മുഹമ്മദ് നബി ﷺ : ഖബ്ബാബ്(റ), അമ്മാർ(റ) | Prophet muhammed ﷺ history in malayalam | Farooq Naeemi


 ഖബ്ബാബ്(റ) ശിക്ഷിക്കപ്പെടുന്ന രംഗം ഒരിക്കൽ നബി ﷺ കാണാനിടയായി. അവിടുത്തെ കണ്ണുകൾ നിറഞ്ഞു. കവിളുകൾ നനഞ്ഞു. ആത്മാർത്ഥമായി അവിടുന്ന് പ്രാർത്ഥിച്ചു. "അല്ലാഹുവേ നീ ഖബ്ബാബിനെ കാത്തു രക്ഷിക്കേണമേ"

തമീം ഗോത്രത്തിലെ അറത്തിന്റെ മകനായി നജ്ദിലായിരുന്നു ഖബ്ബാബ്(റ) ജനിച്ചത്. കൊള്ളക്കാരുടെ കൈയ്യിലകപ്പെട്ട് മക്കയിലെ ചന്തയിലെത്തി. ഖുസാഅ ഗോത്രത്തിലെ സമ്പന്നയായ ഉമ്മു അന്മാർ അവനെ വിലക്ക് വാങ്ങി. ആയുധപ്പണിയിൽ മികവ് കാണിച്ച അടിമയെ അവൾ കൊല്ലപ്പണി പരിശീലിപ്പിച്ചു. അങ്ങനെ ഖബ്ബാബ്(റ) മക്കയിലെ അറിയപ്പെട്ട കൊല്ലപ്പണിക്കാരനായി. അത് വഴി ഉമ്മു അന്മാർ അതിസമ്പന്നയായി. വിഗ്രഹാരാധനയും മറ്റും ആദ്യമേ താത്പര്യമില്ലാതിരുന്ന അദ്ദേഹം മോചനത്തിന്റെ ഒരു മാർഗ്ഗം കാത്തിരുന്നപ്പോഴാണ് മുത്ത് നബി ﷺ രംഗ പ്രവേശനം ചെയ്തത്. അതോടെ ഖബ്ബാബി(റ)ന് ആവേശമായി. അദ്ദേഹം തൗഹീദ് പ്രഖ്യാപിച്ചു. പക്ഷേ ഉമ്മു അന്മാറിന് അത് ദഹിച്ചില്ല. അവൾ ഖബ്ബാബി(റ)നെ മർദ്ദിച്ചു. എന്നാൽ വൈകാതെ അവൾ രോഗിയായി. ഇരുമ്പ് ദണ്ഡ് ചൂടാക്കി നിത്യവും തലയിൽ ചൂടുകൊള്ളിക്കാൻ വൈദ്യൻ നിർദ്ദേശിച്ചു. ചികിത്സ നടത്താൻ ഖബ്ബാബി(റ)നെ ചുമതലപ്പെടുത്തി. വേദന കൊണ്ട് പുളഞ്ഞ് പൊള്ളുന്ന ദണ്ഡിന്റെ തീക്ഷ്ണതയിൽ ഓടുന്ന ഉമ്മു അന്മാറിനെ ഖബ്ബാബി(റ)ന് കാണേണ്ടിവന്നു. കാലത്തിന്റെ കൗതുകം നിറഞ്ഞ ഒരു പ്രതികാരമായിരുന്നു അത്.
പീഢനങ്ങളാൽ നൊമ്പരപ്പെടുന്ന കാലത്തെ ഓർമപ്പെടുത്തുന്ന ഒരു നിവേദനം ഇമാം ബുഖാരി(റ) ഉദ്ദരിച്ചിട്ടുണ്ട്. "ഖബ്ബാബ് (റ) പറയുന്നു. മക്കയിൽ ഞങ്ങൾ ശക്തമായി പീഢിപ്പിക്കപ്പെടുന്ന കാലം. ഞാൻ നബി ﷺ യുടെ സന്നിധിയിലെത്തി. അവിടുന്ന് കഅബയുടെ തണലിൽ ഒരു മേൽമുണ്ട് മടക്കി തലയിണവെച്ച് കിടക്കുകയായിരുന്നു. ഞാൻ ചോദിച്ചു. അല്ലയോ അല്ലാഹുവിന്റെ ദൂതരേ! അവിടുന്ന് നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്നില്ലേ? നബി ﷺ എഴുന്നേറ്റിരുന്നു. അവിടുത്തെ മുഖം ചുവന്നു തുടുത്തു. അവിടുന്ന് പറയാൻ തുടങ്ങി. നിങ്ങളുടെ മുൻഗാമികൾ എത്രമേൽ മർദ്ദനങ്ങൾ ഏറ്റുവാങ്ങി. അവരിൽ ചിലരെ ശത്രുക്കൾ ഇരുമ്പിന്റെ ചീർപ്പ് കൊണ്ട് വാർന്നു. എല്ലിൽ നിന്ന് മാംസമാണ് വാർന്ന് മാറ്റിയത്. ചിലരുടെ മൂർദ്ധാവിൽ ഈർച്ചവാൾ വച്ച് മരം പിളർക്കുന്നത് പോലെ രണ്ട് ഭാഗമാക്കി പിളർന്നു. അപ്പോഴൊന്നും അവർ വിശ്വാസം കൈവിട്ടില്ല. ഈ പ്രസ്ഥാനം പൂർണ വളർച്ചയെത്തും. അന്ന് സൻആ മുതൽ ഹളർമൗത് വരെ ഒരാൾ യാത്ര ചെയ്താൽ അല്ലാഹുവിനെയും ഒപ്പമുള്ള ആടിനെ ചെന്നായ പിടിക്കുമോ എന്നും മാത്രം അയാൾ ഭയന്നാൽ മതിയാകും."
മുൻഗാമികൾ അനുഭവിച്ച ത്യാഗം ഓർമപ്പെടുത്തി. നബി ﷺ വിശ്വാസികളെ ആശ്വസിപ്പിച്ചു. പീഢനങ്ങൾ അതിജയിച്ച് എത്തിച്ചേരുന്ന ഭാവിയെ കുറിച്ച് പ്രതീക്ഷ നൽകി. അനിവാര്യമായ സഹനത്തിന്റെ പ്രാധാന്യം ഓർമപ്പെടുത്തി. ഇതെല്ലാമായിരുന്നു നബി ﷺ യുടെ ഈ ഇടപെടലിന്റെ സാരം.
ഖബ്ബാബ്(റ) ഖുർആൻ നന്നായി പഠിച്ചു. മറ്റുള്ളവർക്ക് പഠിപ്പിച്ചു കൊടുക്കുന്ന അധ്യാപകനായി മാറി.
മക്കയിലെ തീഷ്ണതയുടെ നാളുകൾ തുടരുകയാണ്. പാവപ്പെട്ട വിശ്വാസികൾ ഖുറൈശികളുടെ ക്രൂര വിനോദങ്ങൾക്ക് നിരന്തരം ഇരയായിക്കൊണ്ടിരുന്നു. സുഹൈബ് ബിൻ സിനാൻ അർറൂമി, ആമിർ ബിൻ ഫുഹൈറ, അബൂ ഫുകൈഹ, അവരിൽ പ്രധാനികളാണ്.
ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരിൽ ഏറ്റവും വലിയ പരീക്ഷണം നേരിട്ട കുടുംബമാണ് അമ്മാർ (റ)ന്റെ കുടുംബം. ഉപ്പ യാസിർ, ഉമ്മ സുമയ്യ, സഹോദരൻ അബ്ദുല്ല എല്ലാവരും പരീക്ഷണങ്ങൾ നേരിട്ടവരാണ്.
ഒരു ദിവസം അമ്മാറി(റ)നെ ഖുറൈശികൾ കൂട്ടമായി മർദ്ദിച്ചു. ശരീരം മുഴുവൻ മുറിവുകളായി. ആ മുറിവുകളോടെ തിളക്കുന്ന മരുഭൂമിയിൽ മലർത്തി കിടത്തി. ശേഷം വെള്ളത്തിൽ മുക്കി. കുറേ നേരം അമ്മാർ(റ) ബോധരഹിതനായി കിടന്നു. ബോധം തെളിഞ്ഞു വരുമ്പോൾ അക്രമികൾ അവരുടെ ദൈവങ്ങളെ വാഴ്ത്തിപറഞ്ഞു. അത് പ്രകാരം ഏറ്റു പറയാൻ ആവശ്യപ്പെട്ടു. അർദ്ധ ബോധാവസ്ഥയിൽ അമ്മാർ(റ) സമ്മതം മൂളി. ബോധം തെളിഞ്ഞപ്പോഴാണ് അബദ്ധം വ്യക്തമായത്. അദ്ദേഹം ഏറെ ദുഃഖിതനായി. നിർത്താതെ കരഞ്ഞുകൊണ്ടേയിരുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ. മുഹമ്മദ്‌ ഫാറൂഖ് നഈമി അൽബുഖാരി

#EnglishTranslation

The Prophet ﷺ once saw the scene of Khabbab being punished and the tears welled up in Prophet's eyesﷺ. His cheeks were wet and he sincerely prayed, "O Allah, save Khabbab."
Khabbab was born in Najd as the son of Arath of the tribe of Tamim. He was abducted by robbers and reached to the market of Mecca. He was bought by the rich Umm Anmar of the tribe of Khuzaa. As he excelled in weaponry, he became a well-known blacksmith in Mecca. Through that, Umm Anmar became very rich. At first, he was not interested in idolatry, etc., and when he was waiting for a way of release, the Prophetﷺ professed his prophecy . With that, Khabbab became excited. He declared Tawheed. But Umm Anmar did not like it. She tortured him. But soon she became ill. The physician prescribed to heat her head with hot iron rod daily. Khabbab was assigned to carry out the treatment. Khabbab had to see Ummu Anmar running because of the heat of the burning rod. It was a curious revenge of the time.
Imam Bukhari has quoted a narration that reminds us of the time of torture. Khabbab(R) said, "We were being severely tortured in Mecca . I came to the presence of the Prophetﷺ. He was lying on a pillow in the shade of the holy Ka'aba with a blanket folded over it. I asked. O Messenger of Allah! Does you not pray for us? The Prophet ﷺ stood up. His face turned red. He began to say. How much torture your predecessors suffered. Some of them, their hair was combed by the enemies with iron combs. Flesh was removed from the bones. Some were split in to two parts like splitting a tree with a sword. They did not give up their faith. This ideology will reach full growth. If a person travels from San'a to HalarMouth on that day, all that is needed to fear Allah and the fear of the wolf catching the sheep.
The sacrifice of the predecessors was remembered. The Prophetﷺ comforted the believers reminding of a safe future overcoming persecutions. The importance of tolerance was reiterated. All this was the essence of the intervention of the Prophetﷺ.
Khabbab studied the Qur'an well and became a teacher who taught others.
The days of adversity in Mecca continue. The poor believers were the victims of the Quraish's constant cruel pastimes. Suhaib bin Sinan Al Rumi, Amir bin Fuhaira and Abu Fuqaiha were the main subjected to cruelty.
The family of Ammar (R) is the family that faced the biggest test because for accepting Islam. Father Yasir, Ummu Sumaiya, brother Abdullah all faced tests.
One day Ammar was beaten by a group of Quraish. His whole body was inflicted with wounds. He was laid on the scorching sand. Then dipped in the water. Ammar was unconscious for some time. When he regained consciousness, the assailants praised their gods and asked him to do so. In semi- conscious condition he agreed. Became aware of the fault when regained consciousness. He was very sad and kept on crying.

Post a Comment