റബീഉൽ അവ്വൽ മാസത്തിലെ ഒന്നാമത്തെ വെള്ളിയാഴ്ച്ച

       ✍🏼എതിർ പ്രവർത്തിച്ചവനെ ശിക്ഷിക്കുന്ന ദേഷ്യം പിടിപ്പിച്ചവനെ നശിപ്പിക്കുന്ന അല്ലാഹു ﷻ വിനാണ് സർവ്വസ്തുതിയും.

   പങ്കുകാരനില്ലാത്ത ഏകനായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുളളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. നിശ്ചയം മുഹമ്മദ് നബി (ﷺ) അവന്റെ അടിമയും പ്രവാചകനുമാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. 

മുഹമ്മദ് നബിﷺയിലും കുടുംബത്തിലും ഏറ്റവും ശ്രേഷ്ഠവും അധികരിക്കുന്നതുമായ ഗുണങ്ങൾ അല്ലാഹു ﷻ വർഷിക്കട്ടെ. 


   *_ജനങ്ങളെ..,_* 

   അല്ലാഹു ﷻ വിനെ ഭയപ്പെട്ട് ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു. 

   നിങ്ങളിൽ ആരും അല്ലാഹു ﷻ വിന്റെ അടുക്കൽ തന്റെ പ്രവാചകനെക്കാൾ പവിത്രതയുള്ളവനോ, ഔന്നിത്യം ഉടയവനോ അല്ല. അവധി എത്തിയപ്പോൾ അദ്ദേഹം പിന്തിക്കപ്പെട്ടില്ല. മരണം ആസന്നമായപ്പോൾ ആയുസ്സ് വർദ്ധിപ്പിക്കപ്പെട്ടതുമില്ല. ഇതു പോലുള്ള ഒരു മാസത്തിൽ അല്ലാഹു ﷻ വിന്റെ മാന്യന്മാരായ ദൂതന്മാർ (മലക്കുകൾ) അദ്ദേഹത്തെ സമീപിച്ചു.


   അവിടത്തെ വിശുദ്ധ ആത്മാവിനെ റബ്ബിന്റെ അനുഗ്രഹത്തിലേക്കും തൃപ്തിയിലേക്കും പരിശുദ്ധകളായ സ്വർഗ്ഗ വനിതകളിലേക്കും യാത്രയാക്കാൻ അവർ - മലക്കുകൾ - സാഹസപ്പെടുകയും പരിശ്രമിക്കുകയും ചെയ്തു. 

അതിനാൽ പ്രവാചകന്റെ (ﷺ) ഞെരുക്കവും പ്രയാസവും ശക്തിയായി നേരിയ ശബ്ദം തുടർന്നുവന്നു. അവിടത്തെ ഇടഭാഗവും വലഭാഗവും വിടർന്നും ചുരുങ്ങിയും കൊണ്ടിരുന്നു. മരണത്തിന്റെ ഭീകരതയാൽ അവിടത്തെ നെറ്റിത്തടം കൂടി വിയർത്തു നബിﷺയെ കണ്ടവർ മുഴുവനും കരഞ്ഞു. അവിടെ നിന്നവരെല്ലാം തേങ്ങിക്കരഞ്ഞു.


   വിധിയെ തടുക്കാൻ വെപ്രാളത്തിനു സാദ്ധ്യമായില്ല. അവിടത്തെ ഭാര്യമാരെയോ കുടുംബത്തേയോ മലക്ക് പ്രശ്നമാക്കിയില്ല. കൽപിക്കപ്പെട്ടത് അദ്ദേഹം പ്രവർത്തിച്ചു. ലൗഹിൽ രേഖപ്പെടുത്തപ്പെട്ടത് അദ്ദേഹം പിന്തുടർന്നു.


   അന്ത്യനാളിൽ ആദ്യം പുറത്ത് വരുന്ന വ്യക്തിയും മഹ്ശറയിൽ ശുപാർശ ചെയ്യുന്ന വ്യക്തിയും ഇദ്ദേഹം മുഹമ്മദ് നബി (ﷺ) ആയിരിക്കും. അവിടന്ന് ആകാശഭൂമികളിൽ വസിക്കുന്നവരിൽ ഏറ്റവും മാന്യതയുള്ളവരാണ്. അന്ത്യദിനത്തിൽ സുരക്ഷിതത്വം ഉറപ്പായവരാണ്.


   *എങ്കിൽ ചിന്തിക്കുക!*

   യാത്ര-മരണം എപ്പോഴെന്നറിയാതെ വിശ്രമസ്ഥലം എവിടെയെന്നറിയാതെ, ഏതൊന്നിലൂടെയാണ് മുന്നിടുക എന്ന് ബോദ്ധ്യമില്ലാത്ത അന്ത്യദിനത്തിൽ തന്റെ വിധി എന്തായിരിക്കുമെന്ന് ജ്ഞാനമില്ലാത്ത ഒരുവന്റെ അവസ്ഥ എന്തായിരിക്കും..? 


   മൺമറഞ്ഞവരുടെ പിന്നിൽ മരണത്തെ കാത്തിരിക്കുന്നവരെ.., ദേഹേച്ഛകളാൽ വലയം ചെയ്യപ്പെട്ടവരെ.., ആഗ്രഹങ്ങളുടെ അടിമകളെ.., ഭക്തന്മാരുടെ നായകനും ലോകരക്ഷിതാവിന്റെ ഇഷ്ടദാസനുമായ മുഹമ്മദ് നബിﷺയിൽ നിന്നും നിങ്ങൾ പാഠമുൾക്കൊള്ളുന്നില്ലേ..?


   ഇഹത്തിൽ ശാശ്വതരെന്ന് നിങ്ങൾ ധരിച്ചുവോ? മരണത്തിൽ നിന്നും സുരക്ഷിതമെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ? എങ്കിൽ, നിങ്ങളുടെ ഊഹം എത്ര മോശമാണ്. നിശ്ചയം നിങ്ങൾ വഞ്ചിക്കപ്പെട്ടവരാണ്. അല്ലാഹു ﷻ വാണ് സത്യം, യാത്ര നിങ്ങൾക്ക് ഗുരുതരമായിട്ടുണ്ട്. മതിയായ സൽകർമ്മങ്ങൾ ശേഖരിക്കുക. ചോദ്യം നിർബന്ധമായിട്ടുണ്ട്, ശരിയായ മറുപടി നിങ്ങൾ തയ്യാറാക്കുക, ഇതാ നിങ്ങളുടെ മരണ വാർത്ത വിളിച്ചറിയിക്കാറായിട്ടുണ്ട്. അതിനു ശേഷം നന്മകൾ വർദ്ധിപ്പിക്കുവാനും തിന്മകൾ കുറക്കാനും നിങ്ങൾക്ക് സാദ്ധ്യമല്ല.

 നിങ്ങൾക്കു മുമ്പുള്ളവർ എവിടെ? പ്രതാപമുള്ളവരും സുരക്ഷിതരുമായിരുന്നു അവർ. ആയുർദൈർഘ്യവും ഭൗതിക സൗകര്യങ്ങളും ഉള്ളവരായിരുന്നു അവർ. അവരെ മരണം തകർത്തു കളഞ്ഞു. അവർ മണ്ണിന്റെ ഭാഗമായി. ചെറു ജീവികൾക്ക് ഭക്ഷണമായിപ്പോയി. പുനർജന്മം വരെ ഇതാണവരുടെ അവസ്ഥ. 


   പുനർജന്മ ദിവസം തങ്ങളുടെ പ്രവർത്തനങ്ങൾ കാണാൻ വേണ്ടി ജനങ്ങൾ ചിതറിയവരായി തിരിച്ചു വരും. നന്മ ചെയ്തവർ അത് കാണും. തിന്മ ചെയ്തവർ അതും കാണും. സദുപദേശം കൊണ്ട് ഉപകാരം ലഭിക്കുന്നവരിൽ അല്ലാഹു ﷻ നമ്മെ ഉൾപ്പെടുത്തട്ടെ.


 *ഔദാര്യവും ഉപകാരവും ഉടയ നാഥന്റെ വാക്യം:*


*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*

*وَمَا جَعَلْنَا لِبَشَرٍ مِّن قَبْلِكَ الْخُلْدَ ۖ أَفَإِن مِّتَّ فَهُمُ الْخَالِدُونَ ﴿٣٤﴾ كُلُّ نَفْسٍ ذَائِقَةُ الْمَوْتِ ۗ وَنَبْلُوكُم بِالشَّرِّ وَالْخَيْرِ فِتْنَةً ۖ وَإِلَيْنَا تُرْجَعُونَ ﴿٣٥﴾*


*(നബിയേ, അങ്ങേക്കു മുമ്പ് ഒരാള്‍ക്കും നാം ശാശ്വതത്വം നല്‍കിയിട്ടില്ലെന്നിരിക്കെ, താങ്കള്‍ മരിച്ചിട്ട് അവര്‍ നിത്യവാസികളായിരിക്കുമോ? എല്ലാ വ്യക്തികളും മരണം രുചിച്ചറിയും. പരിശോധിച്ചറിയാനായി നിങ്ങളെ നന്മകൊണ്ടും തിന്മകൊണ്ടും നാം പരീക്ഷണവിധേയരാക്കുന്നതാണ്. നിങ്ങളെ മടക്കപ്പെടുക നമ്മിലേക്ക് തന്നെയായിരിക്കും)*

  (അൽ അൻബിയാഅ് 34-35)


*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*

*يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾*


*സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്‍മങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു.*


*📍രണ്ടാമത്തെ ഖുതുബ*


     ഉദാരനും ആരാധ്യനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും. 


   കരുണാനിധിയും സ്തുതിക്കപ്പെടുന്നവനുമായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. പ്രസവിക്കപ്പെട്ടവരിൽ ഏറ്റവും പവിത്രതയുള്ള മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ ദൂതനും അടിമയുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. 


സുജൂദിൽ കിടന്ന് മലക്ക് തസ്ബീഹ് ചൊല്ലുന്ന കാലത്തോളം അല്ലാഹു ﷻ മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും ഗുണം ചെയ്യട്ടെ.


   *_ജനങ്ങളെ..,_*

   നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക. അവൻ നിർബന്ധമാക്കിയ കാര്യങ്ങൾ നിർവഹിക്കുന്നതിലേക്ക് ധൃതിപ്പെടുക. നിശ്ചയം അല്ലാഹു ﷻ തന്റെ സ്വന്തം സത്ത കൊണ്ട് ആരംഭിച്ച്, അവന്റെ പരിശുദ്ധിയെ വാഴ്ത്തി തസ്ബീഹ് ചൊല്ലുന്ന അവന്റെ മലക്കുകളെ രണ്ടാമതായി പറഞ്ഞ് തന്റെ സൃഷ്ടികളിൽ നിന്നും വിശ്വാസികളെ "ഓ" എന്ന് അഭിസംബോധന ചെയ്ത് വിളിച്ച് അവൻ ഒരു കാര്യം പ്രവർത്തിക്കാൻ നിങ്ങളോട് കൽപിച്ചിട്ടുണ്ട് എന്ന വസ്തുത നിങ്ങൾ അറിയുക. 


   അല്ലാഹു ﷻ പറഞ്ഞു : നിശ്ചയം അല്ലാഹുﷻവും അവന്റെ മലക്കുകളും അവന്റെ പ്രവാചകന്റെ (ﷺ) മേൽ സ്വലാത്ത് ചൊല്ലുന്നു അതിനാൽ "ഓ" സത്യവിശ്വാസികളെ, നിങ്ങൾ അദ്ദേഹത്തിന്റെ മേൽ സ്വലാത്തും സ്വലാമും ചൊല്ലുക.


   അല്ലാഹുﷻവേ, നീ നിന്റെ പ്രവാചകനും ഞങ്ങളുടെ നേതാവുമായ മുഹമ്മദ് നബിﷺയുടെ മേൽ ഗുണവും രക്ഷയും ചൊരിയേണമേ, ആ പ്രവാചകന്റെ കയ്യിൽ വെച്ച് ചരൽക്കല്ല് തസ്ബീഹ് ചൊല്ലിയിരിക്കുന്നു. അവിടത്തെ വിരലുകൾക്കിടയിൽ നിന്നും ജലം ഉറവെടുത്തിരിക്കുന്നു. 


   സന്മാർഗ്ഗം സിദ്ധിച്ച് അവിടത്തെ പിൻഗാമികളിൽ ആദ്യത്തവരും മാർഗ്ഗദർശനം നൽകുന്ന നേതാക്കളിൽ ഉത്തമരും ആയവരേ തൊട്ട് നീ തൃപ്തിപ്പെടേണമേ. അദ്ദേഹം അനുകമ്പയുള്ള ഇമാമും

വിശ്വാസികളുടെ നായകനുമായ അബൂബക്കർ സിദ്ദീഖ് (റ) ആകുന്നു.


   അല്ലാഹുﷻവെ, സഹപാഠികളിൽ ബഹുമാനമർഹിക്കുന്ന ഇമാമിനെ തൊട്ടും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നായകനായ ഉമർബ്നുൽ ഖത്ത്വാബ്(റ)വിനെ.

പെൺമക്കളുടെ ഭർത്താവിനെയും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നേതാവായ ഉസ്മാനുബ്നു അഫ്ഫാൻ (റ)എന്നവരെ.


   അല്ലാഹുﷻവെ, അൽഭുതങ്ങൾ വെളിവാക്കിയവരെ നീ തൃപ്തിപ്പെടേണമേ. അതായത് വിശ്വാസികളുടെ നേതാവായ അലിയ്യുബ്നു അബീത്വാലിബ്(റ)വിനെ. നബിﷺയുടെ രണ്ട് പിതൃസഹോദരന്മാരായ ഹംസ(റ), അബ്ബാസ്(റ) എന്നിവരെ നീ തൃപ്തിപ്പെടേണമേ, നിന്റെ പ്രവാചകന്റെ അവശേഷിക്കുന്ന സ്വഹാബാക്കളെ തൊട്ടും നീ തൃപ്തിപ്പെടേണമേ. 


   അല്ലാഹുﷻവെ, വിശ്വാസികൾക്കും വിശ്വാസിനികൾക്കും മുസ്ലിംകൾക്കും മുസ്ലിമത്തുകൾക്കും നീ പൊറുത്ത് കൊടുക്കേണമേ. അവരിൽ നിന്നും ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും, നിശ്ചയം നീ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നവനാണ്. ആവശ്യങ്ങൾ വീട്ടുന്നവനെ അവരുടെ മണ്ണിനെ നീ നന്നാക്കേണമേ, അവരുടെ അഭയ കേന്ദ്രം സ്വർഗ്ഗവും ആക്കേണമേ..


   അല്ലാഹുﷻവെ, ഞങ്ങൾക്ക് ദുനിയാവിൽ നല്ലതിനെയും ആഖിറത്തിൽ നല്ലതിനേയും നീ നൽകേണമേ, നരകശിക്ഷയിൽ നിന്നും ഞങ്ങളെ കാക്കേണമേ. അല്ലാഹുﷻവെ, നരകത്തിൽ നിന്നും ഞങ്ങളെ നീ രക്ഷിക്കേണമേ. (ഇത് മൂന്നു പ്രാവശ്യം പറയണം) അല്ലാഹുﷻവെ, തീ കൊണ്ട് ഞങ്ങളെ നീ ചൂടാക്കരുതേ, നരകത്തിന്റെ വിറകിൽ നീ ഞങ്ങളെ ഉൾപ്പെടുത്തരുതേ. നിശ്ചയം നരകം മോശമായ ഭവനമാണ്. സ്ഥിരതാമസം മോശമായതും. വാസസ്ഥലം ചീത്തയായതുമാണ്.


   ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങൾക്കും, വിശ്വാസത്തിൽ ഞങ്ങളുടെ മുൻകഴിഞ്ഞ് പോയ ഞങ്ങളുടെ സഹോദരങ്ങൾക്കും പൊറുത്ത് തരേണമേ.. വിശ്വസിച്ചവരോട് ഞങ്ങളുടെ ഹൃദയങ്ങളിൽ നീ പകയെ കുടിയിരുത്തരുതെ. ഞങ്ങളുടെ രക്ഷിതാവേ, നീ കൂടുതൽ കരുണ ചെയ്യുന്നവനും, അനുകമ്പ കാണിക്കുന്നവനുമാണ്.


   നിശ്ചയം അല്ലാഹു ﷻ നീതി കൊണ്ടും നന്മ കൊണ്ടും, അടുത്തവർക്ക് ദാനം നൽകൽ കൊണ്ടും കൽപിക്കുന്നു. ചീത്തയേയും, വെറുക്കപ്പെട്ടതിനെയും, അക്രമത്തേയും അവൻ തടയുന്നു. നിങ്ങൾ ചിന്തിക്കുന്നവരാകാൻ വേണ്ടി അവൻ നിങ്ങളെ ഉപദേശിക്കുന്നു.


   അല്ലാഹുﷻവിനെ സ്മരിക്കലാണ് ഏറ്റവും വലിയതായിട്ടുള്ളത്. നിങ്ങൾ പ്രവർത്തിക്കുന്നതിനെ അവൻ അറിയുന്നു.

Post a Comment