HS4- THASAWUF- LESSON 10

കാലിന്റെ തിന്മകൾ

1- ഹറാമിലേക്ക് നടന്ന് പോകൽ :-
അത് നിഷിദ്ധമാണ്. ഒരാൾ പ്രവർത്തിക്കുന്ന കാര്യത്തിന്റെ നിഷിദ്ധതയുടെ ശക്തിയനുസരിച്ച് അതിന്റെ ഹറാമിനും ശക്തിയുണ്ടാവും. മുസ്ലിമായ വ്യക്തിയെ കൊല്ലാൻ വേണ്ടി പോകലും അവനെ ആക്ഷേപിക്കാൻ വേണ്ടി പോകലുമെല്ലാം ശക്തമായ ഹറാമാണ്. അതുപോലെ വ്യഭിചാരം, അനാവശ്യ പാട്ടുകൾ കേൾക്കൽ, അന്യ സ്ത്രീകളോട് സംസാരിക്കൽ, അന്യ സ്ത്രീകളോട് സംസാരിച്ച് ആനന്ദം കണ്ടെത്തൽ തുടങ്ങിയവയ്ക്ക് വേണ്ടി നടന്നുപോകലും ഹറാമാണ്. നബി തങ്ങൾ പറഞ്ഞു: കാലിന്റെ വ്യഭിചാരം നടത്തമാകുന്നു.

2- നിർബന്ധ ബാധ്യതകൾ വീട്ടാതെ രക്ഷപ്പെട്ട് പോവുക
സ്ത്രീ ,അന്യ പുരുഷൻമാരോട് കൂടെ പോകലും സന്താനങ്ങളെ സംരക്ഷിക്കാതെ ഭാര്യ പോകലും മാതാപിതാക്കൾക്ക് സേവനം ചെയ്യാതെ സ്ത്രീപുരുഷന്മാർ പോകലും കുടുംബത്തിന്റെ ചെലവ് കൊടുക്കാതെ പോകലുമെല്ലാം ശക്തമായ ഹറാമാണ്. നബി തങ്ങൾ പറഞ്ഞു: നിങ്ങളെല്ലാവരും ഭരണാധികാരികളാണ്. നിങ്ങളുടെ ഭരണീയരെ കുറിച്ച് നിങ്ങളോട് ചോദിക്കപ്പെടും. നാട്ടിലെ ഭരണാധികാരി നാടിന്റെ ഉത്തരവാദിത്വമുള്ളവനാണ് . പുരുഷൻ അവൻ്റെ വീട്ടിലെ ഉത്തരവാദിത്വവുള്ളവനാണ്. സ്ത്രീ തൻ്റെ ഭർത്താവിൻെറയും മക്കളുടെയും വീട്ടിലെ ഭരണാധികാരിയാണ്. അതുകൊണ്ട് നിങ്ങളെല്ലാവരും ഭരണാധികാരികളാണ്. നിങ്ങളുടെ ഭരണീയരെകുറിച്ച് നിങ്ങളോട് ചോദിക്കപ്പെടും. നബി തങ്ങൾ പറഞ്ഞു: തന്നെ ആശ്രയിക്കുന്നവരെ വെറുതെ ഒഴിവാക്കുന്നത് തനിക്ക് കുറ്റമാകാൻ മതിയാവുന്നതാണ്.

3- നടത്തത്തിൽ അഹങ്കാരം കാണിക്കൽ :-
അഹങ്കാരികളുടെ അഹങ്കാരത്തോടുകൂടെയുള്ള നടത്തമാണിത്. അല്ലാഹു പറഞ്ഞു: ഭൂമിയിൽ അഹങ്കരിച്ചു നടക്കരുത്. അധികകാലമൊന്നും ഭൂമിയെ പിടിച്ചടക്കുവാനോ പർവ്വതത്തെ കീഴടക്കാനോ നിനക്ക് സാധിക്കുകയില്ല. നബി തങ്ങൾ പറഞ്ഞു: ഒരാൾ സ്വയം മഹത്വവത്കരിച്ച് കാണുകയും അഹങ്കാരത്തോടെ നടക്കുകയും ചെയ്താൽ അല്ലാഹുവിന് അവനോട് ദേഷ്യമുള്ളവനായിട്ടാണ് അവൻ അള്ളാഹുവിനെ കണ്ടുമുട്ടുക. നബി തങ്ങൾ പറഞ്ഞു: ഒരാൾ സ്വന്തം കാര്യത്തിൽ ആശ്ചര്യപ്പെട്ട് കൊണ്ട് നടക്കുകയും അവനെ മഹത്വവൽക്കരിക്കുകയും ചെയ്താൽ അല്ലാഹു അവനെ ദുഃഖിതനാക്കുകയും അന്ത്യദിനത്തിൽ അവൻ നിലവിളിക്കുകയും ചെയ്യുന്നവനാകും.

4- മുസ്ഹഫിന്റെ നേരെ കാൽ നീട്ടൽ:-
മുസ്ഹഫിനെ നിന്ദിക്കുക എന്ന ഉദ്ദേശ്യത്തോടെ അതിന് നേരെ കാൽ നീട്ടൽ ശക്തമായ ഹറാമാണ്. എന്നാൽ മുസ്ഹഫ് ഉയർന്ന ഒരു വസ്തുവിലാകുമ്പോൾ മുസ്ഹഫിനെ നിന്ദിക്കണമെന്ന ലക്ഷ്യമില്ലാതെ മുസ്ഹഫിന് നേരെ കാല് നീട്ടുന്നത് ഹറാമില്ലാത്തത് പോലെ തന്നെ, മറന്ന് കൊണ്ട് മുസ്ഹഫിന് നേരെ കാൽ നീട്ടിയാലും കുഴപ്പമില്ല. ഉമിനീരിന്റെ നനവുള്ള കൈകൊണ്ട് മുസ്ഹഫിന്റെപേജ് മറിക്കൽ ഹറാമാണ് എന്ന് കർമശാസ്ത്ര പണ്ഡിതന്മാരെല്ലാം ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. ഇത് അല്ലാഹുവിന്റെ ദീനിൽ നിന്ന് പുറത്ത് പോകലിനെ ഫലം ചെയ്യിക്കും എന്നുള്ളത്കൊണ്ടാണ് ഇങ്ങനെ വരാൻ കാരണം. (അള്ളാഹു കാക്കട്ടെ..) അള്ളാഹു തആല പറഞ്ഞു: അല്ലാഹുവിന്റെ ദൃഷ്ട്ടാന്തങ്ങളെ ആരെങ്കിലും മഹത്വവത്ക്കരിച്ചാൽ അത് ഹൃദയത്തിലെ തഖ്‌വയിൽ നിന്നുണ്ടാകുന്നതാണ്.

Post a Comment