മുഹമ്മദ് നബി (സ) ജനനം | Prophet muhammed history in malayalam

മുഹമ്മദ് നബി (സ) ജനനം |  Prophet muhammed history in malayalam


മക്കയിലെ ഉന്നത കുടുംബമാണ് ഖുറൈശ്. ഖുറൈശികളിലെ പ്രമാണിയാണ് അബ്ദുൽ മുത്വലിബ് .അദ്ദേഹത്തിന്റെ പതിമൂന്ന് ആൺമക്കളിൽ ഒരാളാണ് അബ്ദുല്ല. സുന്ദരനും സുമുഖനും സുശീലനുമായ ഒരു ചെറുപ്പക്കാരൻ. എപ്പോഴും പിതാവിനൊപ്പം തന്നെയുണ്ടാകും. കുടുംബത്തിലെന്നപോലെ മക്കക്കാർക്കെല്ലാം പ്രിയങ്കരനായിരുന്നു അദ്ദേഹം. അനാവശ്യങ്ങൾ ഉറഞ്ഞുതുളളിയ സമൂഹത്തിൽ അബ്ദുല്ല വേറിട്ടു നിന്നു. അന്ധ വിശ്വാസങ്ങൾ അടക്കി വാണ കാലം പക്ഷേ ഇദ്ദേഹത്തിനതന്യമായിരുന്നു.

ന്യായമായും മക്കയിലെ തരുണികൾ ഈ യുവാവിനെ ആഗ്രഹിച്ചു. ചിലർ ആഗ്രഹം അറിയിച്ചു. മറ്റു ചിലർ നേരിട്ടു തന്നെ വിളിച്ചു പറഞ്ഞു. എന്നാൽ അബ്ദുല്ല അതൊന്നും അനുകൂലിച്ചില്ല. മോഹന വാഗ്ദാനങ്ങളോടെ ചില കുലീന വനിതകൾ അഭിലാഷം പങ്കു വച്ചു. പക്ഷേ, ഫലമുണ്ടായില്ല.

       നാട്ടുനട പ്പു പ്രകാരം അബ്ദുല്ലയ്ക്ക് വിവാഹ പ്രായമായപ്പോൾ കുടുംബക്കാരും വിവാഹ അനേഷണങ്ങൾ അഭിമുഖീകരിക്കാൻ തുടങ്ങി. അതാ നല്ല ഒരു അന്വേഷണം. കുലീനനായ വഹബിന്റെ മകൾ ആമിന. കുടുബക്കാർക്ക് നന്നേ ബോധിച്ചു . എന്ത്കൊണ്ടും അബ്ദുല്ലയ്ക്ക് യോജിച്ച ഒരു പെൺകുട്ടി . പ്രഥമ ദൃഷ്ടിയിൽ തന്നെ പരസ്പരം സമ്മതമായി. 

    ശ്രദ്ധേയമായ ഒരു വിവാഹം. നടപ്പു രീതികളിൽ നിന്ന് വിഭിന്നമായി പ്രൗഢമായിരുന്നു സദസ്സ്. വാദ്യമേളങ്ങളോ ആരവങ്ങളോ ഉണ്ടായിരുന്നില്ല. വധുവരന്മാരുടെ കുടുബങ്ങളിൽ നിന്ന് പ്രമുഖർ ഒത്തുകൂടി .പരസ്പരം ആദര ബഹുമാനങ്ങൾ പങ്കു വെച്ചു. വിവാഹ ഉടമ്പടി പൂർത്തിയായി.

          അബ്ദുല്ലാ ആമിനാ ദമ്പതികളുടെ ദാമ്പത്യ ജീവിതം മക്കക്കാർക്ക് കൗതുകം പകർന്നു. ഇണക്കുരുവികളുടെ ഒത്തൊരുമ ആരെയും അസൂയപ്പെടുത്തി. ദമ്പതികളുടെ ജീവിത വല്ലരിയിൽ മധുനിറഞ്ഞു. ആമിന ഗർഭവതിയായി.

          അപ്പോഴേക്കും മക്കയിൽ നിന്ന് കച്ചവട സംഘം പുറപ്പെടാനുളള നാളുകളായി. ഭാര്യയെ തനിച്ചാക്കി അബ്ദുല്ലയും വ്യാപാര സംഘത്തിൽ  അംഗം ചേർന്നു.

      വിധിക്ക് ചില നിർണയങ്ങളുണ്ട്. വിധിക്കുന്നവന് ( പടച്ചവന് ) അതിൽ

പരമാധികാരവും ലക്ഷ്യങ്ങളുമുണ്ട്.

അത് മാറ്റാൻ ആർക്കും കഴിയില്ല തന്നെ. അതെ, മടക്ക യാത്രയിൽ മദീനയിൽ (അന്നത്തെ യസ് രിബ് ) വച്ച് അബ്ദുല്ല രോഗഗ്രസ്തനായി. തുടർന്ന് പരലോകം പ്രാപിച്ചു.  വിവരമറിഞ്ഞ പത്നി ദുഖം കടിച്ചിറക്കി, വിധിയോട് പൊരുത്തപ്പെട്ടു. ഒപ്പം സ്റ്റേഹ ഭാജനം സമ്മാനിച്ച ഗർഭത്തെ പരിപാലിച്ചു കാത്തിരുന്നു.

എ.ഡി. 571 ഏപ്രിൽ 20 തിങ്കളാഴ്ച (റബീഉൽ അവ്വൽ 12 )പ്രഭാതത്തിൽ ആമിന ഒരാൺകുഞ്ഞിന് ജന്മം നൽകി. അതായിരുന്നുമുത്തു നബി മുഹമ്മദ് സല്ലല്ലാഹു അലൈഹി വസല്ലം...... ചരിത്രത്തിന്റെ കൺമുന്നിലേക്ക് കടന്നു വന്ന തിരു ജന്മം.

Post a Comment