത്തയേയും, വെറുക്കപ്പെട്ടതിനെയും, അക്രമത്തേയും അവൻ തടയുന്നു. നിങ്ങൾ ചിന്തിക്കുന്നവരാകാൻ വേണ്ടി അവൻ നിങ്ങളെ ഉപദേശിക്കുന്നു.

   അല്ലാഹുﷻവിനെ സ്മരിക്കലാണ് ഏറ്റവും വലിയതായിട്ടുള്ളത്. നിങ്ങൾ പ്രവർത്തിക്കുന്നതിനെ അവൻ അറിയുന്നു.

Post a Comment