HS 4 - THASAWUF -LESSON 1

ആമുഖം

കാരുണ്യവാനും വിശാലമായി അനുഗ്രഹങ്ങൾ നൽകുന്നവനും പൊറുത്തു നൽകുന്നവനുമായ അല്ലാഹുവിനാണ് എല്ലാ സ്തുതിയും. തെറ്റുകളിൽ നിന്നും പാപങ്ങളിൽ നിന്നും സമുദായത്തിന് താക്കീത് നൽകിയ മുഹമ്മദ്‌ നബിയുടെ മേൽ അല്ലാഹുവിന്റെ രക്ഷയും കാരുണയും ഉണ്ടാകട്ടെ. വിശ്വാസത്തിലും നന്മയിലും ഉറച്ചു നിന്ന അവിടത്തെ കുടുംബത്തിന്റെയും അനുജരുടെ മേലിലും അല്ലാഹുവിന്റെ രക്ഷയും കരുണയും ഉണ്ടാവട്ടെ..

അടിമയുടെ മേൽ അല്ലാഹുവിന്റെ ദേഷ്യം ഉണ്ടാവാനുള്ള കാരണമാണ് തിന്മ . അടിമയുടെ കാര്യങ്ങൾ പ്രയാസമാകുവാനും അവരുടെ ഹൃദയങ്ങൾ ഇടുക്കമുള്ളതാകുവാനും തിന്മ കാരണമാകും. അപ്പോൾ, തെറ്റ് ചെയ്യുന്ന ഒരാൾ എന്തെങ്കിലും കാര്യം ചെയ്യാൻ മുന്നിട്ടിറങ്ങിയാൽ അത് ചെയ്യാൻ പറ്റാത്ത വിധം തടസങ്ങൾ ഉണ്ടാവുകയോ പ്രയാസങ്ങൾ ഉണ്ടാവുകയോ ചെയ്യും. അവന്റെ ഹൃദയത്തിൽ തെറ്റു മുഖേന ഒരു ഇരുട്ട് ഉണ്ടാകും. പാപമോചനം തേടുന്നതിലേക്കും പശ്ചാത്തപിച്ച് മടങ്ങുന്നതിലേക്കും എത്തിപ്പെടാൻ അവന് സാധിക്കുകയില്ല. ജീവജാലങ്ങളും ജന്തുക്കളുമടക്കം എല്ലാ അടിമകളും ഒരാളുടെ തെറ്റ് കാരണം പ്രയാസത്തിലാകും. കാരണം, തെറ്റുകളും കുറ്റങ്ങളും ഉണ്ടാകുന്ന നാട്ടിൽ അല്ലാഹുവിന്റെ ഭക്ഷണവും മഴയും അനുഗ്രഹങ്ങളും തടയപ്പെടും.തെറ്റ് ചെയ്യുന്നവന്റെ മുഖത്ത് കറുത്ത അടയാളം ഉണ്ടാവുകയും ഹൃദയത്തിൽ ഇരുട്ട് ഉണ്ടാവുകയും ശരീരത്തിൽ ബലഹീനത അനുഭവപ്പെടുകയും ഭക്ഷണത്തിൽ ലഭ്യത കുറവുണ്ടാവുകയും വിശ്വാസികളുടെ ഹൃദയത്തിൽ ( അവനോട് ) പുച്ഛം ഉണ്ടാവുകയും ചെയ്യും.

മുൻഗാമികളായ ചില പണ്ഡിതന്മാർ പറഞ്ഞു: ഒരു തിന്മ ചെയ്താൽ ശേഷം മറ്റൊരു തിന്മയും കൂടി ചെയ്യേണ്ടിവരുമെന്നതാണ് തിന്മയുടെ പര്യവസാനം . ഒരാൾ ഒരു തിന്മ പതിവാക്കിയാൽ അതിൽ നിന്നും വേർപിരിയാൻ അയാൾക്ക് പ്രയാസമാകും, അങ്ങനെ നന്മകൾ ചെയ്യുവാനും പാപമോചനം നടത്തുവാനും അദ്ദേഹത്തിന്റെ ഹൃദയത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടും.ആ തിന്മ അയാളുടെ ഹൃദയത്തിന്റെ പ്രകൃതമാവുകയും അത് ചെയ്യാതിരിക്കൽ അദ്ദേഹത്തിന് കഴിയാതെ വരികയും ചെയ്യും, അങ്ങനെ വിശ്വാസമില്ലാതെ മോശപ്പെട്ട മരണം അദ്ദേഹത്തിന് സംഭവിക്കും.അല്ലാഹു കാക്കട്ടെ.. നബി (സ്വ) തങ്ങൾ പറഞ്ഞു : ഒരു വിശ്വാസി ഒരു തിന്മ ചെയ്താൽ അദ്ദേഹത്തിന്റെ ഹൃദയത്തിൽ ഒരു കറുത്ത പുള്ളി ഉണ്ടാകും, അയാള് തെറ്റിൽ നിന്നും പശ്ചാത്തപിച്ച് പാപമോചനം നടത്തി അതിനെ ഒഴിവാക്കിയാൽ അദ്ദേഹത്തിന്റെ ഹൃദയം ശുദ്ധിയാകും.

തിന്മകൾ അധികമായാൽ ആ പുള്ളികളും അധികമായി അദ്ദേഹത്തിന്റെ ഹൃദയത്തിൽ വ്യാപിക്കും. തിന്മയുടെ ഫലം തെറ്റ് ചെയ്തവനിൽ മാത്രം ഒതുങ്ങുകയില്ല ,മറിച്ച് അദ്ദേഹത്തിന്റെ ചുറ്റുമുള്ള കുടുംബക്കാരിലേക്കും അയൽവാസികളിലേക്കും മൃഗങ്ങളിലേക്കും ജീവജാലങ്ങളിലേക്കും വരെ അതിന്റെ ഫലം വ്യാപിക്കും. വിശ്വാസിയായ അടിമ ഭൗതിക ലോകത്തിലെ ആപത്തുകളിൽനിന്നും കഷ്ടതകളിൽ നിന്നും അല്ലാഹുവിന്റെ കാരുണ്യത്തിലേക്ക് അഭയം പ്രാപിക്കും.തെമ്മാടിയായ അടിമയിൽ നിന്നും മറ്റ് എല്ലാ അടിമകളും നാടും വൃക്ഷങ്ങളും മൃഗങ്ങളും അഭയം തേടും. ഭൂമി ,അതിലുള്ള തെമ്മാടികൾ കാരണമായി അതിൽ വസിക്കുന്ന ആളുകളെ നശിപ്പിക്കും. നബി (സ്വ) പറഞ്ഞു :ഗ്രാമങ്ങളിൽ നല്ലവരേക്കാൾ തെമ്മാടികൾ അധികമാവുകയും , ഗോത്രങ്ങളുടെ നേതൃസ്ഥാനത്ത് അവിടെയുള്ള കപടവിശ്വാസികൾ വരുകയും ചെയ്താൽ നിറഞ്ഞിരിക്കുന്ന ഭൂമി നശിച്ചു പോയെങ്കിൽ എന്ന് സ്വയം ആഗ്രഹിച്ചു പോകും. നബി (സ്വ) പറഞ്ഞു :ഈ സമുദായത്തിൽ നിന്ദിക്കലും അവഹേളിക്കലും ആരോപണങ്ങൾ പറയലുമുണ്ട്, അപ്പോൾ മുസ്ലീങ്ങളിൽ പെട്ട ഒരാൾ ചോദിച്ചു " എപ്പോഴാണ് നബിയെ ഇതെല്ലാം ഉണ്ടാവുക " അപ്പോൾ നബി തങ്ങൾ പറഞ്ഞു: സംഗീതോപകരണങ്ങളും സംഗീതം ആലപിക്കുന്നവരും കള്ള് കുടിയും പ്രകടമാകുമ്പോൾ. മുജാഹിദ്ബ്നു ജബ്ർ (റ ) പറഞ്ഞു : വരൾച്ച ശക്തമാവുകയും മഴ തടയപ്പെടുകയും ചെയ്യുമ്പോൾ മൃഗങ്ങൾ മനുഷ്യരെ ശപിക്കും, എന്നിട്ടവർ പറയും:ഇത് മനുഷ്യൻ ചെയ്ത തിന്മയുടെ ദൂഷ്യഫലമാകുന്നു.

Post a Comment