ശഅബാൻ മാസത്തിലെ ഒന്നാമത്തെ വെള്ളിയാഴ്ച്ച


       ഈത്തപ്പഴക്കുരുകളേയും വിത്തിനേയും മുളകൾ പുറത്ത്കൊണ്ട് വരാൻ വേണ്ടി പിളർക്കുന്ന അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.

   മുഹമ്മദ് നബിﷺയിലും, ചുറുചുറുക്കും ധീരതയും ഉള്ള അവിടത്തെ കുടുംബത്തിലും അല്ലാഹു ﷻ ഗുണം ചെയ്യട്ടെ..,

   *_ജനങ്ങളെ..._* 

   അല്ലാഹുﷻവിനോട് ഭയഭക്തി പ്രകടിപ്പിച്ച് ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.

 നിങ്ങൾ മുരടോടെ പറിച്ചെടുക്കപ്പെടുകയും -മരിക്കുകയും- നിങ്ങൾ -പരലോകത്തേക്ക്- മടക്കപ്പെടുകയും ചെയ്യുന്നതിന്നു മുമ്പ് ദോഷങ്ങളിൽ നിന്നും പാപങ്ങളിൽ നിന്നും ഒഴിവാകുക. നന്മകൾ ചെയ്യുന്നതിൽ നിന്നും നിങ്ങൾ തടയപ്പെടുന്നതിന്നു മുമ്പ് സൽക്കർമ്മം കൊണ്ട് നിങ്ങൾ സുഖം അനുഭവിക്കുക.

   കച്ചവടം ലാഭകരമാകുന്ന മാസങ്ങളെ അല്ലാഹു ﷻ നിങ്ങൾക്ക് സൗകര്യപ്പെടുത്തിത്തന്നിരിക്കുന്നു. അവയിൽ നിങ്ങൾ കച്ചവടം ചെയ്യുക. തന്റെ ശിക്ഷയെക്കുറിച്ച് അവൻ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. നിങ്ങൾ അവനെ സൂക്ഷിക്കുക. നിങ്ങൾ നിങ്ങളുടെ രക്ഷിതാവിലേക്ക് ഖേദിച്ചു മടങ്ങുകയും അവന്ന് കീഴ്പ്പെടുകയും അവനെ നിരീക്ഷിക്കുകയും ചെയ്യുക. അല്ലാഹുﷻവിനെ മറക്കുകയും അവനെ ദേഷ്യം പിടിപ്പിക്കുകയും ചെയ്തവരെ പോലെ നിങ്ങൾ ആകരുത്. അവന്ന് എതിർ പ്രവർത്തിച്ചപ്പോൾ അവരോട് അവൻ പ്രതികാരം ചെയ്തിട്ടുണ്ട്.

   അല്ലാഹുﷻവിന്റെ അടിമകളെ ഇത് ശഅബാൻ മാസമാണ്. അത് മേൽകഴുത്ത് കൊണ്ട് -തന്റെ വരവിനെക്കുറിച്ച്- ആംഗ്യം കാണി ക്കുന്നതാണ്. നിങ്ങളുടെ നാഥന്റെ നന്മയുമായി മുന്നിടുന്നതാണ്.  ആകാശത്തു നിന്നും അതിന്റെ ബറക്കത്തുകൾ നിങ്ങളിലേക്ക് വിവിധങ്ങളായി വർഷിച്ചു കൊണ്ടിരിക്കുന്നു. അതിന്റെ സമയങ്ങൾ നിങ്ങളുടെ പ്രവർത്തനങ്ങളെ ശുദ്ധീകരിക്കുന്നു. അതിന്റെ വിശേഷണങ്ങൾ നബി ﷺ ദീർഘിപ്പിച്ചിട്ടുണ്ട്. അതിന്റെ പകുതിയുടെ രാത്രിയിൽ നിസ്കരിക്കുന്നതിനെ പ്രോൽസാഹിപ്പിച്ചിട്ടുണ്ട്.

   അല്ലാഹു ﷻ നിങ്ങളെ അനുഗ്രഹിക്കട്ടെ.., നിങ്ങൾ ആ രാത്രിയേ ഉദ്ദേശിച്ചു കൊണ്ട് നിങ്ങൾ തയ്യാറാകുക. അതിലെ ദിക്റുകളേയും, പ്രാർത്ഥനകളേയും ഉപയോഗപ്പെടുത്തുവാൻ നിങ്ങൾ ഒരുങ്ങുക. 

   കുറ്റങ്ങളുടെ കെട്ടുകളിൽ നിന്നും ആ രാത്രിയിൽ മോചനം നേടുന്നവർ എത്രയാണ്. ആവശ്യങ്ങൾ നേടിയെടുക്കുന്നവർ എത്രയാണ്. ഭക്ഷണങ്ങളുടെ രേഖകൾ ആ രാത്രിയിൽ അല്ലാഹു ﷻ ഇറക്കുന്നു. അതിന്റെ ബറക്കത്ത് കൊണ്ട് നരകത്തിൽ നിന്നും നിരവധിയാളുകളെ മോചിപ്പിക്കുന്നതിൽ അല്ലാഹു ﷻ വേഗത കൂട്ടുന്നു.

   അല്ലാഹുﷻവിന്റെ അടിമകളെ.., ആ രാത്രിയിൽ ചീത്ത പ്രവർത്തിക്കുന്നതിൽ നിന്നും നിങ്ങൾ അല്ലാഹുﷻവിലേക്ക് ഓടിയടുക്കുക. ആവശ്യങ്ങൾ അവനോട് തേടുക. അവ നേടിയെടുത്ത് നിങ്ങൾ വിജയികളാവുക. നിങ്ങളുടെ പിന്നിൽ അശ്രദ്ധനാവാതെ നിങ്ങളെ തേടുന്നവനും -ആത്മാവിനെ- തട്ടിയെടുക്കുന്നവനും -അസ്റാഈൽ- കരിക്കുന്ന നരകവും, വഷളാക്കുന്ന സ്ഥലവും -മഹ്ശറ- അന്തിമ തീരുമാനവും, നീതിമാനായ ഭരണാധികാരിയും, ചെറുതും വലുതുമായ മുഴുവൻ കാര്യങ്ങളേയും രേഖപ്പെടുത്തുന്ന ഒരു ഗ്രന്ഥവും, മുഴുവൻ അവകാശങ്ങളും തിരിച്ചെടുത്ത് നൽകുന്ന ഒരു വിധി കർത്താവും ഉണ്ടെന്ന് നിങ്ങൾ അറിയുക.

   മരണം അതിന്റെ ഒട്ടകങ്ങളെ നിങ്ങൾക്കരികിൽ മുട്ടു കുത്തിക്കുന്നതിനും, മരണം അതിന്റെ കൂടാരം നിങ്ങൾക്കരികിൽ നിർമ്മിക്കുന്നതിന്നും, അതിന്റെ രുചിയെ നിങ്ങൾക്ക് കയ്പുള്ളതാക്കുന്നതിനും, അതിന്റെ തെളിക്കൽ നിങ്ങളിൽ നിർബന്ധം ചെലുത്തുന്നതിനും, നിങ്ങൾക്ക് മുമ്പുള്ള ജനങ്ങൾ എത്തിപ്പെട്ട സ്ഥലങ്ങളിലേക്ക് നിങ്ങളെ അത് എത്തിക്കുന്നതിന്റെയും മുമ്പ്, നരയുടെ അവകാശം അറിഞ്ഞു അതിനെ ആദരിച്ച ഒരു മനുഷ്യനും, യുവത്വത്തെ നല്ലതായിക്കണ്ട് അതിന് അനുഗ്രഹം ചൊരിഞ്ഞ് തന്റെ രോഗത്തിന്റെ അടിസ്ഥാന കാരണം മനസ്സിലാക്കി അതിനെ മുറിച്ച് കളഞ്ഞ ഒരു വ്യക്തിക്കും, ചീത്തയിൽ നിന്നും ഹൃദയത്തെ നന്നാക്കി അതിന്ന് കടിഞ്ഞാണിട്ട വ്യക്തിക്കും അല്ലാഹു ﷻ അനുഗ്രഹം ചെയ്യട്ടെ..,

   അവരുടെ സമ്പത്തുകളിൽ നിന്നും. വീടുകളിൽ നിന്നും അവർ തട്ടിയെടുക്കപ്പെട്ടു നാശഭവനങ്ങളിൽ ഇറങ്ങിയവരാണ്. അവർ ശേഖരിച്ചു വെച്ച പ്രവർത്തനങ്ങൾ നേടുന്നവരാണ്. മണ്ണുമായുള്ള അവരുടെ ബന്ധം അവരുടെ അവയവങ്ങളുടെ ബന്ധങ്ങളെ വേർപിരിച്ചു കളഞ്ഞു. ദ്രവിക്കലിന്റെ വിപത്തുകൾ അവരുടെ അവസ്ഥക്ക് മാറ്റം വരുത്തി. ഇന്ന് അവരെ തൊട്ട് പിന്തിനിൽക്കുന്നവർ നാളെ അവരെ പോലെയാകും. അവർക്ക് എന്ത് പറ്റി? അവർക്ക് ഉള്ളതെന്തോ അതിനെ അവർ പരിഗണിക്കുന്നില്ല.

   വിനോദത്തെ ഒരു ഭാഗത്തേക്ക് -സൽകർമ്മങ്ങൾ ചെയ്യാൻ- മാറ്റിവെച്ചവരിൽ അല്ലാഹു ﷻ നമ്മെ ഉൾപെടുത്തട്ടെ..,

   *ഗുണവാനും ആരാധ്യനുമായവന്റെ വചനം:*

*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*

*حم ﴿١﴾ وَالْكِتَابِ الْمُبِينِ ﴿٢﴾ إِنَّا أَنزَلْنَاهُ فِي لَيْلَةٍ مُّبَارَكَةٍ ۚ إِنَّا كُنَّا مُنذِرِينَ ﴿٣﴾ فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ ﴿٤﴾ أَمْرًا مِّنْ عِندِنَا ۚ إِنَّا كُنَّا مُرْسِلِينَ ﴿٥﴾ رَحْمَةً مِّن رَّبِّكَ ۚ إِنَّهُ هُوَ السَّمِيعُ الْعَلِيمُ ﴿٦﴾*

*പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുﷻവിന്റെ നാമത്തില്‍*

*ഹാ മീം. സ്പഷ്ടമായ വേദഗ്രന്ഥം തന്നെയാണ സത്യം; തീര്‍ച്ചയായും നാം അതിനെ ഒരു അനുഗ്രഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം മുന്നറിയിപ്പ് നല്‍കുന്നവനാകുന്നു. ആ രാത്രിയിലാണ് തത്ത്വാധിഷ്ഠിതമായ എല്ലാ വിഷയങ്ങളും -നമ്മുടെ പക്കല്‍ നിന്നുള്ള ഉത്തരവെന്ന നിലക്ക്- വേര്‍തിരിക്കപ്പെടുന്നത്. നാഥങ്കല്‍ നിന്നുള്ള കാരുണ്യമായി നാം ദൂതന്മാരെ നിയോഗിച്ചു കൊണ്ടിരിക്കുന്നവരാകുന്നു. നിശ്ചയം അവന്‍ നന്നായി കേള്‍ക്കുന്നവനും സര്‍വജ്ഞനുമാണ്*

  *(ദുഖാൻ 1-2-3-4-5-6)*


*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*

*يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾*


*സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്‍മ്മങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു.*

*📍രണ്ടാമത്തെ ഖുതുബ*

     ഉദാരനും ആരാധ്യനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും. 

   കരുണാനിധിയും സ്തുതിക്കപ്പെടുന്നവനുമായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. പ്രസവിക്കപ്പെട്ടവരിൽ ഏറ്റവും പവിത്രതയുള്ള മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ ദൂതനും അടിമയുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. 

   സുജൂദിൽ കിടന്ന് മലക്ക് തസ്ബീഹ് ചൊല്ലുന്ന കാലത്തോളം അല്ലാഹു ﷻ മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും ഗുണം ചെയ്യട്ടെ.

   *_ജനങ്ങളെ..,_*

   നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക. അവൻ നിർബന്ധമാക്കിയ കാര്യങ്ങൾ നിർവഹിക്കുന്നതിലേക്ക് ധൃതിപ്പെടുക. നിശ്ചയം അല്ലാഹു ﷻ തന്റെ സ്വന്തം സത്ത കൊണ്ട് ആരംഭിച്ച്, അവന്റെ പരിശുദ്ധിയെ വാഴ്ത്തി തസ്ബീഹ് ചൊല്ലുന്ന അവന്റെ മലക്കുകളെ രണ്ടാമതായി പറഞ്ഞ് തന്റെ സൃഷ്ടികളിൽ നിന്നും വിശ്വാസികളെ ' ഓ ' എന്ന് അഭിസംബോധന ചെയ്ത് വിളിച്ച് അവൻ ഒരു കാര്യം പ്രവർത്തിക്കാൻ നിങ്ങളോട് കൽപിച്ചിട്ടുണ്ട് എന്ന വസ്തുത നിങ്ങൾ അറിയുക. 

   അല്ലാഹു ﷻ പറഞ്ഞു : നിശ്ചയം അല്ലാഹുﷻവും അവന്റെ മലക്കുകളും അവന്റെ പ്രവാചകന്റെ (ﷺ) മേൽ സ്വലാത്ത് ചൊല്ലുന്നു അതിനാൽ "ഓ" സത്യവിശ്വാസികളെ, നിങ്ങൾ അദ്ദേഹത്തിന്റെ മേൽ സ്വലാത്തും സ്വലാമും ചൊല്ലുക.

   അല്ലാഹുﷻവേ, നീ നിന്റെ പ്രവാചകനും ഞങ്ങളുടെ നേതാവുമായ മുഹമ്മദ് നബിﷺയുടെ മേൽ ഗുണവും രക്ഷയും ചൊരിയേണമേ, ആ  പ്രവാചകന്റെ കയ്യിൽ വെച്ച് ചരൽക്കല്ല് തസ്ബീഹ് ചൊല്ലിയിരിക്കുന്നു. അവിടത്തെ വിരലുകൾക്കിടയിൽ നിന്നും ജലം ഉറവെടുത്തിരിക്കുന്നു. 

   സന്മാർഗ്ഗം സിദ്ധിച്ച് അവിടത്തെ പിൻഗാമികളിൽ ആദ്യത്തവരും മാർഗ്ഗദർശനം നൽകുന്ന നേതാക്കളിൽ ഉത്തമരും ആയവരേ തൊട്ട് നീ തൃപ്തിപ്പെടേണമേ. അദ്ദേഹം അനുകമ്പയുള്ള ഇമാമും

വിശ്വാസികളുടെ നായകനുമായ അബൂബക്കർ സിദ്ദീഖ് (റ) ആകുന്നു.

   അല്ലാഹുﷻവെ, സഹപാഠികളിൽ ബഹുമാനമർഹിക്കുന്ന ഇമാമിനെ തൊട്ടും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നായകനായ ഉമർബ്നുൽ ഖത്ത്വാബ്(റ)വിനെ.

പെൺമക്കളുടെ ഭർത്താവിനെയും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നേതാവായ ഉസ്മാനുബ്നു അഫ്ഫാൻ (റ)എന്നവരെ.

   അല്ലാഹുﷻവെ, അൽഭുതങ്ങൾ വെളിവാക്കിയവരെ നീ തൃപ്തിപ്പെടേണമേ. അതായത് വിശ്വാസികളുടെ നേതാവായ അലിയ്യുബ്നു അബീത്വാലിബ്(റ)വിനെ. നബിﷺയുടെ രണ്ട് പിതൃസഹോദരന്മാരായ ഹംസ(റ), അബ്ബാസ്(റ) എന്നിവരെ നീ തൃപ്തിപ്പെടേണമേ, നിന്റെ പ്രവാചകന്റെ അവശേഷിക്കുന്ന സ്വഹാബാക്കളെ തൊട്ടും നീ തൃപ്തിപ്പെടേണമേ. 

   അല്ലാഹുﷻവെ, വിശ്വാസികൾക്കും വിശ്വാസിനികൾക്കും മുസ്ലിംകൾക്കും മുസ്ലിമത്തുകൾക്കും നീ പൊറുത്ത് കൊടുക്കേണമേ. അവരിൽ നിന്നും ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും, നിശ്ചയം നീ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നവനാണ്. ആവശ്യങ്ങൾ വീട്ടുന്നവനെ അവരുടെ മണ്ണിനെ നീ നന്നാക്കേണമേ, അവരുടെ അഭയ കേന്ദ്രം സ്വർഗ്ഗവും ആക്കേണമേ..

   അല്ലാഹുﷻവെ, ഞങ്ങൾക്ക് ദുനിയാവിൽ നല്ലതിനെയും ആഖിറത്തിൽ നല്ലതിനേയും നീ നൽകേണമേ, നരകശിക്ഷയിൽ നിന്നും ഞങ്ങളെ കാക്കേണമേ. അല്ലാഹുﷻവെ, നരകത്തിൽ നിന്നും ഞങ്ങളെ നീ രക്ഷിക്കേണമേ. (ഇത് മൂന്നു പ്രാവശ്യം പറയണം)  അല്ലാഹുﷻവെ, തീ കൊണ്ട് ഞങ്ങളെ നീ ചൂടാക്കരുതേ, നരകത്തിന്റെ വിറകിൽ നീ ഞങ്ങളെ ഉൾപ്പെടുത്തരുതേ. നിശ്ചയം നരകം മോശമായ ഭവനമാണ്. സ്ഥിരതാമസം മോശമായതും. വാസസ്ഥലം ചീത്തയായതുമാണ്.

   ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങൾക്കും, വിശ്വാസത്തിൽ ഞങ്ങളുടെ മുൻകഴിഞ്ഞ് പോയ ഞങ്ങളുടെ സഹോദരങ്ങൾക്കും പൊറുത്ത് തരേണമേ.. വിശ്വസിച്ചവരോട് ഞങ്ങളുടെ ഹൃദയങ്ങളിൽ നീ പകയെ കുടിയിരുത്തരുതെ. ഞങ്ങളുടെ രക്ഷിതാവേ, നീ കൂടുതൽ കരുണ ചെയ്യുന്നവനും, അനുകമ്പ കാണിക്കുന്നവനുമാണ്.

   നിശ്ചയം അല്ലാഹു ﷻ നീതി കൊണ്ടും നന്മ കൊണ്ടും, അടുത്തവർക്ക് ദാനം നൽകൽ കൊണ്ടും കൽപിക്കുന്നു. ചീത്തയേയും, വെറുക്കപ്പെട്ടതിനെയും, അക്രമത്തേയും അവൻ തടയുന്നു. നിങ്ങൾ ചിന്തിക്കുന്നവരാകാൻ വേണ്ടി അവൻ നിങ്ങളെ ഉപദേശിക്കുന്നു.

   അല്ലാഹുﷻവിനെ സ്മരിക്കലാണ് ഏറ്റവും വലിയതായിട്ടുള്ളത്. നിങ്ങൾ പ്രവർത്തിക്കുന്നതിനെ അവൻ അറിയുന്നു.

Post a Comment