മുഹമ്മദ് നബി ﷺ : സദാചാരങ്ങളുടെ പ്രതിരൂപം | Prophet muhammed history in malayalam | Farooq Naeemi

Tweet 15/365

ആറാം നൂറ്റാണ്ടിൽ മക്കയിൽ ജീവിച്ചിരുന്ന സമൂഹം ഏറെ അധാർമികമായിരുന്നു. അവർക്കിടയിൽ തെളിമയാർന്ന ഒരു യൗവനത്തെയാണ്  നാം വായിക്കുന്നത്. കളവ് പറയലും നടത്തലും മോശമായിക്കാണാത്ത ഒരു ജനത. തമാശയായിപ്പോലും കളവു പറയാത്ത ഒരു യുവാവ്. മദ്യം പുണ്യജലം പോലെയോ കുടിവെള്ളം പോലെയോ ഉപയോഗിക്കുന്ന ജനങ്ങൾ. ഒരിക്കൽ പോലും മദ്യമൊന്ന് രുചിച്ചു പോലും നോക്കാത്ത ഒരാൾ. സർവ്വവിധ അനാവശ്യങ്ങളും നിറഞ്ഞു നിൽക്കുന്ന ജനകൂട്ടം. ഒരു വൃത്തികേടിലേക്കും തിരിഞ്ഞു നോക്കുക പോലും ചെയ്യാത്ത ഒരു വ്യക്തി. ഇപ്രകാരമാണ് മുത്ത് നബി ﷺ മക്കയിൽ വളർന്നു വരുന്നത്.

പവിത്രമായ ഈ ജീവിതത്തിന് പിന്നിൽ അല്ലാഹുവിന്റെ പ്രത്യേകമായ ഒരു കാവൽ നമുക്ക് വായിക്കാനാകും. സ്വീകാര്യയോഗ്യമായ ഒരു നിവേദനം ഇങ്ങനെയാണ്. ഖുറൈശികൾ കഅബാലയം പുതുക്കിപ്പണിതു കൊണ്ടിരിക്കുന്നു. കല്ലു ചുമക്കുന്നവരുടെ കൂട്ടത്തിൽ തിരുനബിﷺ യുമുണ്ട്. പിതൃ സഹോദരനായ അബ്ബാസ് (റ)ആണ് ഒപ്പമുള്ളത്. ഉടുമുണ്ട് അഴിച്ച് തോളിൽ വെച്ച് അതിന്മേൽ കല്ലേറ്റികൊണ്ട് വരിക. ഇതായിരുന്നു സാധാരണയിൽ അവിടുത്തെ രീതി. പക്ഷേ മുഹമ്മദ്ﷺ ഉടുവസ്ത്രമഴിക്കാതെ നേരേ തന്നെ തോളിൽ കല്ലു ചുമക്കുന്നു. അനുകമ്പ തോന്നിയ അബ്ബാസ് ചോദിച്ചു. മോനേ മുണ്ടഴിച്ച് തോളിൽ വെച്ച് കല്ലു ചുമന്നു കൂടെ?(വിസമ്മതിച്ചു.) അവർ രണ്ടു പേരും മാത്രമായപ്പോൾ കൊച്ചാപ്പയുടെ അഭിപ്രായം മാനിക്കാമെന്ന് കരുതി. മുണ്ടഴിക്കാനൊരുങ്ങിയപ്പോഴേക്കും ബോധം നഷ്ടപ്പെട്ടു വീണു. ഉടനെ അബ്ബാസ് താങ്ങിയെടുത്തു. എന്ത് പറ്റി മോനെ? മുത്ത് നബിﷺ യുടെ കണ്ണുകൾ ആകാശത്തേക്കുയർന്നിരുന്നു. അവിടുന്ന് പറഞ്ഞു. നഗ്നനായി നടക്കുന്നത് എനിക്ക് നിരോധിക്കപ്പെട്ടിരിക്കുന്നു. പിന്നീടൊരിക്കലും അങ്ങനെയൊരു ശ്രമം ഉണ്ടായില്ല.

പ്രവാചകത്വ പ്രഖ്യാപനത്തിനു മുമ്പും മുത്ത് നബിﷺ പാപസുരക്ഷിതരായിരുന്നു എന്നതിന് തെളിവ്കൂടിയാണീ സംഭവം. ഇമാം ബുഖാരിയും ഈ ഹദീസ് ഉദ്ദരിച്ചിട്ടുണ്ട്. ഈ സംഭവത്തിന് മുമ്പൊരിക്കൽ കുട്ടികളോടൊപ്പം അവിടുന്ന് കല്ലു ചുമന്നു. അപ്പോഴും ഇത്തരം ഒരു ശ്രമം നടന്നു. 'നിങ്ങൾ ഉടുമുണ്ട് ധരിക്കുക' എന്ന ആജഞകേട്ടു. പിന്നാമ്പുറത്ത് നിന്ന് ആരോ ഒരാൾ ശക്തമായി മുതുകിൽ ഇടിക്കുകയും ചെയ്തു. എന്നാൽ വേദന അനുഭവപ്പെടുകയോ ആളെക്കാണുകയോ ചെയ്തില്ല. തുടർന്ന് ചുമലിൽ തന്നെ കല്ല് ചുമന്ന് പണി പൂർത്തീകരിച്ചു.

ഇബ്നു അബ്ബാസ് നിവേദനം ചെയ്യുന്ന മറ്റൊരു സംഭവം ഇങ്ങനെയുമുണ്ട്. ഒരിക്കൽ അബൂത്വാലിബ് സംസം കിണറിന്റെ അറ്റകുറ്റപ്പണികൾ നടത്തുകയായിരുന്നു. സഹോദരപുത്രൻ മുഹമ്മദ്ﷺ യും ഒപ്പം കൂടി. കല്ലുകൾ ചുമന്ന് എത്തിക്കാൻ തുടങ്ങി. തോളിൽ കല്ലു ചുമക്കുന്ന കുട്ടിയോട് മുതിർന്ന ഒരാൾക്ക് അനുകമ്പ തോന്നി. വസ്ത്രം അഴിച്ച് തോളിൽ തടയായി വെച്ചു കൊടുക്കാനൊരുങ്ങി. ഉടനെ തിരുനബിﷺ ബോധരഹിതനായി വീണു. ബോധം തെളിഞ്ഞപ്പോൾ അബൂത്വാലിബ് ചോദിച്ചു മോനേ എന്തു സംഭവിച്ചു? ഉപ്പാ ശുഭ്രവസത്രധാരിയായ ഒരാൾ  എന്റെ അടുത്ത് വന്നു പറഞ്ഞു. നിങ്ങൾ ശരീരം മറക്കൂ.. പ്രവാചകത്വ പ്രഖ്യാപനത്തിന് മുമ്പ് വഹിയ്(ദിവ്യസന്ദേശം) ലഭിച്ച സുപ്രധാന സന്ദർഭമായി ഈ സംഭവത്തെ പണ്ഡിതന്മാർ പരിഗണിച്ചിട്ടുണ്ട്.

സദാചാരങ്ങളുടെ പ്രതിരൂപമായി മുത്ത് നബിﷺ ജീവിതം നയിച്ചു. ജീവിതം കൊണ്ട് തന്നെ തിരുത്തലുകൾ നിർവഹിച്ചു കൊണ്ടേയിരുന്നു. അവിടുന്ന് പറഞ്ഞതായി അലി(റ) ഉദ്ദരിച്ചു. ജാഹിലിയ്യാ കാലക്കാർ ചെയ്തിരുന്ന ഒരു വൃത്തികേടും ചെയ്യാൻ ഞാൻ ഉദ്ദേശിച്ചിട്ടു പോലുമില്ല. എന്നാൽ രണ്ട് സന്ദർഭങ്ങളുണ്ടായി. രണ്ട് സമയത്തും അല്ലാഹു എനിക്ക് കാവൽ നൽകുകയും ചെയ്തു. ഒന്ന്, കൂട്ടുകാരോടൊപ്പം ആട് മേയ്ക്കുന്ന കാലം. ഒരു ദിവസം ഞാനവരോട് പറഞ്ഞു. ഇന്ന് നിങ്ങൾ എന്റെ ആടുകളെ കൂടി ഒന്ന് നോക്കാമോ.. ഞാൻ പട്ടണത്തിൽ പോയി യുവാക്കളോടൊപ്പം വിനോദത്തിൽ ഒന്നു കൂടിയിട്ടു വരാം. അവർ സമ്മതിച്ചു. അങ്ങനെ മക്കാ പട്ടണത്തിലെത്തി. അതാ ഒരു വീട്ടിൽ ആരവങ്ങൾ കേൾക്കുന്നു. എന്താണെന്നന്വേഷിച്ചു. വിവാഹത്തിന്റെ ഭാഗമായുള്ള വിനോദങ്ങളാണ്. അവിടേക്ക് കടന്നു ചെന്നു ഒരു ഭാഗത്ത് ഇരുന്നതേ ഉള്ളൂ ഉറങ്ങിപ്പോയി. പരിപാടികള്‍ എല്ലാം കഴിഞ്ഞ് പ്രഭാതമടുത്തപ്പോഴാണ് ഉണർന്നത്. ഒരു വിനോദത്തിലും ഞാൻ ആസ്വദിച്ചില്ല. പിന്നീട് കൂട്ടുകാരിലേക്ക് മടങ്ങിയെത്തി. അവർ വിനോദങ്ങളെ കുറിച്ചു ചോദിച്ചു. സംഭവിച്ച കാര്യങ്ങൾ ഞാൻ അവരോട് പങ്കുവെച്ചു. മറ്റൊരിക്കൽ കൂടി സമാനമായ ഒരു സംഭവമുണ്ടായി. പിന്നോടൊരിക്കലും അത്തരം ഒരു സാന്നിധ്യത്തിന് പോലും ആഗ്രഹിച്ചിട്ടില്ല.

വിശ്വാസാചാരങ്ങളിൽ തുല്യതയില്ലാത്ത ഒരു കരുതൽ മുത്ത്  നബിﷺ ക്കുണ്ടായിരുന്നു. പല സംഭവങ്ങളിലും അത് വ്യക്തമാണ്...

(തുടരും)

ഡോ. ഫാറൂഖ് നഈമി അൽ ബുഖാരി✍️

Post a Comment