മുഹമ്മദ് നബി ﷺ : സൈദ് മുത്ത് നബിﷺയുടെ ജീവിതത്തിലേക്ക് | Prophet muhammed history in malayalam | Farooq Naeemi


 മുത്തുനബിﷺയുടെ കുടുംബ ജീവിതത്തിൽ വീട്ടിലെ ഒരംഗമായി പുതിയ ഒരാൾ കൂടി കടന്നു വരുന്നു. വേറെയാരുമല്ല; ഉക്കാള് മാർക്കറ്റിൽ നിന്ന് വാങ്ങിയ അടിമ സൈദ്. പുണ്യ നബിﷺയുടെ സ്വഭാവത്തെയും ജീവിതത്തെയും പ്രകാശിപ്പിക്കുന്ന ഒരു സംഭവം കൂടി ഇവിടെ വായിക്കാനുണ്ട്. സൈദ് മുത്ത് നബിﷺയുടെ ജീവിതത്തിലേക്ക് എത്തിച്ചേർന്നതെങ്ങനെ എന്ന് നോക്കാം.

അറേബ്യയിലെ പ്രസിദ്ധമായ കൽബ് ഗോത്രത്തിലെ ശുറാഹീലിന്റെ പുത്രനാണ് ഹാരിസ. അദ്ദേഹത്തിന്റെ ഭാര്യയാണ് ത്വയ് വംശത്തിലെ സഅലബയുടെ മകൾ സുഅദ, ഹാരിസ സുഅദ ദമ്പതികളുടെ പ്രിയപ്പെട്ട മകനാണ് സൈദ്. ഐശ്വര്യവും സമ്പന്നവും നിറഞ്ഞ കുടുംബമാണ് അവരുടേത്. ഒരു ദിവസം സുഅദ അമ്മാവൻമാരുടെ വീട് സന്ദർശിക്കാനായി പുറപ്പെട്ടു. ഒപ്പം മകൻ സൈദിനെയും കൂട്ടി. 'ബനുൽ ഖൈന് ബിൻ ജസ്റ് ' എന്ന കുപ്രസിദ്ധ കൊള്ള സംഘം ഊരുചുറ്റുന്ന കാലമായിരുന്നു അത്. യാത്രാമധ്യേ കൊള്ളക്കാരുടെ കണ്ണിൽപ്പെട്ടു. ആയുധ ധാരികളായ അവർ ഉമ്മയെയും മകനെയും ബന്ദികളാക്കി. താണു കേണപ്പോൾ ഉമ്മയെ മോചിപ്പിച്ച് മകനെയും കൊണ്ട് അവർ കടന്നു കളഞ്ഞു. സൈദിനെ അടിമച്ചന്തയിൽ വിൽക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഭാഗ്യം കൊണ്ടുമാത്രം രക്ഷപ്പെട്ട സുഅദ വീട്ടിലെത്തി. കുടുംബക്കാരെ വിവരം ധരിപ്പിച്ചു. കുടുംബക്കാർ ഒത്തു ചേർന്നു. പിതാവ് ഹാരിസയും സഹോദരൻ കഅബും നാലുപാടും അന്വേഷിച്ചു. ശക്തരായ ഗോത്രക്കാർ സാധ്യതകൾ മുഴുവൻ ഉപയോഗപ്പെടുത്തി. പക്ഷേ ഫലം കണ്ടില്ല. സൈദിനെ കണ്ടെത്താനായില്ല.
കൊള്ളക്കാർ സൈദിനെ അടിമയാക്കി നാടുകടത്തി. എത്രയും വേഗം മറുദേശത്തെത്തിച്ചു. മകന്റെ വിരഹത്തിൽ മനം നൊന്ത ഹാരിസ പരിഭ്രാന്തനായി. അങ്ങിങ്ങായി അലഞ്ഞും അന്വേഷിച്ചും നടന്നു. എന്നെങ്കിലും മകനെക്കണ്ടെത്തുമെന്ന് അയാൾ ആശിച്ചു. എന്ത് വില കൊടുത്തും മോചിപ്പിക്കും എന്നയാൾ നിശ്ചയിച്ചു. അവനെക്കണ്ടെത്തുന്നത് വരെ ജീവിതാസ്വാദനം വർജിക്കാൻ അയാൾ പ്രതിജ്ഞ ചെയ്തു. അദ്ദേഹത്തിന്റെ ഗോത്രവും അന്വേഷണം അവസാനിപ്പിച്ചില്ല. അവസാനം മകൻ മരണപ്പെട്ടോ ജീവിച്ചിരിപ്പുണ്ടോ എന്നു പോലും വിവരം ലഭിക്കാത്തതിൽ അയാൾ വ്യാകുലനായി. മകനോടുള്ള സ്നേഹവും വിരഹ നൊമ്പരവും ചേർത്ത് കവിത ചൊല്ലി നടന്നു. ഒരു മകനോട് പിതാവിനുള്ള സ്നേഹത്തിന്റെ ഉദാഹരണമായി അത് മാറി. സൈദിൻ്റെ തിരോധാനവും ഹാരിസയുടെ കവിതകളും ഇന്നും വായിക്കപ്പെടുന്നു.
ഇതിനകം സൈദ് മക്കയിലെ പ്രസിദ്ധമായ ഉക്കാള് ചന്തയിൽ കച്ചവടച്ചരക്കായി എത്തിക്കഴിഞ്ഞിരുന്നു. മുത്ത് നബിﷺ എന്തോ ഒരാവശ്യത്തിന് മാർക്കറ്റിലെത്തി. അടിമകളുടെ കൂട്ടത്തിൽ മുഖലക്ഷണമൊത്ത സൈദിനെ കണ്ടു. അവന്റെ ഭാവവും രീതിയും നബിﷺയെ ആകർഷിച്ചു. വീട്ടിൽച്ചെന്ന് പ്രിയ പത്നി ഖദീജ(റ)യോട് വിഷയം പങ്കുവച്ചു. "നല്ല സത്യസന്‌ധതയും സദ്സ്വഭാവവുമുള്ള ആ കുട്ടിയെ നമുക്ക് വാങ്ങണം. അവനെ നമുക്ക് നമ്മുടെ മകനായി വളർത്താം. നല്ല ഒരു ഭാവി അവനിൽ ഞാൻ കാണുന്നുണ്ട്." ബീവി സമ്മതിച്ചു. മുത്ത് നബിﷺയുടെ താത്പ്പര്യം ബീവിക്ക് സ്വന്തത്തെക്കാൾ എപ്പോഴും പ്രാധാന്യമുള്ളതാണല്ലോ? ബീവി ഉടനെ സഹോദരൻ ഹിസാമിന്റെ മകൻ ഹകീമിനെ വിളിച്ചു. ആവശ്യമായ പണം കൈയിൽ നൽകി. സൈദിനെ വാങ്ങിക്കൊണ്ട് വരാൻ മാർക്കറ്റിലേക്കയച്ചു. അതിവേഗം ഹക്കീം ചന്തയിലെത്തി. നാനൂറ് ദിർഹമിന് സൈദിനെ വാങ്ങി അമ്മായിക്കെത്തിച്ചുകൊടുത്തു. പ്രവാചകത്വ പ്രഖ്യാപനത്തിന്റെ പന്ത്രണ്ട് വർഷം മുമ്പായിരുന്നു ഈ സംഭവമെന്നാണ് 'അലി അൽ ഖുസാഇ' യുടെ അഭിപ്രായം. അന്ന് സൈദിന്റെ പ്രായം എട്ട് വയസ്സായിരുന്നുവത്രെ! അങ്ങനെയെങ്കിൽ അന്ന് മുത്ത് നബിﷺ യുടെ പ്രായം ഇരുപത്തിയെട്ടായിരിക്കും.
ഇനി മുതൽ സൈദിന്റെ യജമാനൻ മുഹമ്മദ്ﷺയും യജമാനത്തി ബീവി ഖദീജ(റ)യുമാണ്. പുതിയ പരിസരത്തോട് അവൻ വേഗം ഇണങ്ങി. മുത്ത് നബിﷺക്ക് നല്ല ഒരു സമ്മാനം നൽകിയ സന്തോഷത്തിലാണ് ബീവി. നല്ല ഒരു പരിചാരകനെയും പ്രിയപ്പെട്ട ഒരു മകനെയും ഒരുമിച്ചു കിട്ടിയ സന്തോഷത്തിലാണ് നബിﷺ. സ്വന്തം മാതാപിതാക്കളെക്കാൾ സ്നേഹവും വാത്സല്യവും നൽകുന്ന ഉമ്മയേയും ഉപ്പയേയും കിട്ടിയ ആനന്ദത്തിലാണ് സൈദ്. നബിﷺയോടുള്ള നിരന്തര സഹവാസം സൈദിന്റെ ഹൃദയത്തിൽ ചില തിരിച്ചറിവുകൾ നൽകി. എന്റെ യജമാനൻ ഒരു സാധാരണക്കാരനല്ല. അവിടുത്തേക്ക് മഹത്തായ എന്തൊക്കെയോ വന്നു ചേരാനുണ്ട്.
(തുടരും)
ഡോ. മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ-ബുഖാരി
Tweet 32
A new person enters the family of the Prophetﷺ as a member of the family. It is none other than the slave Zaid bought from the Ukaz market. Here is another incident that illuminates the character and life of the Holy Prophetﷺ. Let's see how Zaid came into the life of Prophet ﷺ
Harisa is the son of Shuraheel of the famous tribe of Kalb in Arabia. His wife is Suada, the daughter of Sa'alaba of the tribe of "Tway". Zaid is the beloved son of Harisa-Suada couple. Their's is a rich and wealthy family. One day Suada went to visit her uncle's house. And son Zaid was also with her. It was a time when Banul Qain bin Juzr, a notorious band of robbers, was on the prowl. On the way, Suada and Zaid were captivated by the armed robbers. The mother and son (Suada and Zaid) pleaded the robbers to free them. They freed Suada and took the son with them. Their intention was to sell Zaid in the slave market.
Suada, who escaped by luck, reached home and informed the family members. Harisa and his brother Ka'ab searched all the places. The mighty tribe used all possible ways in search of Zaid. But the result was disappointing; Zaid could not be found.
The robbers took Zaid as a slave and sent him to other country as soon as possible. Harisa became nervous because of his son's absence. He wandered around and searched. He hoped to find his son someday. He decided that he would find him out at any cost. He vowed to abstain from enjoying life until his son was found. His tribe did not stop searching. Finally, Harisa became gloomy that he did not get any information whether his son was dead or alive. It became a rare example of a father's love for a son. Harisa composed many poems lamenting on the loss of his son. Disappearance of Zaid and poems of Harisa are still read in the history today.
Zaid had already arrived at the famous Ukaz market in Mecca as a slave to be sold. One day the Prophet ﷺ came to the market for some purpose. He saw Zaid with his facial features among the slaves. His appearance and manner attracted the Prophetﷺ. He went home and shared the matter with his beloved wife Khadeeja (RA). Let's buy him .Let's raise him as our son. I see a good future in him. "The wife agreed. The interest of the beloved Prophetﷺ is always more important to her than her own. The wife immediately called her brother Hisam's son Hakeem. She gave him the necessary money and sent him to the market to fetch Zaid. Hakeem quickly reached the market and bought Zaid for four hundred dirhams. At that time the age of the Prophetﷺ was twenty-eight,as reported by Ali Al Khuzae; before 12 years of the prophecy.
Henceforth, Zaid's master is Muhammad ﷺ and his mistress is Khadeeja. He adapted quickly to the new environment. Khadeeja was very happy that she could present a good gift to the Prophetﷺ. The Prophetﷺ happy to have a good servent and a beloved son together. Zaid became happy as he got a father and mother who love him more than his real parents do.
Constant association with the Prophetﷺ brought certain realizations in the heart of Zaid. "My master is not an ordinary man. There is something great to come to him....

Post a Comment