മുഹമ്മദ് നബി ﷺ : ആഭ്യന്തരമായ പാകപ്പെടലുകൾ | Prophet muhammed history in malayalam | Farooq Naeemi


 മുത്തുനബിﷺയിൽ ആഭ്യന്തരമായ പാകപ്പെടലുകൾ നടക്കുന്നു. കണ്ടവരും കേട്ടവരും ദൈവദൂതിന്റെ അവതരണം മുഹമ്മദ്ﷺയിൽ പ്രതീക്ഷിക്കുന്നു. പരിസരങ്ങൾ വീണ്ടും വീണ്ടും തങ്ങളോട് ചിലതൊക്കെ വിളിച്ചുപറയുന്നു.

ഇമാം മുസ്‌ലിം ഉദ്ദരിക്കുന്ന ഹദീസിൽ ഇങ്ങനെ വായിക്കാം. നബിﷺ പറഞ്ഞു, "മക്കയിൽ ഒരു കല്ലുണ്ടായിരുന്നു. നിയോഗത്തിന് മുമ്പ് തന്നെ എനിക്ക് സലാം പറയാറുണ്ടായിരുന്നു. ഇപ്പോഴും എനിക്കതിനെ അറിയാം. "ഇത് കേവലം ഒരു കല്ലിൽ പരിമിതപ്പെട്ടതല്ല. വേറെയും പല പ്രതിഭാസങ്ങളും വസ്തുക്കളും മുത്ത് നബിﷺയെ അഭിവാദ്യം ചെയ്തിരുന്നു. അലി(റ) പറയുന്നതായിക്കാണാം. ഞങ്ങൾ നബിﷺയോടൊപ്പം മക്കയിൽ കഴിയുന്നകാലം. ഞങ്ങൾ ഒരുമിച്ച് മക്കയിലെ ചില പ്രാന്തപ്രദേശങ്ങളിലേക്ക് പോയി. കുന്നുകളും മരങ്ങളുമുള്ള പ്രവിശ്യയിലൂടെയാണ് നടന്നു നീങ്ങിയത്. ഓരോ മരവും കുന്നും മുത്ത് നബിക്ക് ﷺ സലാം പറയുന്നുണ്ടായിരുന്നു. "അസ്സലാമു അലൈക യാറസൂലല്ലാഹ് (അല്ലാഹുവിന്റെ ദൂതരേ.. അവിടുത്തേക്ക് സലാം) എന്ന്. മറ്റൊരു നിവേദനത്തിൽ ഇങ്ങനെ കൂടിയുണ്ട്. ഏതൊരു മരത്തിന്റെയും കുന്നിന്റേയും സമീപത്തുകൂടി സഞ്ചരിക്കുമ്പോഴും ഓരോന്നും നബിﷺക്ക് സലാം ചൊല്ലുന്നുണ്ടായിരുന്നു. എനിക്കും അത് വ്യക്തമായി കേൾക്കാമായിരുന്നു.
ഇത്തരം നിരവധി സംഭവങ്ങൾ ഹദീസുകളിലും ചരിത്ര ഗ്രന്ഥങ്ങളിലുമുണ്ട്. ഇങ്ങനെയൊക്കെ ഉണ്ടാകാമോ എന്ന് സംശയിക്കേണ്ടതില്ല. ആലങ്കാരികമായി പറഞ്ഞതാണെന്ന് വ്യാഖ്യാനിക്കേണ്ടതുമില്ല. കാരണം, ഇത്തരം സംഭവങ്ങൾ നബിﷺക്ക് മുഅജിസത്തായി (അമാനുഷിക മഹത്വം) അല്ലാഹു നൽകിയതാണ്. ചില അചേതന വസ്തുക്കൾ വിവേകത്തോട് കൂടി പെരുമാറിയത് അതിന്റെ ഭാഗമാണ്. അല്ലാഹുവിനെ ഭയന്ന് ഉരുളുന്ന പാറകളെ കുറിച്ച് ഖുർആൻ പരാമർശിക്കുന്നുണ്ട്. അല്ലാഹുവിനെ സ്തുതിക്കുകയും വാഴ്ത്തുകയും ചെയ്യാത്ത ഒരു വസ്തുവുമില്ലെന്നും ഖുർആൻ പറയുന്നുണ്ട്. ഇമാം നവവി(റ) രേഖപ്പെടുത്തിയ വിശദീകരണത്തിന്റെ ഭാഗമാണിത്.
പ്രവാചകത്വത്തിന്റെ പ്രഖ്യാപനത്തിന് മുമ്പ് നബിﷺ പല അശരീരികളും കേൾക്കുമായിരുന്നു. വാനലോകത്ത് ചില പ്രത്യേകമായ പ്രകാശവീചികൾ പ്രത്യക്ഷപ്പെടുന്നത് ശ്രദ്ധയിൽ പെടും. ഒരിക്കൽ പ്രിയ പത്നി ബീവി ഖദീജ(റ)യോട് അവിടുന്ന് പറഞ്ഞു. ഓ ഖദീജാ ഞാൻ ചില അശരീരികൾ കേൾക്കുന്നു. പ്രത്യേകമായ ചില പ്രകാശങ്ങൾ ദർശിക്കുന്നു, എന്താണാവോ? ഞാൻ എന്തോ ആയിപ്പോകുമോ എന്ന് ഞാൻ ആശങ്കപ്പെടുന്നു. പക്വമതിയായ പ്രിയതമ പറഞ്ഞു. ആശങ്കപ്പെടാനൊന്നുമില്ല, അല്ലാഹു സത്യം! അവിടുത്തേക്ക് നന്മയല്ലാത്തതൊന്നും സംഭവിക്കുകയില്ല. അങ്ങ് സത്യസന്ധതയും കുടുംബബന്ധവും പാലിക്കുകയും പുലർത്തുകയും ചെയ്യുന്നവരാണല്ലോ? അപകടമായി ഒന്നും സംഭവിക്കില്ല.
ക്രമേണ മുത്ത് നബിﷺയിൽ മാറ്റങ്ങൾ വന്നുകൊണ്ടേയിരുന്നു. ഒരു വലിയ ദൗത്യം ഏറ്റെടുക്കുന്നതിന്റെ പാകപ്പെടലുകൾ. അല്ലാഹു അവന്റെ ദൂതനെ സജ്ജീകരിക്കുകയാണ്. ലോകം മുഴുവൻ സമുദ്ദരിക്കാനുള്ള ഒരു സംഹിത ഏൽപിച്ചു കൊടുക്കാൻ തയ്യാറാക്കുകയാണ്. അക്കാലത്ത് തങ്ങൾ ഒറ്റപ്പെട്ടു സഞ്ചരിക്കുമ്പോൾ വിജനതയിൽ നിന്ന് തങ്ങൾക്ക് ആരൊക്കെയോ സലാം ചൊല്ലും. അല്ലാഹുവിന്റെ ദൂതരേ എന്ന് വിളിച്ചു കൊണ്ട് അഭിവാദ്യമർപ്പിക്കും. പിന്നെപ്പിന്നെ അവിടുത്തേക്ക് ഏകാന്തത ഒരു ഹരമായി. അല്ലാഹുവിനെ ആലോചിച്ചും അവന് ആരാധനകൾ അർപിച്ചും ഒറ്റക്കിരിക്കും. ഈയൊരു ഏകാഗ്രധ്യാനം എന്തെങ്കിലും കാരണത്താൽ നബിﷺ പദ്ധതിയിട്ട പ്രകാരം രൂപപ്പെടുത്തിയതല്ല. അല്ലാഹുവിൽ നിന്നുള്ള ആത്മീയ ചോദനയുടെ ഭാഗമായി വന്നു ചേർന്നതാണ്. സാമൂഹിക അനർത്ഥങ്ങളിൽ ആകുലപ്പെട്ട് ധ്യാനം തെരഞ്ഞെടുത്ത ദാർശനികന്മാരെപ്പോലെയല്ല. നിശ്ചിതമായ കർമപദ്ധതികളുടെ ഭാഗമായി രൂപപ്പെടുത്തിയ കാനനവാസത്തെപ്പോലെയുമല്ല. അത്തരം ആലോചനയോ പദ്ധതിയോ ഒന്നും രൂപപ്പെടുത്താത്ത മുഹമ്മദ്ﷺയെ അല്ലാഹു അന്ത്യ ദൂതതനായി തെരഞ്ഞെടുത്തതിന്റെ ഭാഗമായി നൽകിയ ഏകാന്തവാസമാണിത്. അതിൽ മുത്ത് നബിﷺആത്മാർത്ഥമായി ആനന്ദം കണ്ടെത്തി. സവിശേഷമായ ഒരു ഏകാന്തതക്ക് മക്കയിലെ പ്രകാശഗിരി (ജബലുന്നൂർ) യുടെ ഉച്ചിയിൽ ഹിറാ ഗുഹയിൽ പോയി ഇരിക്കാൻ അവിടുത്തേക്ക് ഉൾവിളിയുണ്ടായി.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ. മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി

#EnglishTranslation

Self maturation was taking place in Prophetﷺ. Those who have seen and heard, expect the manifestation of God's message in Muhammad ﷺ. Again and again the surroundings announce something to the Prophetﷺ.
In the hadith quoted by Imam Muslim(RA), the Prophetﷺ said, "There was a stone in Mecca. It used to greet me with 'Salam' even before I was assigned as Prophet. I still know it. It is not limited to a stone. Many other phenomena and objects greeted the Prophetﷺ. It can be seen as Ali (RA) saying. 'While we were with the Prophetﷺ in Mecca, went together to some suburbs of Mecca . We walked through a province with hills and trees. Every tree and hill greeted the Prophetﷺ. Each one was saying Salam to the Prophet ﷺ. I could hear it clearly.
There are many such incidents in the hadiths and historical books. There is no need to doubt that such things can happen. There is no need to interpret them as metaphorical. Because such events were bestowed to the Prophet ﷺ as Muajiza (The Miracle) by Allah. As a part of Muajiza some inanimate objects behave like that. The holy Qur'an mentions the rocks that roll down in fear of Allah. The holy Qur'an also says that there is nothing that does not praise and glorify Allah. This is part of the explanation recorded by Imam Nawawi (RA).
Before the declaration of prophecy, the Prophetﷺ would hear many incorporeal sounds. Once he said to his beloved wife Khadeeja (RA) 'Oh ! Khadeeja I hear some incorporeal sounds. I see some special lights. What woul be the reason? I am worried that something untoward would happen to me' the matured dear wife, Khadeeja said. 'There is nothing to worry about. By the God, nothing but good will happen to you. Aren't you the one who follow and maintain honesty and family ties? Nothing dangerous will happen.
The Prophetﷺ kept changing. Preparations for taking on a great mission. Allah is preparing His Messenger. He is preparing to deliver a code of peace to reform the whole world. At that time, when the Prophetﷺ was traveling alone, someone from the desert would greet him and call adress him, "Messenger of Allah."
And later 'solitude' became a craving for him. He would be alone thinking about Allah and worshiping Him. This solitude was not designed by the Prophetﷺ for any reason. Unlike the philosophers who chose meditation worrying in social evils. Nor was it like planned with certain action plans.The meditation of the Prophetﷺ came together as part of a spiritual urge from Allah. This is the solitude that Allah gave as a part of choosing him as the final messenger. The beloved Prophetﷺ found genuine pleasure in it. He was called upon to go and sit in the Hira cave on the top of "Jabalunnoor" in Mecca for a special solitude.

Post a Comment