ശഅബാൻ മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച്ച

       ✍🏼സൃഷ്ടികളെ സൃഷ്ടിച്ച ഇഴജന്തുക്കൾക്ക് ഭക്ഷണം നൽകുന്ന അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും. 

 മുഹമ്മദ് നബിﷺയിലും മാന്യരും ഭക്തരുമായ അവിടത്തെ കുടുംബത്തിലും അല്ലാഹു ﷻ ഗുണം ചെയ്യട്ടെ. 

   _ജനങ്ങളെ..,_

   അല്ലാഹുﷻവിനെ സൂക്ഷിച്ച് ഭക്തിയോടു കൂടി ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.

   തഖ്‌വ -ദുനിയാവിനെ- പിടിച്ചെടുത്ത മുതലെന്ന വിധം കൈകാര്യം ചെയ്യാൻ സഹായം നൽകുന്നതാണ്. ദുഃഖത്തെ ഇല്ലായ്മ ചെയ്യുന്നതാണ്. ചെരിപ്പടിക്കാലുകളും മൂർദ്ധാവുകളും പിടിച്ചു ശിക്ഷിക്കുന്ന ദിവസം രക്ഷ നൽകുന്നതാണ്. അത് അതിന്റെ ഉടമസ്ഥനെ രക്ഷാഭവനത്തിൽ എത്തിക്കുന്നതാണ്.

   ഭൗതിക ലോകത്തിൽ നിന്നും നിങ്ങളെ നാം വിരക്തരാക്കുന്നു. കാരണം, അത് നശിച്ചു പോകുന്നതാണ്. പരലോക വിഷയത്തിൽ നിങ്ങളെ നാം ആഗ്രഹമുള്ളവരാക്കുന്നു. കാരണം, അത് എന്നെന്നും നിലനിൽക്കുന്നതാണ്. പുനർജന്മത്തിലേക്കു വേണ്ട ഭക്ഷണം തയ്യാറാക്കാൻ നിങ്ങളെ നാം പ്രേരിപ്പിക്കുന്നു. "നിശ്ചയം" അത് ലക്ഷ്യം പ്രാപിക്കൽ ക്ലേശകരമായ ഒരു ഭീകര ദിവസമാണ്.

   അറിയുക. പേനകൾ വറ്റിപ്പോകുന്നതിന്നു മുമ്പ്, കാലുകൾ ഇടറുന്നതിന്നു മുമ്പ്, സ്വപ്നങ്ങൾ വാടുന്നതിനു മുമ്പ് നിങ്ങൾ പരിശ്രമിക്കുക. നിങ്ങൾ മരണത്തെ ഭയക്കുന്നവരാകുക. കാരണം, അത് പ്രാവിന്ന് കണ്ഠാഭരണം -കഴുത്തിലെ വളയം- നിർബന്ധമായ പോലെ നിർബന്ധമായതാണ്. ദിവസങ്ങൾ നിങ്ങളെ വിഷമിപ്പിക്കുന്നതിന്നു മുമ്പ്, രോഗത്തിന്റെ വിപത്തുകൾക്കും വേദനകളുടെ പല്ലുകൾക്കും നിങ്ങൾ നാട്ടക്കുറിയാക്കുന്നതിനു മുമ്പ്, ആത്മാക്കൾക്ക് വേണ്ടി നിങ്ങൾ -നന്മകൾ- ശേഖരിക്കുക. 

   മുസ്ലിം സമൂഹമേ.., അല്ലാഹു ﷻ നിങ്ങൾക്ക് അനുഗ്രഹം ചൊരിയട്ടെ.., കുറ്റങ്ങളുടെ അഴുക്കുകളിൽ നിന്നും നിങ്ങളുടെ ദിവസങ്ങളെ ശുദ്ധീകരിക്കുന്നതായിട്ടും പാപങ്ങളുടെ ചേറിൽ നിന്നും നിങ്ങളുടെ ശരീരങ്ങളെ വെളുപ്പിക്കുന്നതായിട്ടും റമളാൻ മാസം അതിന്റെ പരിപൂർണ്ണ നന്മകളോട് കൂടെ നിങ്ങളോട് അടുത്തിരിക്കുന്നു . വ്യാപകമായ അതിന്റെ ശ്രേഷ്ടതയോടെ നിങ്ങളുടെ നേരെ അത് മുന്നിട്ടിരിക്കുന്നു.

   നിശ്ചയം അത് -റമളാൻ- വർഷങ്ങളിലെ മാസങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ടമായവയിൽ പെട്ടതാണ്. അത് സംരക്ഷണത്തിന്റെയും നോമ്പിന്റെയും മാസമാണ്. തഹജ്ജുദിന്റെ -രാത്രിയിലെ സുന്നത്ത്- നിസ്കാരത്തിന്റെയും തറാവീഹിന്റെയും മാസമാണ്. ഗുണത്തിന്റെയും അനുഗ്രഹം വർഷിക്കലിന്റെയും മാസമാണ്. ദാനത്തിന്റെയും ഭക്ഷണം നൽകലിന്റെയും മാസമാണ്. അതിന്റെ ശ്രേഷ്ടതകൾ പൂർണ്ണമായും മനസ്സിലാക്കാൻ കഴിയുന്നതിലും അപ്പുറമാണ്. ആദരവിന്റെയും ബഹുമാനത്തിന്റെയും വീക്ഷണത്തോടെ അതിനെ നിങ്ങൾ സ്വീകരിക്കുക. മഹത്വപ്പെടുത്തലിന്റെയും വലുതായിക്കാണലോടെയും നിങ്ങൾ അതിനെ കണ്ടുമുട്ടുക.

   പവിത്രതയും, മാന്യതയും, നിലനിൽക്കുന്നതായിട്ടാണ് അത് മുന്നിട്ട് വരുന്നത്. ഇറക്കവും സഞ്ചാരമാർഗ്ഗവും ആദരവർഹിക്കുന്നതായിട്ടാണ് അത് അടുത്ത് കൊണ്ടിരിക്കുന്നത്. സുഖം, വിശ്വാസം, ബറക്കത്ത്, നന്മ, രക്ഷ, ഇസ്ലാം എന്നിവയോടു കൂടെ റമളാനിനെ നമ്മിലേക്ക് എത്തിക്കാൻ നിങ്ങൾ മഹാനായ അല്ലാഹുﷻവിനോട് പ്രാർത്ഥിക്കുക. അവൻ ഇഷ്ടപ്പെടുന്ന സംസാരം, പ്രവർത്തി എന്നിവക്കും റമളാനിന്റെ അവകാശവും പവിത്രതയും പരിപൂർണ്ണമായി വീട്ടാനും, അതിലെ സുന്നത്തുകളും ഫർളുകളും നിത്യമായി നിർവഹിക്കുവാനും ഭാഗ്യം നൽകാൻ നിങ്ങൾ അല്ലാഹുﷻവിനോട് പ്രാർത്ഥിക്കുക.

   തെറ്റുകളുമായി ബന്ധപ്പെടുന്നതിൽ നിന്നും അവയവങ്ങളെ തടയുവാനും, കുറ്റങ്ങളുമായി ചേരുന്നതിൽ നിന്നും നമ്മുടെ ഭാഗങ്ങളെ അകറ്റിനിർത്താനും രക്ഷാഭവനത്തിൽ -സ്വർഗ്ഗത്തിൽ- നമ്മെ പ്രവേശിപ്പിക്കുവാനും നിങ്ങൾ അല്ലാഹുﷻവിനോട് ആവശ്യപ്പെടുക. ആക്ഷേപവും നാശവും നിറഞ്ഞ ഭവനത്തിൽ -നരകത്തിൽ- നിന്നും നമ്മെ കാത്തു സൂക്ഷിക്കുവാൻ നിങ്ങൾ അല്ലാഹുﷻവിനോട് തേടുക.

   നമസ്ക്കരിക്കുന്നവരിലും നോമ്പനുഷ്ഠിക്കുന്നവരിലും അല്ലാഹു ﷻ നമ്മെ ഉൾപ്പെടുത്തട്ടെ..,

  *സർവജ്ഞനും രാജാവുമായ അല്ലാഹുﷻവിന്റെ വചനം:*

*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*

*يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَلْتَنظُرْ نَفْسٌۭ مَّا قَدَّمَتْ لِغَدٍۢ ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ خَبِيرٌۢ بِمَا تَعْمَلُونَ*

*(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവെ സൂക്ഷിക്കുക. ഓരോ വ്യക്തിയും താന്‍ നാളെക്ക് വേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തു വെച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെ. നിങ്ങള്‍ അല്ലാഹുﷻവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു ﷻ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു)*

  *(ഹശ്ർ 18)*

*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*

*يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾*

*സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്‍മങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു.*

*📍രണ്ടാമത്തെ ഖുതുബ*

     ഉദാരനും ആരാധ്യനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും. 

   കരുണാനിധിയും സ്തുതിക്കപ്പെടുന്നവനുമായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. പ്രസവിക്കപ്പെട്ടവരിൽ ഏറ്റവും പവിത്രതയുള്ള മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ ദൂതനും അടിമയുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. 

   സുജൂദിൽ കിടന്ന് മലക്ക് തസ്ബീഹ് ചൊല്ലുന്ന കാലത്തോളം അല്ലാഹു ﷻ മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും ഗുണം ചെയ്യട്ടെ.

   *_ജനങ്ങളെ..,_*

   നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക. അവൻ നിർബന്ധമാക്കിയ കാര്യങ്ങൾ നിർവഹിക്കുന്നതിലേക്ക് ധൃതിപ്പെടുക. നിശ്ചയം അല്ലാഹു ﷻ തന്റെ സ്വന്തം സത്ത കൊണ്ട് ആരംഭിച്ച്, അവന്റെ പരിശുദ്ധിയെ വാഴ്ത്തി തസ്ബീഹ് ചൊല്ലുന്ന അവന്റെ മലക്കുകളെ രണ്ടാമതായി പറഞ്ഞ് തന്റെ സൃഷ്ടികളിൽ നിന്നും വിശ്വാസികളെ "ഓ" എന്ന് അഭിസംബോധന ചെയ്ത് വിളിച്ച് അവൻ ഒരു കാര്യം പ്രവർത്തിക്കാൻ നിങ്ങളോട് കൽപിച്ചിട്ടുണ്ട് എന്ന വസ്തുത നിങ്ങൾ അറിയുക. 

   അല്ലാഹു ﷻ പറഞ്ഞു : നിശ്ചയം അല്ലാഹുﷻവും അവന്റെ മലക്കുകളും അവന്റെ പ്രവാചകന്റെ (ﷺ) മേൽ സ്വലാത്ത് ചൊല്ലുന്നു അതിനാൽ "ഓ" സത്യവിശ്വാസികളെ, നിങ്ങൾ അദ്ദേഹത്തിന്റെ മേൽ സ്വലാത്തും സ്വലാമും ചൊല്ലുക.

   അല്ലാഹുﷻവേ, നീ നിന്റെ പ്രവാചകനും ഞങ്ങളുടെ നേതാവുമായ മുഹമ്മദ് നബിﷺയുടെ മേൽ ഗുണവും രക്ഷയും ചൊരിയേണമേ, ആ പ്രവാചകന്റെ കയ്യിൽ വെച്ച് ചരൽക്കല്ല് തസ്ബീഹ് ചൊല്ലിയിരിക്കുന്നു. അവിടത്തെ വിരലുകൾക്കിടയിൽ നിന്നും ജലം ഉറവെടുത്തിരിക്കുന്നു. 

   സന്മാർഗ്ഗം സിദ്ധിച്ച് അവിടത്തെ പിൻഗാമികളിൽ ആദ്യത്തവരും മാർഗ്ഗദർശനം നൽകുന്ന നേതാക്കളിൽ ഉത്തമരും ആയവരേ തൊട്ട് നീ തൃപ്തിപ്പെടേണമേ. അദ്ദേഹം അനുകമ്പയുള്ള ഇമാമും

വിശ്വാസികളുടെ നായകനുമായ അബൂബക്കർ സിദ്ദീഖ് (റ) ആകുന്നു.

   അല്ലാഹുﷻവെ, സഹപാഠികളിൽ ബഹുമാനമർഹിക്കുന്ന ഇമാമിനെ തൊട്ടും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നായകനായ ഉമർബ്നുൽ ഖത്ത്വാബ്(റ)വിനെ.

പെൺമക്കളുടെ ഭർത്താവിനെയും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നേതാവായ ഉസ്മാനുബ്നു അഫ്ഫാൻ (റ)എന്നവരെ.

   അല്ലാഹുﷻവെ, അൽഭുതങ്ങൾ വെളിവാക്കിയവരെ നീ തൃപ്തിപ്പെടേണമേ. അതായത് വിശ്വാസികളുടെ നേതാവായ അലിയ്യുബ്നു അബീത്വാലിബ്(റ)വിനെ. നബിﷺയുടെ രണ്ട് പിതൃസഹോദരന്മാരായ ഹംസ(റ), അബ്ബാസ്(റ) എന്നിവരെ നീ തൃപ്തിപ്പെടേണമേ, നിന്റെ പ്രവാചകന്റെ അവശേഷിക്കുന്ന സ്വഹാബാക്കളെ തൊട്ടും നീ തൃപ്തിപ്പെടേണമേ. 

   അല്ലാഹുﷻവെ, വിശ്വാസികൾക്കും വിശ്വാസിനികൾക്കും മുസ്ലിംകൾക്കും മുസ്ലിമത്തുകൾക്കും നീ പൊറുത്ത് കൊടുക്കേണമേ. അവരിൽ നിന്നും ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും, നിശ്ചയം നീ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നവനാണ്. ആവശ്യങ്ങൾ വീട്ടുന്നവനെ അവരുടെ മണ്ണിനെ നീ നന്നാക്കേണമേ, അവരുടെ അഭയ കേന്ദ്രം സ്വർഗ്ഗവും ആക്കേണമേ..

   അല്ലാഹുﷻവെ, ഞങ്ങൾക്ക് ദുനിയാവിൽ നല്ലതിനെയും ആഖിറത്തിൽ നല്ലതിനേയും നീ നൽകേണമേ, നരകശിക്ഷയിൽ നിന്നും ഞങ്ങളെ കാക്കേണമേ. അല്ലാഹുﷻവെ, നരകത്തിൽ നിന്നും ഞങ്ങളെ നീ രക്ഷിക്കേണമേ. (ഇത് മൂന്നു പ്രാവശ്യം പറയണം) അല്ലാഹുﷻവെ, തീ കൊണ്ട് ഞങ്ങളെ നീ ചൂടാക്കരുതേ, നരകത്തിന്റെ വിറകിൽ നീ ഞങ്ങളെ ഉൾപ്പെടുത്തരുതേ. നിശ്ചയം നരകം മോശമായ ഭവനമാണ്. സ്ഥിരതാമസം മോശമായതും. വാസസ്ഥലം ചീത്തയായതുമാണ്.

   ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങൾക്കും, വിശ്വാസത്തിൽ ഞങ്ങളുടെ മുൻകഴിഞ്ഞ് പോയ ഞങ്ങളുടെ സഹോദരങ്ങൾക്കും പൊറുത്ത് തരേണമേ.. വിശ്വസിച്ചവരോട് ഞങ്ങളുടെ ഹൃദയങ്ങളിൽ നീ പകയെ കുടിയിരുത്തരുതെ. ഞങ്ങളുടെ രക്ഷിതാവേ, നീ കൂടുതൽ കരുണ ചെയ്യുന്നവനും, അനുകമ്പ കാണിക്കുന്നവനുമാണ്.

   നിശ്ചയം അല്ലാഹു ﷻ നീതി കൊണ്ടും നന്മ കൊണ്ടും, അടുത്തവർക്ക് ദാനം നൽകൽ കൊണ്ടും കൽപിക്കുന്നു. ചീത്തയേയും, വെറുക്കപ്പെട്ടതിനെയും, അക്രമത്തേയും അവൻ തടയുന്നു. നിങ്ങൾ ചിന്തിക്കുന്നവരാകാൻ വേണ്ടി അവൻ നിങ്ങളെ ഉപദേശിക്കുന്നു.

   അല്ലാഹുﷻവിനെ സ്മരിക്കലാണ് ഏറ്റവും വലിയതായിട്ടുള്ളത്. നിങ്ങൾ പ്രവർത്തിക്കുന്നതിനെ അവൻ അറിയുന്നു.

Post a Comment