ഇസ്റാഅ് മിഅ്റാജ് | ചരിത്രം വായിക്കാം Isra and Mi'raj in Malayalam

Isra and Mi'raj in Malayalam


➡മസ്ജിദുൽ ഹറാമിൽ നിന് ബൈതുൽ മുഖദ്ദസിലക്കുള്ള രാപ്രയാണത്തിനാണ് ഇസ്റാഅ് എന്ന് പറയുന്നത്.

➡മിഅ്റാജ് - അവിടെ നിന്ന് ഏഴാകാശങ്ങൾ അടക്കമുള്ള അദൃശ്യ ലോകങ്ങൾ താണ്ടി അല്ലാഹു നിശ്ചയിച്ച പരിധി വരേയുള്ള യാത്രയാണ്.

➡ഇസ്റാഅ് മിഅ്റാജിന്റെ ചരിത്രം നാൽപത്തഞ്ച് സ്വഹാബികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.(ശറഹുൽ മവാഹിബ്)

ദുഃഖവര്‍ഷം

റസൂല്‍(സ്വ)ക്ക് പ്രവാചകത്വം ലഭിച്ച് പത്തു വര്‍ഷത്തിനുശേഷം അബൂത്വാലിബും ഖദീജ(റ)യും ഈ ലോകത്തോട് വിടപറഞ്ഞു. ആമുല്‍ ഹുസ്ന് (ദുഃഖവര്‍ഷം) എന്നാണ് ചരിത്രകാരന്മാര്‍ ഈ വര്‍ഷത്തെ വിശേഷിപ്പിച്ചത്. മക്കാ ജീവിതത്തിലെ നിര്‍ണായക ഘട്ടമായിരുന്നു ഇത്. ശത്രുക്കളുടെ അതി കഠിനമായ പീഡനങ്ങള്‍ക്കിടയിലാണ് വിരഹദുഃഖവും കൂടി നബിﷺ പേറേണ്ടിവന്നത്. പ്രസ്ഥാനരക്ഷ ലക്ഷ്യം വെച്ച് ത്വാഇഫിലേക്ക് നബിﷺ പലായനം ചെയ്തു. അവിടെ മര്‍ദനങ്ങള്‍ക്ക് കാഠിന്യം വര്‍ധിക്കുകയായിരുന്നു. ദുഃഖത്തിനുമേല്‍ ദുഃഖവുമായി നബിﷺ മക്കയിലേക്ക് തിരിച്ചു. അപ്പോഴാണ് സ്നേഹിതനെ (ഹബീബിനെ) സ്നേഹിതന്‍ ആശ്വസിപ്പിക്കുന്നതും ആദരിക്കുന്നതും. ഈ സാന്ത്വനവും ആദരവുമാണ് ഇസ്റാഅ്-മിഅ്റാജ് സംഭവം.

➡ യാത്രയുടെ പ്രധാനപ്പെട്ട ഭാഗങ്ങൾ മാത്രമാണ് ഇവിടെ പ്രതിപാദിക്കുന്നത്.

ഇസ്റാഅ് - രാപ്രയാണം

(بِسۡمِ ٱللَّهِ ٱلرَّحۡمَـٰنِ ٱلرَّحِیمِ سُبۡحَـٰنَ ٱلَّذِیۤ أَسۡرَىٰ بِعَبۡدِهِۦ لَیۡلࣰا مِّنَ ٱلۡمَسۡجِدِ ٱلۡحَرَامِ إِلَى ٱلۡمَسۡجِدِ ٱلۡأَقۡصَا ٱلَّذِی بَـٰرَكۡنَا حَوۡلَهُۥ لِنُرِیَهُۥ مِنۡ ءَایَـٰتِنَاۤۚ إِنَّهُۥ هُوَ ٱلسَّمِیعُ ٱلۡبَصِیرُ)

[سورة الإسراء]

"തന്റെ ദാസനെ ഒരു രാത്രിയിൽ മസ്ജിദുൽ ഹറാമിൽ നിന്ന് മസ്ജിദുൽ അഖ്സയിലെക്ക് നിശായാത്ര ചെയ്യിപ്പിച്ചവൻ എത്രയോ പരിശുദ്ധൻ - മസ്ജിദുൽ അഖ്സയുടെ പരിസരം നാം അനുഗ്രഹീതമാക്കിയിരിക്കുന്നു - നമ്മുടെ ദൃഷ്ടാന്തങ്ങളിൽ ചിലത് അദ്ദേഹത്തിനു നാം കാണിച്ചുകൊടുക്കാൻ വേണ്ടിയത്രെ അത്. അവൻ(അല്ലാഹു) എല്ലാം കേൾക്കുന്ന വാനും കാണുന്നവനുമാകുന്നു. (ഇസ്റാഅ്:1)

യാത്രക്ക് ഒരുങ്ങുന്നു 

പ്രവാചകത്വത്തിന്‍റെ പതിനൊന്നാം വര്‍ഷം, റജബ് മാസം 27-ാം രാവ്, തിങ്കളാഴ്ച ദിവസം നബിﷺ പിതൃവ്യന്‍ അബൂത്വാലിബിന്‍റെ മകള്‍ ഉമ്മുഹാനിഇന്‍റെ വീട്ടില്‍ വിശ്രമിക്കുമ്പോള്‍ ജിബ്രീല്‍(അ)ന്‍റെ നേതൃത്വത്തില്‍ ഏതാനും മലക്കുകള്‍ വരുന്നു. അവര്‍ നബിﷺയെ സംസം കിണറിനരികിലേക്ക് കൊണ്ടുപോയി, അവിടെ നബിﷺയുടെ നെഞ്ച് കീറി ഉള്‍ഭാഗങ്ങള്‍ കഴുകി, വിജ്ഞാനം നിറച്ചു. നടക്കാനിരിക്കുന്ന യാത്രയുടെ അനുഭവങ്ങള്‍ സ്വീകരിക്കാനും ഉള്‍ക്കൊള്ളുവാനുമുള്ള ആത്മീയ പാകത കൈവരുത്തലാകാം ലക്ഷ്യം.

ബുറാഖ്

ബുറാഖ് എന്ന സ്പെഷ്യൽ വാഹനത്തെ ഹദീസിൽ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്;

ثُمَّ أُتِيتُ بِدَابَّةٍ دُونَ البَغْلِ، وَفَوْقَ الحِمَارِ أَبْيَضَ، - فَقَالَ لَهُ الجَارُودُ: هُوَ البُرَاقُ يَا أَبَا حَمْزَةَ؟ قَالَ أَنَسٌ: نَعَمْ - يَضَعُ خَطْوَهُ عِنْدَ أَقْصَى طَرْفِهِ،

കോവർ കഴുതയുടെ വലിപ്പമില്ലാത്തതും സാധാരണ കഴുതയെക്കാൾ വലിപ്പമുള്ളതുമായ വെള്ള നിറത്തിലുള്ള ഒരു മൃഗത്തെ എനിക്കു  കൊണ്ടുവരപ്പെട്ടു. ഇതു വിവരിച്ചപ്പോൾ അനസ്(റ)നോട് ജാറൂദ്(റ) ചോദിച്ചു:അബാഹംസാ? അത് ബുറാഖാണോ? അനസ്(റ) പറഞ്ഞു :അതെ, കണ്ണെത്താവുന്ന ദൂരത്ത് അത് കാൽവെക്കും. (ബുഖാരി). 

നബിﷺക്ക് ബുറാഖിന്റെ പുറത്ത് കയറാന്‍ പ്രയാസം വന്നപ്പോള്‍ ജിബ്‌രീൽ(അ) പുറാഖിനോട് ചോദിച്ചു:

  أبمحمد تفعل هذا   

മുഹമ്മദ്നബിﷺയോടാണോ നീ ഇങ്ങനെ ചെയ്യുന്നത്? ചോദ്യം കേട്ട ബുറാഖ് വിയർത്തൊലിച്ചു. 

 മദീനയിൽ ഇറങ്ങുന്നു

وعند ابن سعد : وكان الآخد بركابه جبريل، وبزمام البراق ميكائيل، فساروا حتى بلغوا أرضا ذات نخل فقال له جبريل : انزل فصلّ ههنا، ففعل ، ثم ركب ، فقال له جبريل: أتدري أين صليت؟ فقال: لا ، قال : صليت بطيبة وإليها المهاجرة.

(الأنوار البهية من إسراء ومعراج خير البرية-١٤)

മസ്ജിദുൽ ഹറാമിൽ നിന്ന് ബൈതുൽ മുഖദ്ദസിലേക്കുള്ള പ്രയാണത്തിൽ യാത്രാ വാഹനമായ ബുറാഖിന്റെ കടിഞ്ഞാൺ പിടിച്ചിരുന്നത് മികാഈൽ(അ)ാണ്.

യാത്ര നിയന്ത്രച്ചിരുന്നത് ജിബ്‌രീൽ(അ)ആണ്. യാത്ര കുറച്ചുദൂരം പിന്നിട്ടപ്പോൾ ഈത്തപ്പനകൾ നിറഞ്ഞ ഒരു സ്ഥലത്തെത്തി. ജിബ്‌രീൽ (അ) പറഞ്ഞു: ഇവിടെ ഇറങ്ങി നിസ്കരിക്കുക.

മുത്ത് നബിﷺ നിസ്കരിക്കുകയും തിരിച്ച് വാഹനത്തിൽ കയരുകയും ചെയ്തു. ജിബ്‌രീൽ (അ) ചോദിച്ചു: അങ്ങ് നിസ്കരിച്ച സ്ഥലം ഏതാണെന്ന് മനസ്സിലായോ?

നബിﷺപറഞ്ഞു: ഇല്ലാ

ജിബ്‌രീൽ(അ): താങ്കൾക്ക് ഹിജ്റ പോകുന്നുള്ള നാടായ ത്വൈബയാണ്(മദീനയാണ്)

(അൽഅൻവാർ)

മദ്‌യനിലെ മരച്ചുവട് 

فانطَلَقَ البُراقُ يَهْوِي به يضَعُ حَافِرَهُ حيثُ أدرَكَ طرفُه، فقال له جبريل: انزل فصَلِّ ههنا، ففعل ثم ركب، فقال له جبريل: أتدري أين صلَّيتَ؟ قال: لا ، قال: صلَّيتَ بِمَدْيَنَ عند شجرة موسى

(الأنوار البهية من إسراء ومعراج خير البرية-١٥)

يهوي:يسير سيرا حثيثا قويا كالهواء.

മദീനയിലെ സന്ദർശനം കഴിഞ്ഞ് ബുറാഖ് കാറ്റ് സഞ്ചരിക്കുന്ന വേഗതയിൽ കണ്ണെത്തും ദൂരത്തിൽ തന്റെ കാൽ എടുത്ത് വെച്ചു. ജിബ്‌രീൽ(അ)പറഞ്ഞു: നബിയേ ഇവിടെ ഇറങ്ങി നിസ്കരിക്കുക.

തിരുനബിﷺ അവിടെ ഇറങ്ങി നിസ്കരിക്കുകയും തിരിച്ച് വാഹനത്തിൽ കയറുകയും ചെയ്തു.

ജിബ്‌രീൽ(അ): താങ്കൾ നിസ്കരിച്ച സ്ഥലം ഏതാണെന്ന് മനസ്സിലായോ?

നബിﷺ: ഇല്ലാ

ജിബ്‌രീൽ (അ): മൂസാനബി(അ) ഇരുന്നിരുന്ന മദ്‌യനിലെ മരത്തിന്റെ താഴെയാണ് അങ്ങ് നിസ്കരിച്ചത്.

(അൽഅൻവാർ)

➡ മഹാന്മാരുമായി ബന്ധമുള്ള സ്ഥലങ്ങൾക്ക് പവിത്രതയുണ്ടെന്നും അവിടങ്ങൾ സന്ദർശിച്ച് ബറകത്ത് എടുക്കൽ പുണ്യമായ കാര്യമാണെന്നും ഈ സംഭവം നമ്മേ പഠിപ്പിക്കുന്നു

 തൂരിസീനാ പർവ്വതം

فانطلق البراق يهوي به، ثم قال له جبريل: انزل فصلِّ، ففعل ثم ركب، فقال له: أتدري أين صلّيت؟ قال: لا.

قال : صلَّيتَ بطورِ سِينَاءَ حيث كلَّمَ الله موسى.


മദ്‌യനിൽ നിന്നും വീണ്ടും യാത്ര തുടർന്നു.

മറ്റൊരിടത്ത് എത്തിയപ്പോൾ ജിബ്‌രീൽ (അ) പറഞ്ഞു: നബിയേ ഇവിടെയും ഇറങ്ങി നിസ്കരിക്കുക.

അവിടുന്ന് നിസ്കാരം കഴിഞ്ഞു തിരിച്ച് വാഹനത്തിൽ കയറി.

ജിബ്‌രീൽ(അ): എവിടെയാന്ന് നിസ്കരിച്ചതെന്ന് താങ്കൾ അറിയുമോ?

നബിﷺ: അറിയില്ല.

ജിബ്‌രീൽ (അ): അല്ലാഹു മൂസാ നബി (അ)യോട് സംസാരിച്ച തൂരിസീനാ പർവ്വതത്തിലാണ് അങ്ങ് നിസ്കരിച്ചത്.

 ശാമിലെ കൊട്ടാരങ്ങളും ബൈതുലഹ്‌മും

ثم بلغ أرضا فبدت له قصور الشام، فقال له جبريل: انزل فصلِّ، ففعل، ثم ركب، فانطلق البراق يهوي به فقال: أتدري أين صليت؟ قال: لا ، قال: صليتَ بِبَيْتِ لَحْمٍ حيث ولد عيسى ابن مريم

(الأنوار البهية من إسراء ومعراج خير البرية-16)

തൂരിസീനയിൽ നിന്നും വീണ്ടും യാത്ര തുടർന്നു. ശാമിലെ കൊട്ടാരങ്ങൾ കാണാൻ തുടങ്ങി. ജിബ്‌രീൽ (അ)അവിടെ ഇറങ്ങി നിസ്കരിക്കാൻ ആവശ്യപ്പെടുകയും നബിﷺ നിസ്കരിക്കുകയും ചെയ്തു. പതിവു പോലെ ജിബ്‌രീൽ (അ) ചോദിച്ചു: ഈ സ്ഥലം ഏതാണെന്ന് അറിയുമോ?

നബിﷺ: അറിയില്ല

ജിബ്‌രീൽ(അ):

ഈസാനബി (അ)യെ

പ്രസവിക്കപ്പെട്ട ബൈതുലഹ്‌മി(ബത്‌ലഹേം) ലാണ് അങ്ങ് നിസ്കരിച്ചത്.

(അൽഅൻവാർ)

മൂസാനബി(അ)യുടെ ഖബ്റിനരികിൽ 

قال النبيﷺ: مٙرٙرْتُ عَلَىٰ مُوسَىٰ لَيْلَةَ أُسْرِيَ بِي عِنْدَ الْكَثِيبِ الأَحْمَرِ. وَهُوَ قَائِمٌ يُصَلِّي فِي قَبْرِهِ".(صحيح مسلم: ٤٣٧٩)

നബിﷺപറയുന്നു: ഇസ്റാഇന്റെ രാത്രി ചെമന്നമണൽകുന്നിനു സമീപത്ത് മൂസാ നബി(അ) ഖബ്റിന്നുള്ളിൽ വെച്ച് നിസ്ക്കരിക്കുകയായിരുന്നു.

(സ്വഹീഹു മുസ്‌ലിം:4379)

➡മഹാന്മാരായ അമ്പിയാക്കൾ അവരുടെ ഖബ്റിൽ ജീവിച്ചിരിക്കുകയാണെന്നും, ഖബ്റിന്റെ അകത്തുള്ള  മൂസാ നബി(അ) യെ പുറത്തുള്ള നബി(സ്വ)ക്ക്

കാണാൻ സാധിക്കുന്നുവെന്നും ഈ ഹദീസ് നമ്മെ ഓർമ്മപ്പെടുത്തുന്നു.

➡ഖബ്റിൽ നിസ്കരിക്കുന്നവരേയും, ഖുർആൻ പാരായണം ചെയ്യുന്നവരേയും ഹദീസുകളിലും, ചരിത്രങ്ങളിലും കാണാം. 

➡മുത്ത് നബി ﷺ

ഒരിക്കൽ വെള്ളിയാഴ്ച സ്വലാത്ത് ചൊല്ലുന്നതിന്റെ മഹത്വം പറയുന്ന കൂട്ടത്തിൽ പറഞ്ഞു: അന്ന് നിങ്ങൾ ചൊല്ലുന്ന സ്വലാത്തുകൾ എനിക്ക് വെളിവാക്കപ്പെടും. അപ്പോൾ സ്വഹാബികളിൽ ചിലർ ചോദിച്ചു: അങ്ങയ്ക്ക് എങ്ങനെയാണ് വെളിവാക്കപ്പെടുക. അങ്ങ്  മണ്ണോടു അലിഞ്ഞു ചേർന്നിരിക്കില്ലെ?

നബി ﷺപറഞ്ഞു:

إن الله عز وجل حَرَّمَ على الأرض أن تأكل أجسادَ الأنبياءِ ".

തിർച്ചയായും അല്ലാഹു അമ്പിയാക്കളുടെ ശരീരങ്ങളെ തിന്നുന്നത് ഭൂമിക്ക്  ഹറാമാക്കിയിരിക്കുന്നു.

➡സ്വഹാബിമാരിൽ ചിലർ വഫാത്തായതിന്ന് എത്രയോ കാലശേഷം അവരുടെ ഖബ്റ് തുറക്കേണ്ട സാഹചര്യമുണ്ടായപ്പോൾ അവരുടെ ശരീരങ്ങൾക്ക് യാതൊരു രൂപവിത്യാസവും ഇല്ലാതിരുന്നതായും ചരിത്രത്തിൽ കാണാം.

 ബൈതുൽ മുഖദ്ദസിൽ

യാത്ര ബൈതുൽ മുഖദ്ദസിൽ എത്തിയപ്പോള്‍ നബിﷺയെ സ്വീകരിക്കുന്നതിനും മറ്റും ആദം നബി(അ) മുതൽ ഈസാ നബി(അ) വരേയുള്ള എല്ലാ അമ്പിയാ മുർസലുകളും അവിടെ ഒരുമിച്ചുകൂടിയിരുന്നു. നബിﷺ അമ്പിയാക്കൾ ബന്ധിക്കാറുള്ള ഹൽഖയിൽ ബുറാഖ് ബന്ധിപ്പിച്ചു. ശേഷം പ്രവാചകന്മാർക്ക് ഇമാമായി അവിടുന്ന് നിസ്കരിക്കുകയുണ്ടായി. ഇക്കാര്യം പ്രബലമായ ഹദീസുകളിൽ വന്നിട്ടുണ്ട്. (ത്വബഖാത്തുൽ കുബ്റ, ഖസാഇസുൽ കുബ്റ) 

ഒന്നാം ആകാശം 

فَعَرَجَ بِي إِلَى السَّمَاءِ الدُّنْيَا، فَلَمَّا جِئْتُ إِلَى السَّمَاءِ الدُّنْيَا، قَالَ جِبْرِيلُ: لِخَازِنِ السَّمَاءِ افْتَحْ، قَالَ: مَنْ هَذَا؟ قَالَ هَذَا جِبْرِيلُ، قَالَ: هَلْ مَعَكَ أَحَدٌ؟ قَالَ: نَعَمْ مَعِي مُحَمَّدٌ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقَالَ: أُرْسِلَ إِلَيْهِ؟ قَالَ: نَعَمْ، فَلَمَّا فَتَحَ عَلَوْنَا السَّمَاءَ الدُّنْيَا، فَإِذَا رَجُلٌ قَاعِدٌ عَلَى يَمِينِهِ أَسْوِدَةٌ، وَعَلَى يَسَارِهِ أَسْوِدَةٌ، إِذَا نَظَرَ قِبَلَ يَمِينِهِ ضَحِكَ، وَإِذَا نَظَرَ قِبَلَ يَسَارِهِ بَكَى، فَقَالَ: مَرْحَبًا بِالنَّبِيِّ الصَّالِحِ وَالِابْنِ الصَّالِحِ، قُلْتُ لِجِبْرِيلَ: مَنْ هَذَا؟ قَالَ: هَذَا آدَمُ، وَهَذِهِ الأَسْوِدَةُ عَنْ يَمِينِهِ وَشِمَالِهِ نَسَمُ بَنِيهِ، فَأَهْلُ اليَمِينِ مِنْهُمْ أَهْلُ الجَنَّةِ، وَالأَسْوِدَةُ الَّتِي عَنْ شِمَالِهِ أَهْلُ النَّارِ، فَإِذَا نَظَرَ عَنْ يَمِينِهِ ضَحِكَ، وَإِذَا نَظَرَ قِبَلَ شِمَالِهِ بَكَى

നബിﷺപറയുന്നു: ജിബ്‌രീൽ(അ) എന്റെ കൈപിടിച്ച് ഭൂമിയുടെ അടുത്ത ആകാശത്തു ചെന്ന് അതു തുറക്കാനാവശ്യപ്പെട്ടു . അപ്പോൾ 'ആരാണത് ' എന്ന ചോദ്യമുണ്ടായി. 'ജിബ്‌രീൽ' എന്ന് അദ്ദേഹം പറഞ്ഞു. 'ആരാണു താങ്കളുടെ കൂടെ' എന്നു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: 'മുഹമ്മദ്' , "അദ്ദേഹത്തിലേക്ക് അയക്കപ്പെട്ടിരുന്നോ' എന്നു ചോദിച്ചപ്പോൾ 'അതെ' എന്നു ജിബ്‌രീൽ(അ) പറഞ്ഞു. 

തുറന്നു തന്നപ്പോള്‍ ഞങ്ങള്‍  കയറി. അപ്പോൾ അവിടെ ഒരാൾ ഇരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വലതു ഭാഗത്തും ഇടതു ഭാഗത്തും മനുഷ്യരുടെ ആത്മാക്കളുണ്ട്. അദ്ദേഹം വലതുവശം നോക്കി ചിരിക്കുകയും ഇടതുവശത്തേക്ക് നോക്കി കരയുകയും ചെയ്തു. ഞാന്‍ ജിബ്‌രീലി(അ)നോട് ചോദിച്ചു: ഇദ്ദേഹം ആരാണ്? 

ജിബ്‌രീൽ(അ): ഇത് അങ്ങയുടെ പിതാവ് ആദം നബി(അ) 

അപ്പോൾ അദ്ദേഹത്തിനു സ്വാഗതം , അവർ

അദ്ദേഹത്തിന്റെ രണ്ട് ഭാഗങ്ങളിലും ഉള്ളത് ആദം നബി(അ)യുടെ സന്താന പരമ്പരകളുടെ ആത്മാക്കളാണ്.

വലത് ഭാഗത്തുള്ളത് സ്വർഗവകാശികളും ഇടതുവശത്തുള്ളത് നരകവകാശികളുമാണ്

(ബുഖാരി) 

രണ്ടാനാകാശം

 ثُمَّ صَعِدَ بِي حَتَّى أَتَى السَّمَاءَ الثَّانِيَةَ، فَاسْتَفْتَحَ قِيلَ: مَنْ هَذَا؟ قَالَ: جِبْرِيلُ، قِيلَ: وَمَنْ مَعَكَ؟ قَالَ: مُحَمَّدٌ، قِيلَ: وَقَدْ أُرْسِلَ إِلَيْهِ؟ قَالَ: نَعَمْ، قِيلَ: مَرْحَبًا بِهِ فَنِعْمَ المَجِيءُ جَاءَ فَفَتَحَ، فَلَمَّا خَلَصْتُ إِذَا يَحْيَى وَعِيسَى، وَهُمَا ابْنَا الخَالَةِ، قَالَ: هَذَا يَحْيَى وَعِيسَى فَسَلِّمْ عَلَيْهِمَا، فَسَلَّمْتُ فَرَدَّا، ثُمَّ قَالاَ: مَرْحَبًا بِالأَخِ الصَّالِحِ، وَالنَّبِيِّ الصَّالِحِ،

നബിﷺ തുടരുന്നു :പിന്നെ ജിബ്‌രീൽ(അ) എന്നെയും കൂട്ടി രണ്ടാമാകാശത്തെക്കു കയറി. അത് തുറക്കാനാവശ്യപ്പെട്ടു. 'ആരാണത് ' എന്ന ചോദ്യമുണ്ടായപ്പോൾ അദ്ദേഹം 'ജിബിരീൽ' എന്നു പറഞ്ഞു. “ആരാണു കൂടെ?  എന്നു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: 'മുഹമ്മദ്(ﷺ). 'അദ്ദേഹത്തിലേക്ക് അയക്കപ്പെട്ടിരുന്നോ' എന്നു ചോദിച്ചപ്പോൾ ജിബ്‌രീൽ 'അതെ' എന്നു പറഞ്ഞു. അപ്പോൾ പറയുകയുണ്ടായി അദ്ദേഹത്തിനു സ്വാഗതം. അവർ വന്നതു വളരെ നല്ല വരവ്. എന്നിട്ടു വാതിൽ തുറന്നു. ഞാൻ അകത്തു പ്രവേശിച്ചപ്പോൾ അവിടെ യഹ്‌യാ നബി(അ)യും ഈസാ നബി(അ)യുമുണ്ടായിരുന്നു. അവരിരുവരും മാതൃസഹോദരീപുത്രന്മാരാണ് , ജിബ്‌രീൽ  പറഞ്ഞു . " ഇത് നംറയായും ഈസായും . അവർക്കു സലാം പറഞ്ഞാലും . "ഞാൻ സലാം പറയുകയും അവർ മടക്കുകയും ചെയ് പിന്നെ അവർ പറഞ്ഞു “ ഉൽകൃഷ്ട സഹോദരനായ ഉൽകൃഷ്ട നബിക്കു സ്വാഗതം.

മൂന്നാം ആകാശം 

ثُمَّ صَعِدَ بِي إِلَى السَّمَاءِ الثَّالِثَةِ، فَاسْتَفْتَحَ، قِيلَ: مَنْ هَذَا؟ قَالَ: جِبْرِيلُ، قِيلَ: وَمَنْ مَعَكَ؟ قَالَ: مُحَمَّدٌ، قِيلَ: وَقَدْ أُرْسِلَ إِلَيْهِ؟ قَالَ: نَعَمْ، قِيلَ: مَرْحَبًا بِهِ فَنِعْمَ المَجِيءُ جَاءَ فَفُتِحَ، فَلَمَّا خَلَصْتُ إِذَا يُوسُفُ، قَالَ: هَذَا يُوسُفُ فَسَلِّمْ عَلَيْهِ، فَسَلَّمْتُ عَلَيْهِ، فَرَدَّ ثُمَّ قَالَ: مَرْحَبًا بِالأَخِ الصَّالِحِ وَالنَّبِيِّ الصَّالِحِ،

 ”പിന്നെ എന്നെയും കൊണ്ടു ജിബ്‌രീൽ മൂന്നാമാകാശത്തേക്കു കയറി. വാതിൽ തുറക്കാൻ അദ്ദേഹം ആവശ്യപ്പെട്ടപ്പോൾ ചോദ്യമുണ്ടായി: “ആരാണ് ? 'ജിബ്രീൽ' എന്ന് അദ്ദേഹം പറഞ്ഞു. "ആരാണ് കൂടെ?" മുഹമ്മദ്(ﷺ). 'അദ്ദേഹത്തിലേക്ക് അയക്കപ്പെട്ടിരുന്നോ' എന്നു ചോദിച്ചപ്പോൾ 'അതെ' എന്നു പറഞ്ഞു. അപ്പോൾ ' അദ്ദേഹത്തിനു സ്വാഗതം, അവർ വന്നതു വളരെ നല്ല വരവ് എന്നു പറഞ്ഞു വാതിൽ തുറന്നു. ഞാൻ അകത്തെത്തിയപ്പോൾ അവിടെ യൂസുഫ് നബി(അ) ഉണ്ടായിരുന്നു. ജിബ്‌രീൽ (അ) പറഞ്ഞു: “ഇത് യൂസുഫ്(അ). അദ്ദേഹത്തിനു സലാം പറയൂ. " ഞാനദ്ദേഹത്തിനു സലാം പറഞ്ഞു. അദ്ദേഹം സലാം മടക്കിയിട്ടു പറഞ്ഞു. “നല്ല നബിയായ നല്ല സഹോദരനു സ്വാഗതം.

നാലാം ആകാശം

 ثُمَّ صَعِدَ بِي حَتَّى أَتَى السَّمَاءَ الرَّابِعَةَ فَاسْتَفْتَحَ، قِيلَ: مَنْ هَذَا؟ قَالَ: جِبْرِيلُ، قِيلَ: وَمَنْ مَعَكَ؟ قَالَ: مُحَمَّدٌ، قِيلَ: أَوَقَدْ أُرْسِلَ إِلَيْهِ؟ قَالَ: نَعَمْ، قِيلَ: مَرْحَبًا بِهِ، فَنِعْمَ المَجِيءُ جَاءَ فَفُتِحَ، فَلَمَّا خَلَصْتُ إِلَى إِدْرِيسَ، قَالَ: هَذَا إِدْرِيسُ فَسَلِّمْ عَلَيْهِ فَسَلَّمْتُ عَلَيْهِ، فَرَدَّ ثُمَّ قَالَ: مَرْحَبًا بِالأَخِ الصَّالِحِ وَالنَّبِيِّ الصَّالِحِ،

പിന്നെ ജിബ്‌രീൽ എന്നെയും കൂട്ടി നാലാമാകാശത്തേക്കു കയറുകയും കവാടം തുറക്കാൻ ആവശ്യപ്പെടുകയും ചെയ് തു. 'ആരാണ് എന്നു ചോദിച്ചപ്പോൾ ജിബ്‌രീൽ എന്നു പറഞ്ഞു. “ആരാണ് കൂടെ' എന്ന ചോദ്യത്തിനു 'മുഹമ്മദ് ' എന്നു മറുപടി നൽകി, "അദ്ദേഹത്തെക്കൊള്ള അയക്കപ്പെട്ടിരുന്നോ' എന്നു ചോദിക്കുകയും "അതെ' എന്നു മറുപടി പറയുകയും ചെയ്തു.

അപ്പോൾ പറഞ്ഞു : “അദ്ദേഹത്തിനു സ്വാഗതം. അവർ വന്നതു വളരെ നല്ല വരവ്. കവാടം തുറക്കപ്പെട്ടു. അകത്ത് കടന്നപ്പോൾ അവിടെ ജിബ്‌രീൽ(അ)ഉണ്ടായിരുന്നു. ജിബ്‌രീൽ(അ)പറഞ്ഞു: “ഇത് ഇദ്‌രീസ്(അ). അദ്ദേഹത്തിനു സലാം പറഞ്ഞാലും. ഞാനദ്ദേഹിത്തിനു സലാം പറഞ്ഞു. അദ്ദേഹം സലാം മടക്കുകയും ഉത്തമ നബിയായ ഉത്തമ സഹോദരനു സ്വാഗതം ' എന്നു പറയുകയും ചെയ്തു. 

അഞ്ചാം ആകാശം

ثُمَّ صَعِدَ بِي، حَتَّى أَتَى السَّمَاءَ الخَامِسَةَ فَاسْتَفْتَحَ، قِيلَ: مَنْ هَذَا؟ قَالَ: جِبْرِيلُ، قِيلَ: وَمَنْ مَعَكَ؟ قَالَ: مُحَمَّدٌ، قِيلَ: وَقَدْ أُرْسِلَ إِلَيْهِ؟ قَالَ: نَعَمْ، قِيلَ: مَرْحَبًا بِهِ، فَنِعْمَ المَجِيءُ جَاءَ، فَلَمَّا خَلَصْتُ فَإِذَا هَارُونُ، قَالَ: هَذَا هَارُونُ فَسَلِّمْ عَلَيْهِ، فَسَلَّمْتُ عَلَيْهِ، فَرَدَّ ثُمَّ قَالَ: مَرْحَبًا بِالأَخِ الصَّالِحِ،

പിന്നെ ജിബ്‌രീൽ(അ) ഞാനുമായി അഞ്ചാമാകാശത്തേക്കു കയറി. തുറക്കാനാവശ്യപ്പെട്ടു. “ആരാണത്' എന്നു ചോദിക്കുകയും "ജിബ്‌രീൽ' എന്ന് അദ്ദേഹം പറയുകയും ചെയ്തു. “ആരാണ് താങ്കളുടെ കൂടെ?” “മുഹമ്മദ് (ﷺ)" എന്ന് അദ്ദേഹം പറഞ്ഞു. “അദ്ദേഹത്തിലേക്ക് അയക്കപ്പെട്ടിരുന്നോ ?'' അതെ' എന്നു മറുപടി. അപ്പോൾ പറഞ്ഞു: “അദ്ദേഹത്തിനു സ്വാഗതം. അവർ വന്നതു വളരെ നല്ല വരവ്. ”ഞാൻ അകത്തു കടന്നപ്പോൾ അവിടെയുണ്ടായിരുന്നു ഹാറൂൻ(അ). ജിബ്‌രീൽ (അ) പറഞ്ഞു: “ ഇത് ഹാറൂൻ(അ). അദ്ദേഹത്തിനു സലാം പറയൂ. ”ഞാനദ്ദേഹത്തിനു സലാം പറഞ്ഞു. അദ്ദേഹം മടക്കി, " ഉത്തമ സഹോദരനായ ഉത്തമ നബിക്കു സ്വാഗതം' എന്നു പറഞ്ഞു.

ആറാം ആകാശം 

ثُمَّ صَعِدَ بِي حَتَّى أَتَى السَّمَاءَ السَّادِسَةَ فَاسْتَفْتَحَ، قِيلَ: مَنْ هَذَا؟ قَالَ: جِبْرِيلُ، قِيلَ: مَنْ مَعَكَ؟ قَالَ: مُحَمَّدٌ، قِيلَ: وَقَدْ أُرْسِلَ إِلَيْهِ؟ قَالَ: نَعَمْ، قَالَ: مَرْحَبًا بِهِ، فَنِعْمَ المَجِيءُ جَاءَ، فَلَمَّا خَلَصْتُ فَإِذَا مُوسَى، قَالَ: هَذَا مُوسَى فَسَلِّمْ عَلَيْهِ فَسَلَّمْتُ عَلَيْهِ، فَرَدَّ ثُمَّ قَالَ: مَرْحَبًا بِالأَخِ الصَّالِحِ، وَالنَّبِيِّ الصَّالِحِ، 

പിന്നെ ജിബ്‌രീൽ(അ) എന്നെയും കൂട്ടി ആറാമാകാശത്തേക്കു കയറുകയും അതു തുറക്കാനാവശ്യപ്പെടുകയും ചെയ്തു. "ആരാണ്' എന്നു ചോദ്യമുണ്ടായി, " ജിബ്‌രീൽ' എന്നദ്ദേഹം പറഞ്ഞു. “ ആരാണു താങ്കളുടെ കൂടെ? 'എന്നു ചോദിച്ചപ്പോൾ "മുഹമ്മദ്' എന്നു പറഞ്ഞു. “അദ്ദേഹത്തെ കൊള്ള അയക്കപ്പെട്ടിരുന്നോ ?” “അതെ”. അപ്പോൾ പറഞ്ഞു: "അദ്ദേഹത്തിനു സ്വാഗതം, അവർ വന്നതു വളരെ നല്ല വരവ്” ഞാൻ അകത്തെത്തിയപ്പോൾ അവിടെ മൂസ നബി(അ) ഉണ്ടായിരുന്നു. ജിബ്‌രീൽ(അ) പറഞ്ഞു: “ഇതു മൂസ നബി(അ). അദ്ദേഹത്തിനു സലാം ചൊല്ലിയാലും” ഞാൻ സലാം പറഞ്ഞു. അദ്ദേഹം മടക്കി. പിന്നെ 'ഉൽകൃഷ്ടനബിയായ ഉൽകൃഷ്ടസഹോദരനു സ്വാഗതം' എന്നു പറഞ്ഞു. 

മൂസാ നബി(അ) കരയുന്നു:

فَلَمَّا تَجَاوَزْتُ بَكَى، قِيلَ لَهُ: مَا يُبْكِيكَ؟ قَالَ: أَبْكِي لِأَنَّ غُلاَمًا بُعِثَ بَعْدِي يَدْخُلُ الجَنَّةَ مِنْ أُمَّتِهِ أَكْثَرُ مِمَّنْ يَدْخُلُهَا مِنْ أُمَّتِي،

ഞാൻ കടന്നു പോയപ്പോൾ അദ്ദേഹം കരഞ്ഞു. "താങ്കൾ കരയുന്നതെന്തിന്? ' എന്നു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “എന്റെ സമുദായത്തിൽനിന്ന് ഞാൻ സ്വർഗത്തിൽ കടത്തുന്നതിലേറെയാളുകളെ എന്റെ ശേഷം നിയോഗിതനായ ഒരു യുവാവ് അദ്ദേഹത്തിന്റെ സമുദായത്തിൽനിന്നു സ്വർഗത്തിൽ കടത്തും. അത് കൊണ്ടാണ് ഞാന്‍ കരഞ്ഞത്. 

➡ഇബ്നു ഹജറുൽ അസ്‌ഖലാനി(റ) പറയുന്നു: അമ്പിയാക്കളുടെ മനസ്സിലുള്ള കാരുണ്യം മറ്റുള്ളവരുടേതിനെക്കാൾ അതികമാണ്. അത്കൊണ്ടാണ് മൂസാ നബി(അ) തന്റെ ഉമ്മത്തിനോടുള്ള കാരുണ്യം നിമിത്തം കരഞ്ഞത്.

ഏഴാം ആകാശം 

ثُمَّ صَعِدَ بِي إِلَى -

- السَّمَاءِ السَّابِعَةِ فَاسْتَفْتَحَ جِبْرِيلُ، قِيلَ: مَنْ هَذَا؟ قَالَ: جِبْرِيلُ، قِيلَ: وَمَنْ مَعَكَ؟ قَالَ: مُحَمَّدٌ، قِيلَ: وَقَدْ بُعِثَ إِلَيْهِ؟ قَالَ: نَعَمْ، قَالَ: مَرْحَبًا بِهِ، فَنِعْمَ المَجِيءُ جَاءَ، فَلَمَّا خَلَصْتُ فَإِذَا إِبْرَاهِيمُ قَالَ: هَذَا أَبُوكَ فَسَلِّمْ عَلَيْهِ، قَالَ: فَسَلَّمْتُ عَلَيْهِ فَرَدَّ السَّلاَمَ، قَالَ: مَرْحَبًا بِالِابْنِ الصَّالِحِ وَالنَّبِيِّ الصَّالِحِ،(

പിന്നെ ജിബ്‌രീൽ(അ) എന്നെയും കൂട്ടി ഏഴാമാകാശത്തേക്കു കയറി. കവാടം തുറക്കാൻ ജിബ്‌രീൽ(അ) ആവശ്യപ്പെട്ടു. ചോദ്യമുണ്ടായി: “ആരാണത്?” “ജിബ്‌രീൽ' എന്നദ്ദേഹം പറഞ്ഞു. "ആരാണു താങ്കളുടെ കൂടെ?' എന്നു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “മുഹമ്മദ്(ﷺ). " "അദ്ദേഹത്തിലേക്ക് അയക്കപ്പെട്ടിരുന്നോ?' എന്ന ചോദ്യത്തിന് "അതെ' എന്നു മറുപടി നൽകി. അപ്പോൾ പറഞ്ഞു: “അദ്ദേഹത്തിനു സ്വാഗതം. അവർ വന്നതു വളരെ നല്ല വരവ്.” ഞാൻ അകത്തു കടന്നപ്പോൾ അവിടെയുണ്ട് ഇബ്റാഹീം(അ). ജിബ്‌രീൽ(അ) പറഞ്ഞു: “ഇതു താങ്കളുടെ പിതാവ്. അദ്ദേഹത്തിനു സലാം ചൊല്ലിയാലും. അദ്ദേഹത്തിനു സലാം പറഞ്ഞു. അദ്ദേഹം സലാം മടക്കിയിട്ടു പറഞ്ഞു: “ഉത്തമ നബിയായ ഉത്തമ പുത്രനു സ്വാഗതം.

സിദ്റതുൽ മുൻതഹയും ബൈതുൽ മഅ്മൂറും

ثُمَّ رُفِعَتْ إِلَيَّ سِدْرَةُ المُنْتَهَى، فَإِذَا نَبْقُهَا مِثْلُ قِلاَلِ هَجَرَ، وَإِذَا وَرَقُهَا مِثْلُ آذَانِ الفِيَلَةِ، قَالَ: هَذِهِ سِدْرَةُ المُنْتَهَى، وَإِذَا أَرْبَعَةُ أَنْهَارٍ: نَهْرَانِ بَاطِنَانِ وَنَهْرَانِ ظَاهِرَانِ، فَقُلْتُ: مَا هَذَانِ يَا جِبْرِيلُ؟ قَالَ: أَمَّا البَاطِنَانِ فَنَهْرَانِ فِي الجَنَّةِ، وَأَمَّا الظَّاهِرَانِ فَالنِّيلُ وَالفُرَاتُ، ثُمَّ رُفِعَ لِي البَيْتُ المَعْمُورُ،

 "പിന്നെ എനിക്കു സിദ്റതുൽ മുൻതഹാ ” ഉയർത്തിക്കാണിക്കപ്പെട്ടു. അതിലെ പഴങ്ങൾ ഹജറിലെ തോൽപാത്രങ്ങൾ പോലെയുണ്ടായിരുന്നു . അതിന്റെ ഇലയാവട്ടെ ആനച്ചെവി പോലെയും. ജിബ്‌രീൽ(അ)പറഞ്ഞു: “ഇതാണ് സിദ്റതുൽ മുൻതഹാ.” അവിടെ നാലു നദികൾ ഉണ്ടായിരുന്നു. പരോക്ഷമായ രണ്ടു നദികളും പ്രത്യക്ഷമായ രണ്ടു നദികളും. "ജിബ്‌രീലെ, ഇതു രണ്ടുമെന്താണ്' എന്നു ഞാൻ ചോദിച്ചു. അദ്ദേഹം പറഞ്ഞു: “പരോക്ഷമായ സ്വർഗത്തിലെ രണ്ടു പുഴകളാണ്. പ്രത്യക്ഷമായവ നൈലും യൂഫ്രട്ടീസും. പിന്നെ എനിക്ക് ബയ്തുൽമഅ്മൂർ ഉയർത്തിക്കാണിക്കപ്പെട്ടു. 

പരോക്ഷമായ രണ്ട് നദികൾ അൽകൗസർ, സൽസബീൽ എന്നിവകളാണ്.(ഇർഷാദുസ്സാരി)

മറ്റൊരു റിപ്പോര്‍ട്ടിൽ ഇപ്രകാരം കാണാം :

فَسَأَلْتُ جِبْرِيلَ فَقَالَ هَذَا الْبَيْتُ الْمَعْمُورُ يُصَلِّي فِيهِ كُلَّ يَوْمٍ سَبْعُونَ أَلْفَ مَلَكٍ، إِذَا خَرَجُوا لَمْ يَعُودُوا إِلَيْهِ آخِرَ مَا عَلَيْهِمْ

ഞാൻ ബൈതുൽ മഅ്മൂരിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ ജിബ്‌രീൽ (അ) പറഞ്ഞു: എല്ലാദിവസവും എഴുപതിനായിരം മലക്കുകള്‍ ഈ ഭവനത്തിലേക്ക് പ്രവേശിക്കും. പുറത്ത് വന്നാല്‍ പിന്നീടൊരിക്കലും അവരവിടെത്തേക്ക്  രണ്ടാമത് വരുകയില്ല.

അഹ്മദ്(റ) നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരം കാണാം:"ഇബ്റാഹിം നബി(അ) ബൈത്തുല്‍ മഅ്മൂറിലേക്ക് ചാരിനില്‍ക്കുന്നതായി ഞാൻ കണ്ടു.

കഅ്ബയുടെ നേരെ മുകളിലാണ് ബൈതുൽ മഅ്മൂരെന്നും നിവേദനം വന്നിട്ടുണ്ട്.

നേർമാർഗം തിരഞ്ഞെടുത്തു

ثُمَّ أُتِيتُ بِإِنَاءٍ مِنْ خَمْرٍ، وَإِنَاءٍ مِنْ لَبَنٍ، وَإِنَاءٍ مِنْ عَسَلٍ، فَأَخَذْتُ اللَّبَنَ فَقَالَ: هِيَ الفِطْرَةُ الَّتِي أَنْتَ عَلَيْهَا وَأُمَّتُكَ،

പിന്നെ കള്ളിന്റെ ഒരു പാത്രവും പാലിന്റെ ഒരു പാത്രവും തേനിന്റെ ഒരു പാതവും എനിക്കു കൊണ്ടുവരപ്പെട്ടു. ഞാൻ പാൽ എടുത്തു. അപ്പോൾ ജിബ്‌രീൽ(അ) പറഞ്ഞു: “താങ്കളും താങ്കളുടെ സമുദായവും നിലകൊള്ളുന്ന ശുദ്ധപ്രകൃതിയാണത്. 

അമ്പത് വഖ്ത്  അഞ്ചിലേക്ക്

ثُمَّ فُرِضَتْ عَلَيَّ الصَّلَوَاتُ خَمْسِينَ صَلاَةً كُلَّ يَوْمٍ، فَرَجَعْتُ فَمَرَرْتُ عَلَى مُوسَى، فَقَالَ: بِمَا أُمِرْتَ؟ قَالَ: أُمِرْتُ بِخَمْسِينَ صَلاَةً كُلَّ يَوْمٍ، قَالَ: إِنَّ أُمَّتَكَ لاَ تَسْتَطِيعُ خَمْسِينَ صَلاَةً كُلَّ يَوْمٍ، وَإِنِّي وَاللَّهِ قَدْ جَرَّبْتُ النَّاسَ قَبْلَكَ، وَعَالَجْتُ بَنِي إِسْرَائِيلَ أَشَدَّ المُعَالَجَةِ، فَارْجِعْ إِلَى رَبِّكَ فَاسْأَلْهُ التَّخْفِيفَ لِأُمَّتِكَ، فَرَجَعْتُ فَوَضَعَ عَنِّي عَشْرًا، فَرَجَعْتُ إِلَى مُوسَى فَقَالَ مِثْلَهُ، فَرَجَعْتُ فَوَضَعَ عَنِّي عَشْرًا، فَرَجَعْتُ إِلَى مُوسَى فَقَالَ مِثْلَهُ، فَرَجَعْتُ فَوَضَعَ عَنِّي عَشْرًا، فَرَجَعْتُ إِلَى مُوسَى فَقَالَ مِثْلَهُ، فَرَجَعْتُ فَأُمِرْتُ بِعَشْرِ صَلَوَاتٍ كُلَّ يَوْمٍ، فَرَجَعْتُ فَقَالَ مِثْلَهُ، فَرَجَعْتُ فَأُمِرْتُ بِخَمْسِ صَلَوَاتٍ كُلَّ يَوْمٍ، فَرَجَعْتُ إِلَى مُوسَى، فَقَالَ: بِمَ أُمِرْتَ؟ قُلْتُ: أُمِرْتُ بِخَمْسِ صَلَوَاتٍ كُلَّ يَوْمٍ، قَالَ: إِنَّ أُمَّتَكَ لاَ تَسْتَطِيعُ خَمْسَ صَلَوَاتٍ كُلَّ يَوْمٍ، وَإِنِّي قَدْ جَرَّبْتُ النَّاسَ قَبْلَكَ وَعَالَجْتُ بَنِي إِسْرَائِيلَ أَشَدَّ المُعَالَجَةِ، فَارْجِعْ إِلَى رَبِّكَ فَاسْأَلْهُ التَّخْفِيفَ لِأُمَّتِكَ، قَالَ: سَأَلْتُ رَبِّي حَتَّى اسْتَحْيَيْتُ، وَلَكِنِّي أَرْضَى وَأُسَلِّمُ، قَالَ: فَلَمَّا جَاوَزْتُ نَادَى مُنَادٍ: أَمْضَيْتُ فَرِيضَتِي، وَخَفَّفْتُ عَنْ عِبَادِي "

"പിന്നെ ദിവസം അമ്പതു നേരത്തെ നിസ്കാരം എനിക്കു നിർബന്ധമാക്കപ്പെട്ടു . അങ്ങനെ ഞാൻ മടങ്ങി. ഞാൻ മൂസാ(അ)യുടെ അരികിലൂടെ വന്നപ്പോൾ "താങ്കൾക്കു കല്പിക്കപ്പെട്ടതെന്ത്? എന്ന് അദ്ദേഹം ചോദിച്ചു. " ദിനേന അമ്പതു നേരത്തെ നിസ്കാരം എനിക്കു കല്പിക്കപ്പെട്ടു' എന്നു പറഞ്ഞപ്പോൾ മൂസാ(അ) പറഞ്ഞു: “ദിവസവും അമ്പതു നേരത്തെ നിസ്കാരം താങ്കളുടെ സമുദായത്തിനു സാധ്യമാവില്ല. അല്ലാഹു സത്യം, താങ്കളുടെ മുമ്പു ഞാൻ ജനങ്ങളെ പരീക്ഷിച്ചിട്ടുണ്ട്. ഇസ്റാഈൽ വംശജരുമായി ഞാൻ നന്നായി ഇടപഴകിയ താണ്. അതിനാൽ താങ്കൾ താങ്കളുടെ റബ്ബിന്റെയടുത്തേക്കു മടങ്ങി താങ്കളുടെ സമുദായത്തിനു ലഘുകരിക്കാൻ ആവശ്യപ്പെടുക. അങ്ങനെ ഞാൻ മടങ്ങി. അപ്പോൾ എനിക്കു പത്ത് ഒഴിവാക്കിത്തന്നു. ഞാൻ മൂസാ(അ)യുടെ അടുത്തു മടങ്ങിയെത്തി. അപ്പോഴും അദ്ദേഹം മുമ്പത്തെപ്പോലെ പറഞ്ഞു. ഞാൻ വീണ്ടും മടങ്ങി. അപ്പോഴും എനിക്കു പത്ത് ഒഴിവാക്കിത്തന്നു. മൂസാ(അ)യുടെ അടുത്തു ഞാൻ മടങ്ങിയെത്തിയപ്പോൾ അദ്ദേഹം മുമ്പത്തെപ്പോലെ പറഞ്ഞു. ഞാൻ പിന്നെയും മടങ്ങി. എനിക്ക് പത്ത് ഒഴിവാക്കിത്തന്നു. ഞാൻ മൂസാ(അ)യുടെ അടുത്തു തിരിച്ചെത്തിയപ്പോൾ അദ്ദേഹം നേരത്തെ പറഞ്ഞതു പോലെ പറഞ്ഞു. ഞാൻ പിന്നെയും മടങ്ങി. അപ്പോൾ ഓരോ ദിവസവും പത്തു നിസ്കാരം കൊണ്ടു ഞാൻ കല്പ്പിക്കപ്പെട്ടു. ഞാൻ മടങ്ങിയെത്തിയപ്പോൾ അദ്ദേഹം മുമ്പത്തെപ്പോലെ പറഞ്ഞു. ഞാൻ വീണ്ടും മടങ്ങി. അപ്പോൾ എല്ലാ ദിനവും അഞ്ചു നേരം നിസ്കരിക്കാൻ എന്നോടു കല്പ്പനയുണ്ടായി. ഞാൻ മൂസാ(അ)യുടെ അടുത്തു തിരിച്ചെത്തി. അദ്ദേഹം ചോദിച്ചു: “താങ്കളോടു കല്പിക്കപ്പെട്ടതെന്ത് ? ” ഞാൻ പറഞ്ഞു : “ദിനേന അഞ്ചു നേരം നിസ്കരിക്കാൻ ഞാൻ കല്പിക്കപ്പെട്ടു . അദ്ദേഹം പറഞ്ഞു: “ദിവസേന അഞ്ചു നേരം നിസ്കരിക്കാൻ താങ്കളുടെ സമുദായത്തിനു കഴിയില്ല . താങ്കളുടെ മുമ്പു ഞാൻ ജനങ്ങളെ പരീക്ഷിച്ചിട്ടുണ്ട്. ഇസ്റാഈൽ വംശജരുമായി ഞാൻ നന്നായി ഇടപഴകിയതാണ്. അതുകൊണ്ടു താങ്കൾ റബ്ബിന്റെയടുത്തേക്കു മടങ്ങി താങ്കളുടെ സമുദായത്തിനു ലഘുകരിച്ചു തരാൻ ആവശ്യപ്പെടുക. നബിﷺ പറഞ്ഞു: “ഞാനെന്റെ റബ്ബിനോടു ചോദിച്ച് എനിക്കു ലജ്ജയായിരിക്കുന്നു. ഇനി ഞാൻ ഇതുകൊണ്ടു തൃപ്തിപ്പെടുകയും ഏറ്റെടുക്കുകയും ചെയ്യുകയാണ്. ” നബിﷺയപറയുന്നു : ഞാൻ കടന്നുപോന്നപ്പോൾ ഒരു വിളംബരക്കാരൻ വിളിച്ചു പറഞ്ഞു : “ ഞാനെന്റെ ബാധ്യത നടപ്പാക്കി . ഞാനെന്റെ അടിമകൾക്കു ലഘുകരിച്ചു കൊടുത്തു .(സ്വഹീഹുൽ ബുഖാരി) 

ഭീകര കാഴ്ചകൾ

ഹറാം തേടുന്നവർ

ثمّ مضى صلي الله عليه وسلم هنيئة فإذا هو بأخونة عليها لحم مشرح ليس يقربه أحد.وإذا بأخونة عليها لحم قد أروح وأنتن عنده ناس يأكلون منه. فقال يا جبريل من هؤلاء؟

قال: هؤلاء من أمتك يتركون الحلال ويأتون الحرام

( الأنوار البهية من إسراء ومعراج خير البرية-٥٢)

നബിﷺ യും ജിബ്‌രീലും (അ)  നടന്നുനീങ്ങി. അവര്‍ക്കുമുന്നില്‍ പാകമായ രുചിയുള്ള മാംസത്തിന്‍റെ ചട്ടിയും പാകമാവാത്ത ചീഞ്ഞ് നാറുന്ന  മാംസത്തിന്‍റെ ചട്ടിയുമുണ്ട്.

സുന്ദരവും പാകവുമായ  മാംസം ഭക്ഷിക്കാതെ ഒരു കൂട്ടർ ചീത്തയായ പാകമാകാത്ത  മാംസം ഭക്ഷിക്കുന്നു.

 നബിﷺ ചോദിച്ചു: ജിബ്രീല്‍, ഇവര്‍ ആരാണ്? ജിബ്രീല്‍(അ) പറഞ്ഞു: ഹലാലായത് ഉണ്ടായിട്ടും അത് ഒഴിവാക്കി ഹറാം തേടുന്നവർ.

(അൽഅൻവാർ-52)

പലിശ തിന്നുന്നവർ

ثم مضٓى هُنٙيْهٙةً، فإذا هُوٙ بأٙقْوٙامٍ بُطُونُهُم أٙمْثٙالُ الْبُيوت فيها الحيات ترى من خارج بطونهم، كلما نهض خٙرّٙ فيقول : اللهم لا تقم الساعة، ........

فقال : يا جبريل من هؤلاء ؟

قال: هؤلاء من أمتك الذين يأكلون الربا ، 

(الأنوار البهية من إسراء ومعراج خير البرية- (بحدف)-٥٣)

മുത്ത്നബിﷺകുറച്ച് കൂടി മുന്നോട്ടു പോയപ്പോൾ അവിടെ  ഒരു കൂട്ടരുണ്ട്. അവരുടെ വയറ്  ഒരു വീടിന്റെ വലിപ്പത്തിലാണുള്ളത്. വയറിന്റെ അകത്ത് നിറയെ പാമ്പുകളുള്ളത്  വയറിന്റെ പുറത്ത് നിന്ന് നോക്കിയാൽ തന്നെ കാണാം. അവർ എഴുനേൽക്കാൻ ശ്രമിക്കുമ്പോളെല്ലാം വീണ് പോകുന്നു. അവർ ഇപ്രകാരം പറയുന്നുണ്ടായിരുന്നു: അല്ലാഹുവെ ഖിയാമത്ത് നാൾ സംഭവിപ്പിക്കല്ലേ!

നബി ﷺചോദിച്ചു: ജിബ്‌രീൽ ഇവർ ആരാണ്?

ജിബ്‌രീൽ (അ): അങ്ങയുടെ ഉമ്മത്തിൽപെട്ട പലിശ തിന്നുന്ന ആളുകളാണ്.

യതീമിന്റെ സ്വത്ത് അപഹരിച്ചവർ

ثم مضى هنيهة فإذا هو بأقوام يجعل في أفواههم صخر من جهنم ، ثم يخرج من أسفلهم فسمعهم يضجون إلى الله تعالى فقال يا جبريل من هؤلاء؟

قال: هؤلاء الذين يأكلون أموال اليتامى ظلما ،

إنما يأكلون في بطونهم نارا وييصلون صعيرا

കുറച്ച് കൂടി മുന്നോട്ടു പോയപ്പോൾ അവിടെ ഒരു കൂട്ടരുണ്ട്. അവരുടെ വായകളിലേക്ക് നരകത്തിൽ നിന്നുള്ള പാറ ഇടപ്പെടും. ആ  പാറകൾ അവരുടെ മലദ്വാരത്തിലൂടെ പുറത്ത് വരുന്നു.

മുത്തുനബിﷺചോദിച്ചു: ഇവർ ആരാണ്?

ജിബ്‌രീൽ (അ): അക്രമ പരമായി അനാഥകളുടെ സ്വത്ത് ഭക്ഷിക്കുന്നവരാണ്. തീർച്ചയായും അവർ അവരുടെ വയറുകളിലേക്ക് തീയിനെയാണ് ഭക്ഷിക്കുന്നത്. അവരെ നരകത്തിലേക്ക് കൊണ്ട് പോകും.(സംഗ്രഹം: അൽഅൻവാർ- 53)

വേശ്യകൾ

ﺛُﻢّٙ مٙضٓىٰ ﻫُﻨٙﻴْﻬٙﺔً ﻓٙﺈِﺫا هو ﺑﻨﺴﺎءٍ مُعٙلّٙقات ﺑﺜﺪﻳﻬﻦ ﻭﻧﺴﺎء ﻣﻨﻜﺴﺎﺕ ﺑﺄﺭﺟﻠﻬﻦ ﻓﺴﻤﻌﻬﻦ ﻳﻀﺠﺠﻦ ﺇﻟﻰ اﻟﻠﻪ

فقال   ﻣﻦ ﻫﺆﻻء ﻳﺎ ﺟﺒﺮﻳﻞ

 ﻗﺎﻝ: ﻫﺆﻻء اﻟﻻﺗﻲ ﻳﺰﻧﻴﻦ ﻭﻳﻘﺘﻠﻦ ﺃﻭﻻﺩﻫﻦ

(الأنوار البهية من إسراء ومعراج خير البرية-55)

മുത്ത്നബിﷺ കുറച്ച് കൂടി മുന്നോട്ടു നീങ്ങിയപ്പോൾ അവിടെ ഏതാനും സ്ത്രീകളുണ്ട്. അവരിൽ ചിലരെ മാറുകളോട് കൂടെയും  ചിലരെ കാലുകളോട് കൂടെയും  ബന്ധിക്കപ്പെട്ടിരിക്കുകയാണ്. അവർ അല്ലാഹുവിനോട്(രക്ഷപ്പെടാന് വേണ്ടി) അട്ടഹസിച്ച് കരഞ്ഞുകൊണ്ടിരിക്കുന്നു.

 (അവരെ കുറിച്ച് അന്വേഷിച്ചപ്പോൾ) ജിബ്‌രീൽ (അ) പറഞ്ഞു: അവർ വ്യഭിചരിക്കുകയും സ്വന്തം കുട്ടികളെ കൊല്ലുകയും ചെയ്ത സ്ത്രീകളാണ്.

പരദൂഷണം പറയുന്നവർ

ﺛﻢ مضى ﻫﻨﻴﻬﺔ ﻓﺈﺫا هو ﺑﺄﻗﻮاﻡ ﻳﻘﻄﻊ ﻣﻦ ﺟﻨﻮﺑﻬﻢ اﻟﻠﺤﻢ فيلقمون فيقال لأحدهم: كل كما كنت تأكل لحم أخيك

فقال :ﻣﻦ ﻫﺆﻻء ﻳﺎ ﺟﺒﺮﻳﻞ

 ﻗﺎﻝ: ﻫﺆﻻء اﻟﻬﻤﺎﺯﻭﻥ ﻣﻦ ﺃﻣﺘﻚ اﻟﻠﻤﺎﺯﻭﻥ .

(الهمازون- المغتابون

اللمازون- العيابون)

 ഒരു വിഭാഗം ആളുകളെ കണ്ടു. അവരുടെ ശരീരങ്ങളിലുള്ള മാംസങ്ങൾ മുറിച്ചെടുക്കപ്പെടുകയും, അതിനെ അവർക്ക് തന്നെ ഭക്ഷിക്കാൻ കൊടുക്കുകയും ചെയ്യുന്നു. എന്നിട്ട് അവരിൽ ഒരാളോട് പറയപ്പെടുന്നു: നീ നിന്റെ സഹോദരന്റെ മാംസം ഭക്ഷിച്ചിരുന്നത് പോലെ ഈ മാംസവും തിന്നുക.

(അവരെ കുറിച്ച് അന്വേഷിച്ചപ്പോൾ)

ജിബ്‌രീൽ (അ) ന്റെ മറുപടി: ജനങ്ങളെ കുറവാക്കുന്നവരും, കുറ്റം പറയുന്നവരുമാണ്.

(അൽഅൻവാർ- 55)

കടപ്പാട്: ശാഹിദ് സഖാഫി 

ഇസ്റാഅ് മിഅ്റാജ് ചരിത്ര സംക്ഷിപ്തം pdf

Post a Comment

Previous Post Next Post