മുഹമ്മദ് നബി (സ); മുലകുടി പ്രായം | Prophet muhammed history in malayalam

മുഹമ്മദ് നബി (സ) ജനനം |  Prophet muhammed history in malayalam


മക്ക പണ്ടു മുതലേ പട്ടണ പ്രദേശമാണ്. പട്ടണത്തിൽ ജനിക്കുന്ന ആൺകുട്ടികളെ മുലയൂട്ടാൻ ഗ്രാമത്തിലേക്കയക്കും. അത് അന്നാട്ടിലെ സമ്പ്രദായമായിരുന്നു. ശുദ്ധവായു ലഭിക്കാനും പകർച്ചവ്യാധികളും മറ്റും വരാതിരിക്കാനും  അതുപകരിക്കുമായിരുന്നു. മരുഭൂമിയിലെ ജീവിതം കുട്ടികൾക്ക് ഒരുപാട്  നന്മകൾക്ക്അ വസരമൊരുക്കുന്നതുമായിരുന്നു.


കുട്ടികളെ ഇണക്കി പോറ്റുന്നതിൽ ചില കുടുംബങ്ങൾക്ക് പ്രത്യേക മികവുണ്ടായിരുന്നു. അതിൽ പ്രസിദ്ധമാണ് 'ബനൂ സഅദ്' ഗോത്രം. മക്കയുടെ തെക്കു കിഴക്ക് ഭാഗത്ത് താമസിക്കുന്ന ഹവാസിൻ കുലത്തിന്റെ ഭാഗമായിരുന്നു അവർ. മഹതി ആമിനയും മകനെ മുലയൂട്ടാൻ ബനൂ സഅദ് ഗോത്രത്തെ ആഗ്രഹിച്ചു. പോറ്റുമ്മമാർ മക്കളെത്തേടി മക്കയിൽ വരുന്നതും കാത്ത് കഴിഞ്ഞു. അധികം വൈകിയില്ല. സംഘങ്ങൾ വന്നു തുടങ്ങി. കൂട്ടത്തിൽ അബൂദു ഐബിന്റെ  മകൾ ഹലീമയും ഉണ്ടായിരുന്നു. ഒപ്പം ഭർത്താവ് ഹാരിസും മുലകുടി പ്രായത്തിലുള്ള മകൻ അബ്ദുല്ലയും (ളംറ).


ഹലീമയുടെ ഓർമകൾ ചരിത്രത്തിന്റെ ഭാഗമായി. ഉജ്വലമായി അത് അയാളപ്പെട്ടു. മഹതി വിവരിക്കുന്നതിങ്ങനെയാണ്. ഒരു വരൾച്ചക്കാലം. ഞങ്ങളുടെ ജീവിതവിഭവങ്ങളെല്ലാം കഴിഞ്ഞിരിക്കുന്നു. എത്രയും വേഗം മക്കയിലേക്ക് പോകണം . മുലയൂട്ടാൻ ഒരു കൂട്ടിയെ ലഭിക്കണം. അതുവഴി കിട്ടുന്ന ആനുകൂല്യങ്ങൾ കൊണ്ട് ജീവിതം മെച്ചപ്പെടുത്താം. ചാരനിറമുള്ള ഒരു പെൺ കഴുതയും കറവ വറ്റാറായ ഒരൊട്ടകവുമാണ് ഞങ്ങൾക്കുള്ളത്.  എന്റെ മുലയിൽ പാലില്ലാത്ത കാരണം കുഞ്ഞുമോൻ നിർത്താതെ കരയുകയാണ്. ഏതായാലും മക്കയിലേക് പുറപ്പെട്ടു. ഞങ്ങളെ പോലെയുള്ള ഒരു സംഘത്തോടൊപ്പമാണ് യാത്രതിരിച്ചത്. വേച്ചു വേച്ചു നടക്കുന്ന എന്റെ വാഹനത്തെക്കാത്ത് കൂട്ടുകാരികൾ കുഴങ്ങി. ഒരു മഴ ലഭിച്ചെങ്കിൽ എന്ന് ഏറെ ആഗ്രഹിച്ചു. പക്ഷേ, മക്കയെത്തും വരെ ലഭിച്ചതേയില്ല. എല്ലാവരും കുട്ടികളെത്തേടി ഇറങ്ങി. ആമിന ബീവിയുടെ വീട്ടിലും എത്തി. പിതാവ് മരണപ്പെട്ടതിനാൽ കുട്ടിയെ ഏറ്റെടുക്കാൻ  പലരും താത്പര്യം കാണിച്ചില്ല. കുട്ടിയുടെ പിതാവിൽ നിന്നുള്ള പാരിതോഷികങ്ങളാണല്ലോ പോറ്റുമ്മമാരുടെ പ്രതീക്ഷ. നേരിട്ട് കൂലിവാങ്ങുന്ന ഒരു ജോലിയായിരുന്നില്ല മുലയൂട്ടൽ. മറിച്ച്, ദീർഘ ദൂര ഭാവിയിലുമുള്ള ഒരു ബന്ധവും അനുബന്ധമായി ലഭിക്കുന്ന ആനുകൂല്യങ്ങളുമായിരുന്നു. ഒപ്പം ഒരു സമ്പ്രദായത്തിന്റെ ഭാഗവും കൂടിയായിരുന്നു അത്. ഒരു ഗ്രാമീണ കുടുംബവും ഒരു പട്ടണവാസിയും തമ്മിലുള്ള ബന്ധത്തിന് ഏറെ മാനങ്ങളുണ്ടായിരുന്നു. പരസ്പരമുള്ള ആവശ്യങ്ങൾ നിർവഹിച്ചിരുന്നു.

    ഒരു അനാഥ ബാലനെ ഏറ്റെടുക്കുന്നതിൽ വൈമനസ്യം വന്നതവിടെയാണ്. ഞാനേതായാലും കുഞ്ഞിനെയൊന്ന് കാണാമെന്നു വച്ചു. മറുള്ളവർ അതിനകം കുട്ടികളെയുമായി മക്കവിടാൻ റെഡിയായിരുന്നു. ആമിനയുടെ അരുമ മകന്റ അടുത്ത് ഞാനെത്തി. ഈ മോനെ നമുക്ക് കൊണ്ടുപോകാം, ദൈവം അതുവഴി നമ്മെ അനുഹിച്ചേക്കും. ഭർത്താവും സമ്മതം നൽകി. കുഞ്ഞിനെ എടുത്ത് മാറോടു ചേർത്തതേ ഉള്ളൂ. മാറിൽ പാൽ നിറഞ്ഞു . എന്റെ മോനും പോറ്റു മോനും വയർ നിറയെ മുല കുടിച്ചു. എന്തൊരത്ഭുതം! ഒടുകത്തിന്റെ അകിടും നിറഞ്ഞിരി ക്കുന്നു. കഴുതയും ആരോഗ്യത്തോടെ തുള്ളിച്ചാടുന്നു. എന്റെ ഭർത്താവു പറഞ്ഞു: നീ തെരഞ്ഞെടുത്ത കുഞ്ഞ് ഒരു അനുഗ്രഹം തന്നെയാണല്ലോ? 'അതെ, ഞാനും പ്രതീക്ഷിച്ചത് അത് മാത്രം': ഞാൻ പ്രതികരിച്ചു. ഞങ്ങൾ ഗ്രാമത്തിലേക്കു മടങ്ങി. ഞാനും പുതിയ കുട്ടിയും കഴുതപ്പുറത്ത് കയറി. വാഹനത്തിന് നവോന്മഷം കൈവന്നിരിക്കുന്നു.  അതിവേഗം സഞ്ചരിക്കാൻ തുടങ്ങി. കൂട്ടുകാരികൾ എല്ലാം പിന്നിലായി. അവർ ഞങ്ങളോട് കാത്ത് നിൽക്കാൻ പറഞ്ഞു. 'ഇതെന്തൊരത്ഭുതം, ഹലീമ വലിയ്യ ഭാഗ്യം ചെയ്തവളാണ്': കൂട്ടുകാരികൾ പറയാൻ തുടങ്ങി

അതേ, മുഹമദ് (നബി) ﷺ മക്കയിൽ നിന്ന് ഗ്രാമത്തിലേക് യാത്രയാരംഭിച്ചു കഴിഞ്ഞു.....

Post a Comment