ശവ്വാൽ മാസത്തിലെ ഒന്നാമത്തെ വെള്ളിയാഴ്ച്ച


       അഹംഭാവികളുടെ പിരടികൾ നിന്ദ്യതയാൽ താഴ്മ പ്രകടിപ്പിക്കുന്ന അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.

   മുഹമ്മദ് നബിﷺക്കും അവിടത്തെ കുടുംബത്തിനും അനുചരന്മാർക്കും അല്ലാഹു ﷻ ഗുണം ചെയ്യട്ടെ. 

   ജനങ്ങളെ...,

   അല്ലാഹുﷻവിനെ ഭയപ്പെട്ട് ഭക്തിപ്രകടിപ്പിച്ചു ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു. 


   നിശ്ചയം തഖ്‌വ പൊട്ടിപ്പോകാത്ത കൈപ്പിടിയാണ്. പൊളിഞ്ഞു പോകാത്ത ശിഖരവുമാണ്. മാന്യന്മാർ പിന്തുടരുന്ന മാതൃകയും, ബുദ്ധികൾ പ്രകാശിക്കുന്ന തീക്കനലുമാണ്. അതിന്റെ കയറുമായി ബന്ധിക്കപ്പെട്ടവനെ ഭയാശങ്ക നിറഞ്ഞ അനന്തര ഫലത്തിൽ നിന്നും അത് സുരക്ഷിതമാക്കുന്നതാണ്. അതിന്റെ വക്കിനെ പിടിച്ചവനെ മുഴുവൻ വിപത്തുകളിൽ നിന്നും നാശങ്ങളിൽ നിന്നും അത് സംരക്ഷിക്കുന്നതാണ്.

   സ്നേഹബന്ധം നിലനിർത്താത്ത ദുനിയാവിനെ കുറിച്ചും ഒഴിഞ്ഞുപോവാത്ത, ദുഃഖത്തിന്റെ വാസസ്ഥലത്തെക്കുറിച്ചും, നിർവഹിക്കപ്പെടാത്ത മടക്കത്തിന്റെ ആഗ്രഹങ്ങളെക്കുറിച്ചും, തെറ്റുകളിൽ പരിധിവിടൽ അനിവാര്യമാക്കിയ വേദന വിഹിതങ്ങളെക്കുറിച്ചും, മാന്യന്മാർ പോലും നിസ്സാരരാവുന്ന നിന്ദ്യതയുടെ സദസ്സുകളെ കുറിച്ചും, സ്നേഹിതന്മാർ പോലും അകന്ന് പോവുന്ന ദുഃഖങ്ങളുടെ ഇരുളുകളെ കുറിച്ചും, ഞാൻ നിങ്ങളെ ഭയപ്പെടുത്തി അറിയിക്കുന്നു.


   അവയോട് -ദുഃഖങ്ങളോട്- നിങ്ങളെ അടുപ്പിക്കുന്ന ചീത്ത പ്രവർത്തനങ്ങളെ നിങ്ങൾ ഉപേക്ഷിക്കുക നിങ്ങൾക്ക് അല്ലാഹു ﷻ അനുഗ്രഹം ചെയ്യട്ടെ.. അവയേ തൊട്ട് നിങ്ങളെ അകറ്റിക്കളയുന്നതിനെ -നന്മയെ- നിങ്ങൾ ഉപയോഗിക്കുക. നിശ്ചയം അവ വിപത്തുകൾ ബാധിച്ചവർക്കുള്ള നാശമാകുന്നു. വൻദോഷങ്ങൾ പ്രവർത്തിച്ചവർക്കുള്ള ശിക്ഷയാകുന്നു.

   താമസിക്കുന്നവരുടെ ആഗ്രഹം സുഖജീവിതത്തിൽ നിന്നും മുറിഞ്ഞു പോകുന്ന ആ ഭവനത്തിന്റെ നരകത്തിന്റെ അവസ്ഥ എന്താണ്? അതിന്റെ ശിക്ഷ നശിക്കാതെ അവശേഷിക്കുന്നതാകുന്നു. അതിൽ വസിക്കുന്നവരുടെ അടയാളം നീണ്ടു നിൽക്കുന്ന വിപത്താകുന്നു . അവരുടെ പുതപ്പ് കരച്ചിലും നിലവിളിയുമാകുന്നു. അവരുടെ വസ്ത്രം കഠിനമായ നിന്ദ്യതയാകുന്നു. അവർ ഉറങ്ങുന്ന സ്ഥലം കത്തിയെരിയുന്ന നരകമാകുന്നു. അവരുടെ വിശ്രമസ്ഥലം എത്ര ചീത്ത

   നരകത്തിലെ കഠിന ചൂടുള്ള വെള്ളം അവരുടെ ആമാശയങ്ങളെ നുറുക്കിക്കളയും, നിഷിദ്ധമായവ ഭക്ഷിക്കുന്നതിനെ എത്രയാണവർ ഇഷ്ടപ്പെട്ടത്. നരകം അവരുടെ അവയവങ്ങളെ മുറിച്ചു കളയും, കുറ്റങ്ങൾ പ്രവർത്തിക്കുന്നതിൽ എത്രയാണവർ വേഗത കൂട്ടിയത്.


   സമയങ്ങൾ അവരെ തൊട്ട് മറക്കപ്പെട്ടിരിക്കുന്നു. ശിക്ഷകൾ അവരിൽ ഇറങ്ങിയിരിക്കുന്നു. അവരുടെ തൊലികൾ ശിക്ഷയേൽപ്പിക്കപ്പെടാൻ വേണ്ടി പുതുക്കപ്പെടുന്നവയാണ്. വിചാരണയുടെ ദുരനുഭവത്താൽ അവരുടെ മുഖങ്ങൾ കറുത്ത് പോയിരിക്കുന്നു. നീതി നടപ്പാക്കുന്ന മലക്കുകൾ എല്ലാ വഴികളിലൂടെയും അവരിലേക്ക് പ്രവേശിച്ചിരിക്കുന്നു. അവർ പറയും നിങ്ങൾക്ക് സ്വാഗതമില്ല. ഏറ്റവും മോശമായ മടക്കമാണ് നിങ്ങൾ മടങ്ങിയിരിക്കുന്നത്. ദുനിയാവിൽ വെച്ച് ഏതൊരു ആരാധ്യന്റെ സഹനത്താൽ അവർ വഞ്ചിതരായോ എന്നിട്ടവർ എതിർ പ്രവർത്തിച്ചുവോ അവനെ അവർ വിളിക്കുന്നതാണ്. പരലോകത്ത് വെച്ച് അവന്റെ വിധി അവന്റെ ശിക്ഷ അവരിൽ അനിവാര്യമാക്കിയിരിക്കുന്നു. അവർ പറയും: “ഞങ്ങളുടെ രക്ഷിതാവെ, ഈ നരകത്തിൽ നിന്നും ഞങ്ങളെ പുറത്താക്കണമേ" ശേഷം ഞങ്ങൾ -തെറ്റിലേക്ക്- മടങ്ങുകയാണെങ്കിൽ ഞങ്ങൾ അക്രമികൾ തന്നെയാകുന്നു.


   അവർ മടക്കപ്പെടുകയാണെങ്കിൽ അവരോട് നിരോധിക്കപ്പെട്ടതിലേക്ക് തന്നെ അവർ തിരിച്ചു പോകും. നിശ്ചയം അവർ കളവുപറയുന്നവരാണ്. അൽപസമയത്തിനു ശേഷം സർവാധിപനായ അല്ലാഹു ﷻ അവരോട് മറുപടി പറയും: നിങ്ങൾ ആ നരകത്തിലേക്ക് ആണ്ടു പോവുക. നിങ്ങൾ സംസാരിക്കരുത്.

   അല്ലാഹുﷻവാണ് സത്യം, ആ മറുപടിയോടെ ദോഷികളുടെ ആഗ്രഹം പ്രകടിപ്പിക്കൽ മുറിഞ്ഞു പോകുന്നതാണ്. കളവാക്കിയവരിൽ ശിക്ഷ സമ്മേളിച്ചിരിക്കുന്നു. നരകത്തിൽ വെച്ച് ശിക്ഷയേൽക്കുന്നവരുടെ നിലവിളി ഉയർന്നിരിക്കുന്നു. അവർ ക്ഷമിച്ചാൽ നരകമാണ് അവരുടെ അഭയകേന്ദ്രം. അവർ തൃപ്തി തേടുകയാണെങ്കിൽ അവർ തൃപ്തി നൽകപ്പെടുന്നവരല്ല.

   അല്ലാഹു ﷻ അവന്റെ കോപഭവനത്തിൽ നിന്നും നമ്മെ അകറ്റി നിർത്തട്ടെ. 

   *സൃഷ്ടികളെ സൃഷ്ടിക്കുകയും അവ -നശിച്ച ശേഷം- പുനർസൃഷ്ടി നടത്തുകയും ചെയ്യുന്നവന്റെ വചനം:*


*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*

*وَالَّذِينَ كَفَرُوا لَهُمْ نَارُ جَهَنَّمَ لَا يُقْضَىٰ عَلَيْهِمْ فَيَمُوتُوا وَلَا يُخَفَّفُ عَنْهُم مِّنْ عَذَابِهَا ۚ كَذَٰلِكَ نَجْزِي كُلَّ كَفُورٍ ﴿٣٦﴾ وَهُمْ يَصْطَرِخُونَ فِيهَا رَبَّنَا أَخْرِجْنَا نَعْمَلْ صَالِحًا غَيْرَ الَّذِي كُنَّا نَعْمَلُ ۚ أَوَلَمْ نُعَمِّرْكُم مَّا يَتَذَكَّرُ فِيهِ مَن تَذَكَّرَ وَجَاءَكُمُ النَّذِيرُ ۖ فَذُوقُوا فَمَا لِلظَّالِمِينَ مِن نَّصِيرٍ ﴿٣٧﴾*


*(അവിശ്വസിച്ചവരാരോ അവര്‍ക്കാണ് നരകാഗ്നി. അവരുടെ മേല്‍ (മരണം) വിധിക്കപ്പെടുന്നതല്ല. എങ്കില്‍ അവര്‍ക്ക് മരിക്കാമായിരുന്നു. അതിലെ ശിക്ഷയില്‍ നിന്ന് ഒട്ടും അവര്‍ക്ക് ഇളവുചെയ്യപ്പെടുകയുമില്ല. അപ്രകാരം എല്ലാ നന്ദികെട്ടവര്‍ക്കും നാം പ്രതിഫലം നല്‍കുന്നു.*

*അവര്‍ അവിടെ വെച്ച് മുറവിളികൂട്ടും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ പുറത്തയക്കണമേ. (മുമ്പ്‌) ചെയ്തിരുന്നതില്‍ നിന്ന് വ്യത്യസ്തമായി ഞങ്ങള്‍ സല്‍കര്‍മ്മം ചെയ്തുകൊള്ളാം. (അപ്പോള്‍ നാം പറയും:) ആലോചിക്കുന്നവന് ആലോചിക്കാന്‍ മാത്രം നിങ്ങള്‍ക്ക് നാം ആയുസ്സ് തന്നില്ലേ? താക്കീതുകാരന്‍ നിങ്ങളുടെ അടുത്ത് വരികയും ചെയ്തു. അതിനാല്‍ നിങ്ങള്‍ അനുഭവിച്ചു കൊള്ളുക. അക്രമികള്‍ക്ക് യാതൊരു സഹായിയുമില്ല.)*

  *(വിശുദ്ധ ഖുർആൻ.  :36,37)*


*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*

*يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾*

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്‍മങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു.


രണ്ടാമത്തെ ഖുതുബ

     ഉദാരനും ആരാധ്യനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും. 

   കരുണാനിധിയും സ്തുതിക്കപ്പെടുന്നവനുമായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. പ്രസവിക്കപ്പെട്ടവരിൽ ഏറ്റവും പവിത്രതയുള്ള മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ ദൂതനും അടിമയുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. 

   സുജൂദിൽ കിടന്ന് മലക്ക് തസ്ബീഹ് ചൊല്ലുന്ന കാലത്തോളം അല്ലാഹു ﷻ മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും ഗുണം ചെയ്യട്ടെ.


   *_ജനങ്ങളെ..,_*

   നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക. അവൻ നിർബന്ധമാക്കിയ കാര്യങ്ങൾ നിർവഹിക്കുന്നതിലേക്ക് ധൃതിപ്പെടുക. നിശ്ചയം അല്ലാഹു ﷻ തന്റെ സ്വന്തം സത്ത കൊണ്ട് ആരംഭിച്ച്, അവന്റെ പരിശുദ്ധിയെ വാഴ്ത്തി തസ്ബീഹ് ചൊല്ലുന്ന അവന്റെ മലക്കുകളെ രണ്ടാമതായി പറഞ്ഞ് തന്റെ സൃഷ്ടികളിൽ നിന്നും വിശ്വാസികളെ "ഓ" എന്ന് അഭിസംബോധന ചെയ്ത് വിളിച്ച് അവൻ ഒരു കാര്യം പ്രവർത്തിക്കാൻ നിങ്ങളോട് കൽപിച്ചിട്ടുണ്ട് എന്ന വസ്തുത നിങ്ങൾ അറിയുക. 

   അല്ലാഹു ﷻ പറഞ്ഞു : നിശ്ചയം അല്ലാഹുﷻവും അവന്റെ മലക്കുകളും അവന്റെ പ്രവാചകന്റെ (ﷺ) മേൽ സ്വലാത്ത് ചൊല്ലുന്നു അതിനാൽ "ഓ" സത്യവിശ്വാസികളെ, നിങ്ങൾ അദ്ദേഹത്തിന്റെ മേൽ സ്വലാത്തും സ്വലാമും ചൊല്ലുക.

   അല്ലാഹുﷻവേ, നീ നിന്റെ പ്രവാചകനും ഞങ്ങളുടെ നേതാവുമായ മുഹമ്മദ് നബിﷺയുടെ മേൽ ഗുണവും രക്ഷയും ചൊരിയേണമേ, ആ  പ്രവാചകന്റെ കയ്യിൽ വെച്ച് ചരൽക്കല്ല് തസ്ബീഹ് ചൊല്ലിയിരിക്കുന്നു. അവിടത്തെ വിരലുകൾക്കിടയിൽ നിന്നും ജലം ഉറവെടുത്തിരിക്കുന്നു. 


   സന്മാർഗ്ഗം സിദ്ധിച്ച് അവിടത്തെ പിൻഗാമികളിൽ ആദ്യത്തവരും മാർഗ്ഗദർശനം നൽകുന്ന നേതാക്കളിൽ ഉത്തമരും ആയവരേ തൊട്ട് നീ തൃപ്തിപ്പെടേണമേ. അദ്ദേഹം അനുകമ്പയുള്ള ഇമാമും

വിശ്വാസികളുടെ നായകനുമായ അബൂബക്കർ സിദ്ദീഖ് (റ) ആകുന്നു.

   അല്ലാഹുﷻവെ, സഹപാഠികളിൽ ബഹുമാനമർഹിക്കുന്ന ഇമാമിനെ തൊട്ടും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നായകനായ ഉമർബ്നുൽ ഖത്ത്വാബ്(റ)വിനെ.

പെൺമക്കളുടെ ഭർത്താവിനെയും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നേതാവായ ഉസ്മാനുബ്നു അഫ്ഫാൻ (റ)എന്നവരെ.

   അല്ലാഹുﷻവെ, അൽഭുതങ്ങൾ വെളിവാക്കിയവരെ നീ തൃപ്തിപ്പെടേണമേ. അതായത് വിശ്വാസികളുടെ നേതാവായ അലിയ്യുബ്നു അബീത്വാലിബ്(റ)വിനെ. നബിﷺയുടെ രണ്ട് പിതൃസഹോദരന്മാരായ ഹംസ(റ), അബ്ബാസ്(റ) എന്നിവരെ നീ തൃപ്തിപ്പെടേണമേ, നിന്റെ പ്രവാചകന്റെ അവശേഷിക്കുന്ന സ്വഹാബാക്കളെ തൊട്ടും നീ തൃപ്തിപ്പെടേണമേ. 


   അല്ലാഹുﷻവെ, വിശ്വാസികൾക്കും വിശ്വാസിനികൾക്കും മുസ്ലിംകൾക്കും മുസ്ലിമത്തുകൾക്കും നീ പൊറുത്ത് കൊടുക്കേണമേ. അവരിൽ നിന്നും ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും, നിശ്ചയം നീ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നവനാണ്. ആവശ്യങ്ങൾ വീട്ടുന്നവനെ അവരുടെ മണ്ണിനെ നീ നന്നാക്കേണമേ, അവരുടെ അഭയ കേന്ദ്രം സ്വർഗ്ഗവും ആക്കേണമേ..

   അല്ലാഹുﷻവെ, ഞങ്ങൾക്ക് ദുനിയാവിൽ നല്ലതിനെയും ആഖിറത്തിൽ നല്ലതിനേയും നീ നൽകേണമേ, നരകശിക്ഷയിൽ നിന്നും ഞങ്ങളെ കാക്കേണമേ. അല്ലാഹുﷻവെ, നരകത്തിൽ നിന്നും ഞങ്ങളെ നീ രക്ഷിക്കേണമേ. (ഇത് മൂന്നു പ്രാവശ്യം പറയണം)  അല്ലാഹുﷻവെ, തീ കൊണ്ട് ഞങ്ങളെ നീ ചൂടാക്കരുതേ, നരകത്തിന്റെ വിറകിൽ നീ ഞങ്ങളെ ഉൾപ്പെടുത്തരുതേ. നിശ്ചയം നരകം മോശമായ ഭവനമാണ്. സ്ഥിരതാമസം മോശമായതും. വാസസ്ഥലം ചീത്തയായതുമാണ്.


   ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങൾക്കും, വിശ്വാസത്തിൽ ഞങ്ങളുടെ മുൻകഴിഞ്ഞ് പോയ ഞങ്ങളുടെ സഹോദരങ്ങൾക്കും പൊറുത്ത് തരേണമേ.. വിശ്വസിച്ചവരോട് ഞങ്ങളുടെ ഹൃദയങ്ങളിൽ നീ പകയെ കുടിയിരുത്തരുതെ. ഞങ്ങളുടെ രക്ഷിതാവേ, നീ കൂടുതൽ കരുണ ചെയ്യുന്നവനും, അനുകമ്പ കാണിക്കുന്നവനുമാണ്.

   നിശ്ചയം അല്ലാഹു ﷻ നീതി കൊണ്ടും നന്മ കൊണ്ടും, അടുത്തവർക്ക് ദാനം നൽകൽ കൊണ്ടും കൽപിക്കുന്നു. ചീത്തയേയും, വെറുക്കപ്പെട്ടതിനെയും, അക്രമത്തേയും അവൻ തടയുന്നു. നിങ്ങൾ ചിന്തിക്കുന്നവരാകാൻ വേണ്ടി അവൻ നിങ്ങളെ ഉപദേശിക്കുന്നു.

   അല്ലാഹുﷻവിനെ സ്മരിക്കലാണ് ഏറ്റവും വലിയതായിട്ടുള്ളത്. നിങ്ങൾ പ്രവർത്തിക്കുന്നതിനെ അവൻ അറിയുന്നു.

Post a Comment