മുഹമ്മദ് നബി ﷺ : നേർവഴിയുടെ കരിന്തിരികൾ| Prophet muhammed history in malayalam | Farooq Naeemi


 സൈദിന് ഏറെ സന്തോഷമായി. നാട്ടിലേക്ക് തന്നെ യാത്രതിരിച്ചു. അന്വേഷണത്തിന്റെ തീരത്തണയാനുള്ള മോഹത്തോടെ അദ്ദേഹം സഞ്ചരിച്ചു. പല വഴികളും താണ്ടി. പല വാതിലുകളും മുട്ടി. ഒടുവിൽ ലക്ഷ്യത്തിലേക്കുള്ള പ്രയാണം. അദ്ദേഹം 'ലഖ്മ്' എന്ന പ്രദേശത്തെത്തി. അക്രമികൾ അദ്ദേഹത്തെ കടന്നു പിടിച്ചു. മരണം ഉറപ്പായപ്പോൾ അദ്ദേഹം പ്രാർത്ഥിച്ചു. എനിക്ക് എന്റെ ലക്ഷ്യത്തിലേക്കെത്താനായില്ല. എനിക്ക് ഹനീഫീ സരണി പ്രാപിക്കാനുമാവുന്നില്ല. എന്റെ മകൻ സഈദിന് നീആ മാർഗ്ഗം തടയരുതേ.. പടച്ചവനേ! ദുഷ്ടന്മാർ അദ്ദേഹത്തെ കൊലപ്പെടുത്തി. അദ്ദേഹത്തിന്റെ അവസാനത്തെ പ്രാർത്ഥന അല്ലാഹു സ്വീകരിച്ചു. സൈദിന്റെ മകൻ സഈദ്(റ) സ്വഹാബിയായി(പ്രവാചകാനുചരൻ). സ്വർഗ പ്രവേശം സുവിശേഷം ലഭിച്ച പത്തു പ്രമുഖരിൽ ഒരാളായി വാഴ്ത്തപ്പെട്ടു.

സൈദ് കൊല്ലപ്പെട്ട വിവരം മക്കയിലറിഞ്ഞു. സത്യാന്വേഷിയുടെ വിയോഗം വറഖത് ബിൻ നൗഫലിന് താങ്ങാനായില്ല. ദുഃഖം കടിച്ചമർത്തിയ അദ്ദേഹം വിലാപ വരികൾ രചിച്ചു. നേർവഴിയോട് സൈദ് കാണിച്ച താത്പര്യം എഴുതിയ ശേഷം കവിതയിൽ അദ്ദേഹം പറഞ്ഞു. നിശ്ചയം നിങ്ങൾ ഇബ്രാഹീം നബിയെ കണ്ടുമുട്ടും. ഏഴ് താഴ്‌വരകളുടെ ദൈർഘ്യം കണക്കെ ഭൂമിക്കടിയിലായാലും അല്ലാഹുവിൻറെ കാരുണ്യം നിങ്ങൾക്ക് ലഭിക്കും. (വ ഖദ് തുദ് രികുൽ ഇൻസാന റഹ്മതു റബ്ബിഹി-വലൗകാന തഹ്തൽ അർളി സബ് ഈന വാദിയാ..)
സൈദ് നല്ല ഒരു കവികൂടിയായിരുന്നു. തൗഹീദിന്റെ (ഏകദൈവവിശ്വാസം) മഹത്വം പറയുന്ന നിരവധി വരികൾ അദ്ദേഹത്തിന്റേതായി ഗ്രന്ഥങ്ങളിൽ ഉദ്ദരിച്ചിട്ടുണ്ട്. അദ്ദേഹം യഥാർത്ഥത്തിൽ ഏകദൈവ വിശ്വാസിയായിത്തന്നെയാണ് ഗണിക്കപ്പെടേണ്ടത്. ഇബ്രാഹീമി മാർഗത്തെ താത്പര്യപ്പെടുകയും ഏകനായ അല്ലാഹുവിനെ മാത്രം ആരാധ്യനായി ഉൾകൊള്ളുകയും ചെയ്ത ആളാണദ്ദേഹം. പിൽക്കാലത്ത് മുത്ത് നബിﷺ അദ്ദേഹത്തെ പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ട്. ഹദീസിൽ ഇങ്ങനെ കാണാം. മുത്ത് നബിﷺ പറഞ്ഞു. അദ്ദേഹത്തെ മാത്രം ഒരു സ്വതന്ത്ര സമുദായമായി പരലോകത്ത് അല്ലാഹു ഹാജരാക്കും. മറ്റൊരു നിവേദനത്തിൽ നബിﷺ സൈദിനെ കുറിച്ചു പറഞ്ഞു. "ഞാൻ സ്വർഗത്തിൽ പ്രവേശിച്ചു. സൈദുബിനു അംറിന്റേതായി രണ്ട് ഉദ്യാനങ്ങൾ ഞാനവിടെ ദർശിച്ചു"
എവിടെയും ഇരുട്ടു പടർന്നപ്പോഴും നേർവഴിയുടെ കരിന്തിരികൾ അങ്ങിങ്ങായി നിലകൊള്ളുന്നു. ലോകം മുഴുവൻ ഒരു പ്രവാചകന്റെ ആഗമഗത്തിനായി കാത്തിരിക്കുന്നു. നിയോഗ ഭൂമിയിലേക്ക് ചിലർ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ചിലർ വഴിമധ്യേ വിയോഗം തേടി. ചിലർ കാലേകൂട്ടി എത്തിച്ചേർന്ന് പ്രതീക്ഷിക്കുന്നു. ലോകം തന്നെ ഒരു വരവേൽപിനായി പാകപ്പെടുന്നു. എല്ലാ കണ്ണുകളും തിഹാമയുടെ താഴ്വരയിലേക് തിരിയുന്നു. അവിടുത്തെ ചെറിയ ചലനങ്ങളെപ്പോലും കാലം കാതോർക്കുന്നു. മുത്ത് നബിﷺയുടെ നിയോഗത്തിനായി പരിസരം പാകപ്പെടുന്നതിനിടയിലെ ചില ഏടുകൾ കൂടി നാം വായിക്കുകയാണ്. മദീനയിൽ ബനൂ ഖുറൈള ഗോത്രക്കാർ അധിവസിക്കുന്ന സ്ഥലം. അവിടെ സിറിയയിലെ പുണ്യവാളനായ ഒരു യഹൂദ പുരോഹിതൻ വന്ന് താമസമാക്കി. മുത്ത് നബിﷺയുടെ പ്രവാചകത്വ പ്രഖ്യാപനത്തിന് രണ്ട് വർഷം മുമ്പായിരുന്നു സംഭവം. ഇബ്നു ഹയ്യിബാൻ എന്നാണദ്ദേഹത്തിന്റെ പേര്. ഭൗതിക പരിത്യാഗിയും വേദത്തിലും ആത്മീയതയിലും പരിജ്ഞാനിയുമായിരുന്നു അദ്ദേഹം. ക്രമേണ അദ്ദേഹം മദീനയിൽ ഏവർക്കും സ്വീകാര്യനായി മാറി. മഴ ലഭിക്കാതെ വരുമ്പോൾ മദീനക്കാർ അദ്ദേഹത്തെ സമീപിക്കും. അല്ലയോ.. ഇബ്നു ഹയ്യിബാൻ പുറത്തേക്ക് വന്ന് ഞങ്ങൾക്ക് മഴ ലഭിക്കാൻ വേണ്ടി ഒന്നു പ്രാർത്ഥിച്ചാലും. അപ്പോളദ്ദേഹം പറയും പ്രാർത്ഥനക്ക് മുമ്പ് എന്തെങ്കിലും ദാനധർമം ചെയ്യുക. നാട്ടുകാർ ചോദിക്കും. എന്താണ് ചെയ്യേണ്ടത്? അൽപം കാരക്കയോ ബാർലിയോ അങ്ങനെ എന്തെങ്കിലും. ഉടൻ ജനങ്ങൾ ദാനധർമങ്ങളുമായി എത്തും. ശേഷം തുറസ്സായ ഒരു സ്ഥലത്ത് ഒരുമിച്ചു കൂടും. ഇബിനു ഹയ്യിബാന്റെ നേതൃത്വത്തിൽ മഴക്ക് വേണ്ടി പ്രാർത്ഥിക്കും. കൂട്ടം പിരിയുന്നതിന് മുമ്പ് മഴ ലഭിച്ചിരിക്കും. മദീനക്കാർക്ക് പല പ്രാവശ്യം ഇത്തരം അനുഭവങ്ങൾക്ക് സാക്ഷിയാകാൻ കഴിഞ്ഞു.
നാളുകൾ കടന്നു പോയി. ഇബ്നു ഹയ്യിബാന് രോഗം ബാധിച്ചു. എല്ലാവരും അദ്ദേഹത്തെ സന്ദർശിച്ചു. അദ്ദേഹം ചോദിച്ചു, അല്ലയോ.. യഹൂദരേ ഞാനെന്തിനാണ് നാടും വീടും വിട്ട് ഇങ്ങോട്ട് വന്നത് എന്ന് നിങ്ങൾക്കറിയുമോ?
(തുടരും)

Post a Comment