മുഹമ്മദ് നബി ﷺ : രണ്ട്: അലി(റ).| Prophet muhammed history in malayalam | Farooq Naeemi


 രണ്ട്: അലി(റ).

രണ്ടാമതായി മുത്ത് നബിﷺയുടെ പ്രവാചകത്വം അംഗീകരിച്ചത് അലി(റ) ആയിരുന്നു. ഒന്നാമതായി ഇസ്‌ലാം സ്വീകരിച്ച പുരുഷൻ അലി(റ) എന്ന ഇബ്നുഇസ്ഹാഖിന്റെ പ്രയോഗവും കുട്ടികളിൽ നിന്ന് ആദ്യം എന്ന പ്രയോഗവും തത്വത്തിൽ ഒന്നു തന്നെയാണ്. ചെറിയ പ്രായത്തിൽ തന്നെ നബിﷺയോടൊപ്പം ജീവിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. അതിന്റെ പശ്ചാത്തലം ഇതായിരുന്നു. മുത്ത് നബിﷺക്ക് എല്ലാവിധ പരിചരണങ്ങളും നൽകിയിരുന്ന പിതൃസഹോദരൻ അബൂത്വാലിബിന് സാമ്പത്തിക പ്രതിസന്ധി നേരിട്ടു. നബി ﷺ ഇത് കൃത്യമായി തിരിച്ചറിഞ്ഞു. എന്തെങ്കിലും ഒരു പരിഹാരം ഉണ്ടാക്കണമല്ലോ എന്നു കരുതി. പിതൃസഹോദരനെ സഹായിക്കാൻ ഒരു ഉപാധികണ്ടെത്തി. അബൂത്വാലിബിന്റെ സഹോദരൻ അബ്ബാസ് എന്നവർ അത്യാവശ്യം സമ്പന്നനായിരുന്നു. അദ്ദേഹത്തെ സമീപിച്ചു കൊണ്ട് നബി ﷺ പറഞ്ഞു. അല്ലയോ അബുൽ ഫള്ൽ താങ്കളുടെ സഹോദരൻ അബൂത്വാലിബ് കുറച്ച് പ്രാരാബ്ദത്തിലാണെന്ന് അറിഞ്ഞു കാണുമല്ലോ? പൊതുവെ ജനങ്ങളും തന്നെ സാമ്പത്തിക ഞെരുക്കത്തിലാണല്ലോ? അബൂത്വാലിബിനാണെങ്കിൽ മക്കളും ചുറ്റുപാടുകളുമൊക്കെയായി നല്ല ബാധ്യതയാണ്. ഞാനൊരു പരിഹാരം ആരാഞ്ഞ് കൊണ്ടാണ് വന്നിട്ടുള്ളത്. നമുക്ക് അദ്ദേഹത്തെ സമീപിച്ച് ഓരോ മക്കളെ ഏറ്റെടുത്താലെന്താ? അബ്ബാസ് പറഞ്ഞു അതിനെന്താ.. നല്ല കാര്യമാണല്ലോ സന്തോഷമേ ഉള്ളു. ഒരു നല്ല കാര്യത്തിലേക്കാണല്ലോ ക്ഷണിക്കുന്നത്.
അങ്ങനെ രണ്ടു പേരും അബൂത്വാലിബിനെ സമീപിച്ചു. ക്ഷേമാന്വേഷണങ്ങൾ നടത്തി. ശേഷം പറഞ്ഞു. നിങ്ങളുടെ ജീവിത ചുറ്റുപാടുകൾ ഞങ്ങൾക്കറിയാം. ഒരാശ്വാസവുമായിട്ടാണ് ഞങ്ങൾ വന്നിട്ടുള്ളത്. അത് മറ്റൊന്നുമല്ല. താങ്കളുടെ മക്കളിൽ ചിലരെ ഞങ്ങൾ കൊണ്ടു പോകാം. ഈ പ്രയാസങ്ങളൊക്കെത്തീരും വരെ ഞങ്ങൾ പരിപാലിച്ചോളാം. എന്ത് പറയുന്നു?
അബൂത്വാലിബിന് അധികം ആലോചിക്കേണ്ടി വന്നില്ല. അദ്ദേഹം പറഞ്ഞു ശരി. ചെറിയ മകൻ അഖീലിനെ നിങ്ങൾ കൊണ്ടു പോകരുത് ബാക്കിയുള്ളവരെ നിങ്ങളുടെ താൽപര്യം പോലെയാകാം. അത് പ്രകാരം അബ്ബാസ് ജഅ്ഫറിനെയും നബി ﷺ അലിയെയും ഏറ്റെടുത്തു. രണ്ട് പേരും മക്കളെയും കൂട്ടി വീട്ടുകളിലേക്ക് മടങ്ങി.
അലിയെ ഏറ്റെടുക്കുക വഴി ഒരു പ്രത്യുപകാരവും മധുര സമ്മാനവും അബൂത്വാലിബിന് സമർപ്പിക്കാൻ നബി ﷺ ക്ക് സാധിച്ചു. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ മോനെ ഞാനല്ലേ പോറ്റി വളർത്തിയത് എന്ന് നബി ﷺ യോട് കടപ്പാട് പറയാനുള്ള അവസരം അബൂത്വാലിബിന് ഇല്ലാതെയായി. കാരണം നബി ﷺ യല്ലേ അലിയെ പോറ്റിവളർത്തിയത് എന്ന ചോദ്യം അവിടെ ബാക്കിയാവും.
അലി(റ) ഇസ്‌ലാമിലേക്കു കടന്നു വരുന്ന ദിനങ്ങളെ നമുക്ക് വായിച്ചു നോക്കാം. പ്രവാചകത്വം പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസം അലി(റ) നബി ﷺ യുടെ അടുത്തേക്ക് കടന്നു വന്നു. അപ്പോൾ അവിടുന്ന് ബീവി ഖദീജ(റ) യോടൊപ്പം നിസ്കരിച്ചു കൊണ്ടിരിക്കുകയായിരുന്നു, കൗതുകത്തോടെ അലി(റ) അത് നോക്കി നിന്നു ശേഷം ചോദിച്ചു. നിങ്ങൾ എന്താണീ ചെയ്തു കൊണ്ടിരിക്കുന്നത്? നബി ﷺ പറഞ്ഞു ഇത് അല്ലാഹുവിന്റെ മതമാണ്. അവൻ അവന്റെ പ്രവാചകന്മാരെ നിയോഗിച്ച് പ്രബോധനം ചെയ്ത മതം.. മോനേ അലീ.. നിന്നെ ഞാൻ ഏകനായ അല്ലാഹുവിലേക്ക് ക്ഷണിക്കുന്നു. അവനെ നീ ആരാധിക്കുക. ലാത്തയെയും ഉസ്സയേയും നിരസിക്കുക. അലി(റ)പറഞ്ഞു. ഇത് ഇന്ന് വരെ കേൾക്കാത്ത കാര്യങ്ങളാണല്ലോ? ഞാൻ ഉപ്പയോട് ചോദിച്ചിട്ട് തീരുമാനമെടുക്കാം സാധാരണയിൽ അങ്ങനെയാണല്ലോ.. ഉടനെ നബി ﷺ പറഞ്ഞു. മോനേ ഇപ്പോൾ നീ സ്വീകരിക്കുന്നില്ലെങ്കിൽ വേണ്ട. പക്ഷേ, ഇപ്പോൾ ഇക്കാര്യം ആരോടും പങ്കുവെക്കരുത്!
അലി(റ) അന്ന് രാത്രി അവിടെത്തന്നെ കഴിഞ്ഞു. പ്രഭാതമായപ്പോഴേക്കും അലി(റ) യുടെ ഹൃദയത്തിൽ അല്ലാഹു നേർവഴി തെളിയിച്ചു. അതിരാവിലെ തന്നെ അദ്ദേഹം നബി ﷺ യുടെ അടുത്തെത്തി. താത്പര്യപൂർവ്വം ഇസ്‌ലാമിന്റെ വിശദാംശങ്ങൾ അന്വേഷിച്ചു. നബി ﷺ എല്ലാം വിശദീകരിച്ചു കൊടുത്തു. അല്ലാഹു അല്ലാതെ ആരാധനക്കർഹനില്ല. ലാത്തയും ഉസ്സയും തുടങ്ങി അവന് ഒരു പങ്കാളിയും ഇല്ലെന്ന് പ്രഖ്യാപിക്കുക. അലി(റ) അംഗീകരിച്ചു. പൂർണമായും ഇസ്‌ലാം സ്വീകരിച്ചു. അബൂത്വാലിബിന്റെ പ്രതികരണം എന്തായിരിക്കും എന്നറിയാത്തതിനാൽ ഇക്കാര്യം അദ്ദേഹത്തെ അറിയിച്ചില്ല...
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി

#EnglishTranslation

Two: Ali (RA)
Secondly, it was Ali (RA) who accepted the prophecy of the Prophet Muhammad ﷺ. Ibn Ishaq's report of Ali (RA) as the first 'man' to accept Islam and that of first among children are the same . Ali (R) had the opportunity to live with the Prophet ﷺ at a young age. The background was this. Abu Talib faced a financial crisis. The Prophet ﷺ was really aware of this and thought that something should be done to solve it. He found a way to help his uncle. Abu Talib's brother Abbas was very rich. The Prophet ﷺ approached him and said, "O Abul Fazl, do you know that your brother Abu Talib has been facing financial crisis? The people in general are also in financial distress.
Abu Talib has a great responsibility with his children and other duties . I have come to find a solution. Why don't we approach him and take over each of his children? Abbas said, "Why not!?. It is a good thing. I am very happy that you invited me to such a good deed".
Then the two of them approached Abu Talib and inquired about his well-being. Then they said, "We know your living status. We have come with a relief. It is nothing else. We will take some of your children with us.We will take care of them until all these difficulties are over. What do you say?"
Abu Talib didn't have to think much. He said ok. But don't take my little son Aqeel, the rest can be as you wish. According to it, Abbas took Ja'far and the Prophet ﷺ took Ali. Both of them returned to their homes with the children.
By taking over Ali, the Prophet ﷺ was able to present a reward and a sweet gift to Abu Talib. In other words, Abu Talib lost the opportunity to tell the Prophet ﷺ that ' It was not I raised you'
Let's read about the days when Ali (RA) came to Islam. The day after the declaration of prophecy , Ali came to the Prophet ﷺ. Then the Prophet ﷺ was praying with his wife Khadeeja, and Ali looked at them curiously and asked, "What are you doing?" The Prophet ﷺ said this is the religion of Allah. The religion, He preached through His Prophets.....O Ali....I invite you to Allah, the One. Worship Him. Reject Lata and Uzzah. Ali said. this is unheard of till today ? I would ask my father and decide .That is how it usually . Immediately, the Prophet ﷺ said, "If you don't accept now, no, but don't share this with anyone now!"
Ali stayed there that night. By morning, Allah showed the right path in Ali's heart. He came to the Prophet very early in the morning and inquired about the details of Islam with interest. The Prophet ﷺ explained everything. There is no god but Allah. Declare that, he has no partner, like Lata and Uzzah. Ali (RA) accepted Islam completely. He did not inform Abu Talib about this because he did not know what his reaction would be...

Post a Comment