വിത്തുകള്‍ എളുപ്പത്തില്‍ മുളപ്പിക്കാനുള്ള ചില പൊടിക്കൈകള്‍..



വിത്തുകള്‍ കൊണ്ട് കൃഷിയൊരുക്കി വിജയംകൊയ്യാന്‍ യാതൊരുവിധ കുറുക്കുവഴികളുമില്ലെന്ന് ആദ്യമേ തിരിച്ചറിയുക, 

വിത്തുകള്‍ നടുന്നതിന് മുന്നേ ആദ്യം ചെയ്യേണ്ടത്,നമ്മുടെ കുഞ്ഞുങ്ങളെ ആദ്യമായി നടക്കാന്‍ പഠിപ്പിക്കുമ്പോള്‍ വീഴാതിരിക്കാന്‍ അവര്‍ക്ക് സൗകര്യവും സഹായവും നല്‍കുന്ന പോലെ വിത്തുകള്‍ക്കും അങ്ങിനെയൊരു ചുറ്റുപാട് ഒരുക്കികൊടുക്കുകയെന്നത് അതാവശ്യമാണ്,

അതിനായി നമ്മള്‍ നമ്മുടെ കൈവശമുള്ള വിത്തുകള്‍ ഡിസ്പോസിബിള്‍ ഗ്ലാസോ മറ്റോ സംഘടിപ്പിച്ച് നന്നായി വെള്ളത്തില്‍ കുതിര്‍ത്ത് വേണം നടാന്‍.. ഇതിനായി ആര്‍ക്കും എളുപ്പം ചെയ്യാവുന്ന ചില എളുപ്പവഴികള്‍ നോക്കാം


  1. ചായ വിദ്യ


കട്ടന്‍ ചായയുണ്ടാക്കി ബാക്കി വന്ന തേയിലയുടെ മധുരം നീക്കിയ ശേഷം വെള്ളമൊഴിച്ച് ഒന്നുകൂടെ ചൂടാക്കിയ ശേഷം തണുക്കാന്‍ അനുവദിക്കുക, നന്നായി തണുത്ത ശേഷം നമ്മുടെ കയ്യിലുള്ള വിവിധയിനം വിത്തുകള്‍ തരം തിരിച്ച് വേറെ വേറെ ഗ്ലാസുകളില്‍ ഇടുക, വിത്തുകള്‍ മുങ്ങി കിടക്കാവുന്ന വിധത്തില്‍ ആറി തണുത്ത ചായവെള്ളം ഇതിലേക്ക് ഒഴിക്കുക. ആറു മുതല്‍ എട്ടു മണിക്കൂര്‍ വരെ ഇങ്ങിനെ വിത്തുകള്‍ കുതിര്‍ത്തെടുക്കുക.. (തലേ ദിവസം രാത്രി ഉറങ്ങുന്നതിനു മുന്നേ ചെയ്തു വെച്ചാല്‍ രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്ന സമയത്തോ, രാവിലെ ചെയ്‌താല്‍ നേരം ഇരുട്ടുന്നതിനു മുന്നേയോ.വിത്തുകള്‍ പാകാം) വിത്തുകള്‍ പാകുന്നതിനു വൈകുന്നേരങ്ങളില്‍ വെയില്‍ കുറഞ്ഞ സമയം തിരഞ്ഞെടുക്കുന്നതാണ് കൂടുതല്‍ ഉത്തമം.


  1. സ്യൂഡോമോണസ് ലായനി




മുളപ്പിക്കാനായി വിത്ത് പാകുന്നതിനായി തയ്യാറാക്കുമ്പോള്‍ അരമണിക്കൂര്‍ സ്യൂഡോമോണസ് ലായനിയില്‍ ഇട്ടു വെച്ച ശേഷം നടാം. ഒരു ലിറ്റ൪ വെള്ളത്തില്‍ ഇരുപത് ഗ്രാം എന്നതാണു കണക്ക്. വിത്തുകള്‍ ഇട്ട് വെച്ച വെള്ളം വിത്തുകള്‍ പാകിയ ശേഷം തളിച്ചും കൊടുക്കാം. തൈകള്‍ പറിച്ച് നടുമ്പോള്‍ ഇത് പോലെ തന്നെ അരമണിക്കൂര്‍ വേരുകള്‍ ലായനിയില്‍ മുക്കി വെച്ച ശേഷം നടുന്നതും വളരെ നല്ലതാണ്. പത്ത് പതിനാലു ദിവസം കൂടുമ്പോള്‍ സ്യൂഡോമോണസ് ലായനി ചെടികള്‍ക്ക് ഒഴിച്ച് കൊടുക്കുന്നത് വളര്‍ച്ച ത്വരിതപ്പെടുത്താന്‍ സഹായിക്കും. സ്യൂഡോമോണസ് ചാണകവെള്ളത്തില്‍ കലക്കിയാല്‍ വീര്യം കൂടും. ഈ ലായനി വാങ്ങുമ്പോള്‍ ഡേറ്റ് നോക്കി വാങ്ങാന്‍ മറക്കരുത്. സൂര്യപ്രകാശം നേരിട്ട് പതിക്കാതെ വളരെയധികം സൂക്ഷിക്കേണ്ടതുമാണ് ഇവ അര കിലോ ഒരു കിലോ പാക്കറ്റുകളില്‍ ലഭ്യമാണ്.നല്ല ജീവാണു വളമായും കീടനാശിനിയായും ഉപയോഗിക്കുന്ന ഇവയില്‍ എല്ലാത്തരം വിത്തുകളും കുതിര്‍ത്ത് നടാമെന്നതിനു പുറമേ വാഴക്കന്നും കുതിര്‍ത്ത് നടാം.വിത്തുകള്‍ 2-3 മണിക്കൂര്‍ സ്യൂഡൊമൊണസ് ലായനിയില്‍ മുക്കി വെച്ചതിനു ശേഷം നടുകയാണെങ്കില്‍ മുളക്കരുത്ത്, വേരുകളുടെ എണ്ണം എല്ലാം കൂടും.. ജൈവാംശം കൂടുതലുള്ള മണ്ണില്‍ ഫലം കൂടും. പുളി രസം കൂടുതലുള്ള മണ്ണില്‍ ഫലം കുറയുന്നതിനാല്‍ ഉപയോഗിക്കുന്നതിനു ഒരാഴ്ച മുന്‍പായി കുമ്മായം മണ്ണില്‍ ചേര്‍ക്കേണ്ടതാണ്.രാസവസ്തുക്കളുടെ കൂടെയോ, ഒരാഴ്ചക്ക് മുന്‍പോ പിന്‍പോ ഉപയോഗിക്കാന്‍ പാടുള്ളതല്ല.


  1. പൊതിഞ്ഞു വെക്കൽ


 ചീര, മുളക്, തക്കാളി പോലുള്ള ചെറിയ വിത്തുകളടക്കമുള്ളവ മുളപ്പിക്കുമ്പോള്‍ ചെയ്യാവുന്ന മറ്റൊരു രീതിയാണ് ഇനി പറയുന്നത്. ഒരു തുണിയിലോ അല്ലെങ്കില്‍ അല്പം കനത്തിലുള്ള ടിഷ്യു പേപ്പറിലോ വെള്ളം (മുന്പ് പറഞ്ഞ ചായ വെള്ളമോ / സ്യൂഡോമോണസ് ലായനിയോ ആയാല്‍ കൂടുതല്‍ നല്ലത്) നനച്ചു രണ്ടോ മൂന്നോ മണിക്കൂര്‍ പൊതിഞ്ഞു വെച്ചശേഷം എടുത്തു പാകിയാലും കൂടുതല്‍ കരുത്തോടെ പെട്ടെന്ന് വിത്തുകള്‍ മുളച്ചു വരുന്നതിന് സഹായകരമാവും.


  1. ടിഷ്യു പേപ്പർ വിദ്യ




വിത്തുകൾ മുളപ്പിക്കാനുള്ള മറ്റൊരു സൂത്ര വിദ്യയാണിത്‌. ടിഷ്യു പേപ്പർ ഒന്നെടുത്തു നിവര്‍ത്തി വെയ്ക്കുക, മുളപ്പിക്കാനുള്ള വിത്തുകൾ അതിൽ നിരത്തിയിടുക, അതിനുശേഷം വേറൊരു ടിഷ്യു പേപ്പർ കൊണ്ട് മൂടുക, എന്നിട്ട് കുറച്ചു വെള്ളം തളിച്ചു പേപ്പർ നനയ്ക്കുക ..പിന്നെ അനക്കാതെ ഒരു പ്ലാസ്റിക് കവറിൽ വെയ്ക്കുക, പതുക്കെ കവർ ഊതി വീർപ്പിക്കുക റബ്ബർ ബാന്‍ഡിട്ട് കെട്ടി വെയ്ക്കുക, രണ്ടു ദിവസം കൊണ്ട് മുളയ്ക്കുമോ ഇല്ലയോ എന്നറിയാം, വിവിധയിനം വിത്തുകൾക്ക് ദിവസങ്ങള് വ്യത്യാസപ്പെടും (തോടിന്റെ കട്ടി, മുളക്കാനുള്ള സമയം) .പിന്നെ ഈര്‍പ്പം കുറവാണെന്ന് തോന്നിയാൽ വീണ്ടും വെള്ളം സ്പ്രേ ചെയ്യണം. തിരിച്ചു കവർ കെട്ടി വെയ്ക്കുമ്പോൾ ഊതി വീര്പ്പിക്കാൻ മറക്കണ്ട, നിങ്ങളുടെ നിശ്വാസ വായുവിലുള്ള Co 2 ചെടിക്ക് അത്യാവശ്യമാണ്, പിന്നെ അത്യാവശ്യം സൂര്യപ്രകാശം കിട്ടുന്ന രീതിയിൽ ജനലിനടുത്തു വെയ്ക്കാന്‍ മറക്കരുത്.


  1. സ്യുഡോണോമസ്


വിത്തു ഒരു പാത്രത്തിലിട്ട് അതു മൂടത്തത്തക്ക വിധം വെള്ളമൊഴിയ്ക്കുക. അതിലേയ്ക്ക് ഒന്നു രണ്ടു തുള്ളി ലിക്വിഡ് സ്യുഡോണോമസ് ഒഴിയ്ക്കുക. പിറ്റേന്നു ഉദ്ദേശം പത്തു മണിക്ക് ആ വിത്തെടുത്തു വെള്ളം വാർത്തു കളഞ്ഞ് ഒരു ടിഷ്യു പേപ്പറിലിട്ടു പുറത്തു കാണുന്ന ജലാംശം മുഴുവൻ ഒപ്പിയെടുക്കുക. അതിനുശേഷം ഒരു പ്ലാസ്റ്റിക് പാത്രത്തിലിട്ടു വായു കടക്കാത്തവിധം അടച്ചു സൂക്ഷിയ്ക്കുക. ഇങ്ങിനെ ചെയ്യുന്നത് കൊണ്ടു വിത്തുകൾ ആഗിരണം ചെയ്ത ജലാംശം തീരേ നഷ്ടപ്പെടുന്നില്ല. അതിനാൽ മുളയ്ക്കും വരെ വെള്ളം തെളിക്കേണ്ടിയും വരില്ല.  എന്നാലോ ഓരോ വിത്തും സാധാരണ രീതിയിൽ മുളയ്ക്കാനെടുക്കുന്ന സമയത്തേക്കാൾ വേഗത്തിൽ നല്ല കരുത്തോടെ മുളയ്ക്കുന്നതുമാണ്. മുളയ്ക്കാൻ തുടങ്ങിയ വിത്തെടുത്തു സൗകര്യംപോലെ പ്രൊട്രായ്‌ കുഴികളിൽ നിക്ഷേപിയ്ക്കുക . ഇതാണ് വേറെ ഒരു മുളപ്പിക്കല്‍ രീതി. 


  1. ചീര മുളപ്പിക്കുന്ന ഒരു രീതി..


 ചീര വിത്ത് വെയ്സ്റ്റാവാതെ മുഴുവനും നേരിട്ട് നടാം...                                             എല്ലാം മുളക്കും കരുത്തോടെ വളരും, പരീക്ഷിച്ചു വിജയിച്ചതാണ്.. 

രീതി: ചീരവീത്തുകൾ വെള്ള പ്ലാസ്റ്റിക് ഷീറ്റിൽ ചിതറിയിടുക.                  പുതിയ ചാണകം ഗുളിക രൂപത്തിലുരുട്ടി വിത്തിൽ അമർത്തുക...            വിത്ത് ചാണകത്തിൽ പുതയും.. അങ്ങിനെ ആവശ്യമുള്ള എണ്ണം വലിയ വിത്തുകൾ നോക്കിയെടുക്കുക ശേഷം വിത്തുകൾ തണലത്ത് ഉണക്കി 2 -3 ദിവസം കഴിഞ്ഞ് 20% സ്യൂഡോമണമസ് ലായനി തളിച്ച് തയ്യാറാക്കി വെച്ച (ആട്ടിൻ കാഷ്ടം/ചാണകപൊടി കുമ്മായം കുറച്ച്) തടത്തിലോ ബാഗിലോ അകലം പാലിച്ച് നടാം ഇടയ്കിടെ ചാണകം പുളിപ്പിച്ചത് +കടലപിണ്ണാക്ക് നേർപ്പിച്ച് ഒഴിക്കാം.. 


 7. തക്കാളി വിത്ത്‌ നടുന്ന രീതി നോക്കാം..


ചുവന്നു തുടുത്തകവിളുകളോട് കൂടിയ ഈ സുന്ദരി പഴവർഗ്ഗം ആണെങ്കിലും ഇത് പച്ചക്കറി തന്നെയാണ് മലയാളിക്ക്, വളരെ പരിചരണം വേണ്ട ഒന്നാണ് തക്കാളി. തക്കാളിക്ക് ഏറ്റവും നല്ല സീസൺ ശീതകാലമാണ്. വിത്ത് പാകുമ്പോൾ മുതൽ പരിചരണം ആവശ്യമാണ്. സുഡോമോണസ് ലായനിയിൽ വിത്തുകൾ മുക്കിവെക്കുന്നത് പ്രതിരോധശേഷി കൂട്ടാൻ സഹായകമാണ്. അതിനുശേഷം വിത്ത് പാകാം. മഞ്ഞൾ പൊടിയും കായവും ചേർത്താൽ ഉറുമ്പ് കൊണ്ടുപോവില്ല, 4 ആഴ്ചയോടെ പറിച്ചു നടാം. പറിച്ചു നടുന്നതിനുമുമ്പ് വേരുകൾ സുഡോമോണസ് ലായനിയിൽ മുക്കുന്നത് രോഗബാധകുറയ്ക്കും,


നടീൽ രീതി.


നീർവാർച്ചക്കും, വേരോട്ടത്തിനുമായി മണ്ണ് മണൽ ചാണകപ്പൊടി 1:1:1 അനുപാതത്തിൽ ചേർത്ത് നടാം,കുമ്മായം, സുഡോമോണസ്, ട്രൈക്കോഡെര്മ എന്നിവ യഥാക്രമം, ph level, ബാക്ടീരിയ, രോഗകുമിളുകൾ, തൈ ചീയൽ എന്നിവയെ നിയന്ത്രിച്ചുകൊള്ളും. നട്ടു ഒരാഴ്ച വെയിലും, മഴയും നേരിട്ട് കൊള്ളാതെ സൂക്ഷിക്കാം, പിന്നെ മാറ്റിവെയ്ക്കാം 


വളം


4 ഇല പരുവത്തിൽ തന്നെ ദ്രവരൂപത്തിലുള്ള വളം നേർപ്പിച്ചു കൊടുക്കാം, 10kg ചാണകം+1kg കടലാപ്പിണ്ണാക്ക്+1kg വേപ്പിൻ പിണ്ണാക്ക്+1kgഎല്ലുപൊടി എന്നിവ ഗോമൂത്രം ചേർത്ത് മിക്സ് ചെയ്യുക 7 ദിവസത്തിന് ശേഷം 1കപ്പ് 10 കപ്പിൽ നേർപ്പിച്ചു ഒഴിക്കാം.. വീണ്ടും psudomonus പ്രയോഗം 20g+1ലിറ്റർ വെള്ളം,5gm കുമ്മായം തണ്ടിൽ മുട്ടാതെ ഇടാം കാൽസ്യം deficiency കൊണ്ട് ഉണ്ടാകുന്ന ബ്ലോസ്സം എന്റ്‌റൂട് തടയാം. കഞ്ഞിവെള്ളം തെളി ഒഴിക്കാം ചായചണ്ടിയും, മുട്ടത്തോടും, പഴത്തോലിയും ജ്യൂസ് ആക്കി നേർപ്പിച്ചു കൊടുക്കാം, ആഴ്ച്ചയിൽ ഒന്ന് വെച്ചു ഇവയെല്ലാം ചെയ്യാം. കീടങ്ങൾക്ക് ബ്യൂവേറിയ, വേർട്ടിസീലിയം, പുകയില കഷായം എന്നിവ പ്രയോഗിക്കാം,



 


വീട്ടില്‍ കൃഷിചെയ്യുവാന്‍ എളുപ്പമുള്ള ഒന്നാണ് മല്ലി. വിത്തു നേരിട്ട് പാകാം. നമ്മുടെ കാലാവസ്ഥയില്‍ ഇതു വര്‍ഷം മുഴുവന്‍ കൃഷി ചെയ്യുവാന്‍ പറ്റിയതാണ്. 


കൃഷി ചെയ്യേണ്ട രീതി..


ആദ്യമായി നടാന്‍ പറ്റിയ സ്ഥലം കണ്ടെത്തുക. കുഴപ്പമില്ലാത്ത രീതിയില്‍ കുറച്ചെങ്കിലും സൂര്യപ്രകാശം കിട്ടുന്ന സ്ഥലം ആയിരിക്കണം. നട്ടുച്ചയ്ക്ക് നേരിട്ടുള്ള സൂര്യപ്രാകാശം വീഴുന്ന സ്ഥലം ഒഴിവാക്കുക. മല്ലിചെടിക്കു വേണ്ടത് ഇളം ചൂടുള്ള സൂര്യ പ്രകാശം ആണ്. അപ്പോള്‍ രാവിലെയും വൈകുന്നേരവും മാത്രം വെയില്‍ കിട്ടുന്ന സ്ഥലം തിരഞ്ഞെടുക്കുന്നതാവും നല്ലത്. നല്ല നീര്‍വാഴ്ചയുള്ള സ്ഥലമായിരിക്കണം. 


മണ്ണൊരുക്കൽ


മണ്ണു നന്നായി കിളച്ചു അതിലെ കല്ലും മറ്റു പാഴ് വസ്തുക്കളും നീക്കം ചെയ്യുക. മണ്ണില്‍ പച്ചിലകളും ജൈവകമ്പോസ്റ്റും അടിവളമായി ഇടുക. മുന്പ് രാസവളം ഉപയോഗിച്ച മണ്ണ് ആണെങ്കില്‍ കുറച്ചു കുമ്മായം ഇടുക.

മല്ലിക്ക് വേണ്ടത് pH 6.2 നും 6.8 നും ഇടക്കാണ്. ചട്ടിയിലാണെങ്കില്‍, മല്ലി ആണിവേര് ഉള്ള ചെടിയായതുകൊണ്ട് (കാരറ്റിന്‍റെ കുടുംബത്തില്‍ പെട്ടത്) എട്ടോ പത്തോ ഇഞ്ചു ആഴമുള്ള ചട്ടി വേണം. പിരിച്ചു നടാന്‍ പറ്റിയ ഇനമല്ലാത്തത് കൊണ്ട് വിത്തിടുന്നതിനു മുന്പ് തന്നെ ശരിയായ അടിവളം ചേര്ത്തിരിക്കണം. മേല്‍മണ്ണ്, മണല്‍, ചകിരിച്ചോര്‍, മണ്ണിര കമ്പോസ്റ്റ്, ചാണകപൊടി, പച്ചിലകള്‍ എന്നിവ കൂട്ടിയ മിശ്രിതമാണ് നല്ലത്. 


വിത്തിടല്‍.. 


മല്ലി വിത്ത് കണ്ടിട്ടില്ലേ..? ഒരു തോടില്‍ രണ്ടു വിത്തുകള്‍ ഒട്ടിപിടിച്ചു ഒരു ഉരുണ്ട പന്ത് പോലെ ഇരിക്കും. അതിന്‍റെ തോടു കുറച്ചു കട്ടി കൂടിയതാണ്. അത്കൊണ്ട് അത് ഒരു പേപ്പറില്‍ ഇട്ടു ഒരു ഉരുളന്‍ വടി കൊണ്ട് (ചപ്പാത്തിക്കോല്‍) മേലെ ഉരുട്ടിയാല്‍ ഓരോ വിത്തും രണ്ടു വിത്തായി വേര്‍പെടും. വിത്ത് മുളക്കുന്നതിനു ധാരാളം ഈര്‍പ്പം വേണം. മുളക്കാന്‍ രണ്ടാഴ്ച മുതല്‍ നാലാഴ്ച വരെ സമയമെടുക്കും. വിത്ത് ഒന്നോ രണ്ടോ ദിവസം കുതിര്‍ത്ത ശേഷം നടുന്നതാണ് നല്ലത്. വിത്ത് കട്ടന്‍ചായ വെള്ളതില്‍ ഇട്ടുവെച്ചാല്‍ ചായയിലെ tannin അതിന്‍റെ തോടിനെ മൃദുവാക്കും എന്നത് കൊണ്ട് വേഗത്തില്‍ മുളക്കും.. 

അതല്ലെങ്കില്‍ മുകളില്‍ അഞ്ചാമതായി സൂചിപ്പിച്ചപോലെ മല്ലിവിത്ത്  ഒരു പാത്രത്തിലിട്ട് അതു മൂടത്തത്തക്ക വിധം വെള്ളമൊഴിയ്ക്കുക. അതിലേയ്ക്ക് ഒന്നു രണ്ടു തുള്ളി ലിക്വിഡ് സ്യുഡോണോമസ് ഒഴിയ്ക്കുക. പിറ്റേന്നു ഉദ്ദേശം പത്തു മണിക്ക് ആ വിത്തെടുത്തു വെള്ളം വാർത്തു കളഞ്ഞ് ഒരു ടിഷ്യു പേപ്പറിലിട്ടു പുറത്തു കാണുന്ന ജലാംശം മുഴുവൻ ഒപ്പിയെടുക്കുക. അതിനുശേഷം ഒരു പ്ലാസ്റ്റിക് പാത്രത്തിലിട്ടു വായു കടക്കാത്തവിധം അടച്ചു സൂക്ഷിയ്ക്കുക. ഇങ്ങിനെ ചെയ്യുന്നത് കൊണ്ടു വിത്തുകൾ ആഗിരണം ചെയ്ത ജലാംശം തീരേ നഷ്ടപ്പെടുന്നില്ല. അതിനാൽ മുളയ്ക്കും വരെ വെള്ളം തെളിക്കേണ്ടിയും വരില്ല. ഈ രീതിയെങ്കില്‍ രണ്ടുമൂന്നു ദിവസം കൊണ്ട് മുളച്ചു കിട്ടും.



അവസാനമയി പ്രധാന കാര്യം ഉണര്‍ത്തട്ടെ, പല വിത്ത് ഫാമുകളുടെ വിത്ത്‌ പോലും വിശ്വസിക്കാന്‍ ആവില്ല. ഏറ്റവും നല്ലത് സുഹൃത്തുക്കളുടെ പക്കല്‍ നിന്ന് സമ്പാദിക്കുന്നതാണ്. ഒരിക്കല്‍ വിത്ത് കിട്ടിയാല്‍ അവയില്‍ നന്നായി കായ പിടിക്കുന്ന ചെടിയിലെ വിത്ത് എടുത്തു സൂക്ഷിച്ചാല്‍ വീണ്ടും ഉപയോഗിക്കാം. ആദ്യം ഉണ്ടാകുന്ന കായ, വിത്തിന് എടുക്കരുത്. കുറച്ചു ഫലം കിട്ടി, ചെടിയുടെ വളര്‍ച്ച, രോഗ പ്രധോരോധം, കായ പിടുത്തം എന്നിവയൊക്കെ അറിഞ്ഞ ശേഷം വിത്തിന് നിറുത്താം. മധ്യ ഭാഗത്തെ വിത്ത് ആണ് നല്ലത്. വിത്ത് ഉണക്കുമ്പോള്‍ ഉച്ച വെയില്‍ കൊള്ളിക്കരുത്. രാവിലെയും വൈകിട്ടും ഉള്ള വെയിലും രാത്രി മഞ്ഞും കൊള്ളിക്കുന്നത് മുളയ്ക്ക് കരുത്ത് കൂടാന്‍ നന്ന്. പച്ചക്കറി വിത്തുകള്‍ തീ കത്തിക്കുന്ന അടുപ്പ് ഉണ്ടെങ്കില്‍ അതിനു മുകളിലായി തുണിയിലോ ചുരക്ക തോടിലോ മുളയുടെ കുറ്റിയിലോ ഒക്കെ ആക്കി തൂക്കി ഇട്ടാല്‍ പുക അടിക്കുന്നതിനാല്‍ വിത്തുകള്‍ കീടങ്ങള്‍ ആക്രമിക്കതിരിക്കും, മുള കരുത്ത് കൂടും, അന്തക വിത്തുകള്‍ ഉപയോഗിക്കരുത്. പരാഗണം വഴി ഉള്ള നാടന്‍ വിത്തുകള്‍ പോലും മുളക്കാത്ത അവസ്ഥയില്‍ ആകും.




കടപാട്

കിസാൻശക്തി. കോo


Post a Comment

Previous Post Next Post