മുഹമ്മദ് നബി ﷺ : വിശ്വസൗന്ദര്യം | Prophet muhammed history in malayalam | Farooq Naeemi


 വിശാലമായ ശിരസ്സ്. ബുദ്ധിശക്തിയെ പ്രകാശിപ്പിക്കുന്ന ലക്ഷണമൊത്ത ഭാവം. അവിടുത്തെ തലമുടി കൂടിപ്പിണഞ്ഞതോ പാറിപ്പറന്നതോ അല്ല. വാർന്നിടുമ്പോൾ മണൽ മടക്കുപോലെ. ചിലപ്പോൾ ചുമൽ വരെയും മറ്റു ചിലപ്പോൾ ചെവിക്കുറ്റി വരെയും താഴ്ന്നിട്ടുണ്ടാവും. നെറുകിൽനിന്ന് രണ്ട് ഭാഗമാക്കണമെങ്കിൽ അങ്ങനെ പിരിച്ചിടാമായിരുന്നു. ചിലപ്പോൾ അഴിച്ചിടും മറ്റു ചിലപ്പോൾ ഒതുക്കി വെക്കും. എണ്ണ പുരട്ടിയില്ലെങ്കിലും എണ്ണ പുരട്ടിയ പോലെ ഭംഗിയുണ്ടാകും.

നീണ്ട് തിങ്ങിയ താടി. വെട്ടിയൊതുക്കി ഭംഗിയുള്ള കീഴ്താടി. ചിന്തയിലാണ്ടിരിക്കുമ്പോൾ താടിയിൽ തഴുകിക്കൊണ്ടേയിരിക്കും. വുളൂഅ ചെയ്യുമ്പോൾ താടിരോമങ്ങൾക്കിടയിൽ വിരൽ കോർത്ത് കഴുകും. നഖവും രോമങ്ങളും കൃത്യമായ ഇടവേളകളിൽ വെട്ടി വൃത്തിയാക്കും. സാധാരണഗതിയിൽ നാൽപത് ദിവസത്തിനുള്ളിൽ രോമങ്ങൾ വൃത്തിയാക്കും. ആഴ്ചയിൽ നഖം മുറിക്കുന്ന ചിട്ടപാലിച്ചു. നഖം മുറിക്കുമ്പോൾ വലതു കൈയ്യുടെ ചൂണ്ടുവിരലിൽ തുടങ്ങി തള്ളവിരലിൽ അവസാനിക്കും. ഇടതുകൈ ചെറുവിരലിൽ തുടങ്ങി തള്ളവിരൽ വരെ തുടർച്ചയായി നഖം മുറിക്കും. മുടിചീകി വൃത്തിയാക്കുകയും ഒന്നിടവിട്ട ദിവസങ്ങളിൽ എണ്ണ തേക്കുകയും ചെയ്യും.

ശരീരത്തിൽ അധിക രോമമുള്ള പ്രകൃതമല്ല അവിടുത്തേത്. കൈത്തണ്ടയിലും നെഞ്ചിൻറെ മുകൾ ഭാഗത്തും പിരടി ഭാഗത്തും രോമങ്ങളുണ്ടായിരുന്നു. നെഞ്ച് മുതൽ പൊക്കിൾ വരെ ഒരു വര പോലെ രോമ നിരയുണ്ടായിരുന്നു. ഇതല്ലാത്ത രോമങ്ങൾ മാറിലോ വയറിൻറെ ഭാഗങ്ങളിലോ ഉണ്ടായിരുന്നില്ല. കക്ഷത്ത്  രോമം ഉണ്ടാകാറുണ്ട്. രോമം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും കക്ഷത്തു നിന്ന് ഒരു പ്രകാശം നിറഞ്ഞ വെളുപ്പായിരുന്നു. ദൃഢമായ കൈകാലുകൾ. ആരോഗ്യപൂർണമായ പേശികൾ. ബലമുള്ള എല്ലുകൾ. വലിപ്പവും കൂർമതയുമുള്ള അവയവാഗ്രങ്ങൾ. ദൃഢവും വീതിയുമുള്ള കൈമുട്ടുകൾ, കാൽമുട്ടുകൾ. വിശാലമായ ഉള്ളം കൈ. ഉറച്ച  ശേഷിയുള്ള അവയവങ്ങൾ. പട്ടു പോലെ മാർദ്ദവമുള്ള കൈവെള്ള. ഞാൻ സ്പർശിച്ച ഏത് പട്ടിനേക്കാളും  മാർദ്ദവമുള്ളതായിരുന്നു തിരുകൈപ്പത്തിയെന്ന് പിൽക്കാലത്ത് അനുചരന്മാർ പറഞ്ഞിട്ടുണ്ട്‌.

കാൽപാദങ്ങൾ ഉറച്ചത്. പാദത്തിന് പുറത്ത് വെള്ളം ഒഴിച്ചാൽ തങ്ങിനിൽക്കുന്ന മടക്കുകളോ ചുളിവുകളോ ഉണ്ടായിരുന്നില്ല. കാലിന്റെ ചൂണ്ട് വിരലിനായിരുന്നു ആപേക്ഷികമായി നീളം. മെലിഞ്ഞ മടമ്പുകൾ. കണങ്കാലിന് കസ്തൂരിയെ വെല്ലുന്ന സുഗന്ധം. നടക്കുമ്പോൾ മുന്നോട്ടരായൽ. ഉയരത്തിൽ നിന്ന് ഇറങ്ങിവരും പോലെ. ഓരോ ചുവടുകളും ചടുലം. പാദങ്ങൾ വലിച്ചിഴച്ച് നടക്കില്ല. പിൽക്കാലത്ത് ബീവി ആഇശ (റ) പറഞ്ഞു "അവിടുത്തെ ഓരോ ചുവടുകളും എടുത്തെടുത്ത് വെക്കുന്നതായിരുന്നു".

ആരോഗ്യത്തിൽ ഏതു മല്ലനെയും വെല്ലാൻ ശക്തിയുണ്ടായിരുന്നു. പിൽക്കാലത്ത് മത്സരിച്ച് ഗുസ്തിക്കൊരുങ്ങിയ റുകാനയെ തങ്ങൾ ﷺ  മലർത്തിയടിച്ചു. അറബ് ലോകത്തെ അറിയപ്പെട്ട ഫയൽവാനായിരുന്നു അയാൾ.

മുത്ത് നബി ﷺ യുടെ സൗന്ദര്യത്തെ കുറിച്ച് ഹസ്സാൻ(റ)പറഞ്ഞത്. 'അവിടുന്ന് ഉദ്ദേശിച്ച പോലെ അല്ലാഹു പടച്ചു സംവിധാനിച്ചത് പോലെയുണ്ട് സൗന്ദര്യത്തിന്റെ തികവ്.'

യൂസുഫ് നബി (അ)ന്റെ സൗന്ദര്യത്തിൽ ആകൃഷ്ടരായ അന്നത്തെ വനിതകൾ കൈവശമുണ്ടായിരുന്ന ആപ്പിളിന് പകരം കൈവിരലുകൾ മുറിച്ചു. അവർ മുഹമ്മദ് ﷺ യുടെ സൗന്ദര്യം ദർശിച്ചിരുന്നെങ്കിൽ വിരലിനുപകരം ഹൃദയം മുറിക്കുമായിരുന്നുവത്രെ. കറുത്ത തലപ്പാവണിഞ്ഞ് ഒരിക്കൽ മുത്ത് നബി ﷺ പ്രതൃക്ഷപ്പെട്ടു. ബീവി ആഇശ (റ) ചോദിച്ചുവത്രെ അവിടുത്തെ വെളുപ്പാണോ ഈ കറുപ്പിന്റെ അഴക് എടുത്തു കാണിക്കുന്നത്. അതല്ല തട്ടത്തിൻറെ കടുത്ത കറുപ്പാണോ തങ്ങളുടെ വെളുപ്പ്  ഉദിപ്പിച്ചുകാണിക്കുന്നത്. സ്വന്തത്തിൽ പരിപൂർണ സൗന്ദര്യം നിറഞ്ഞ് നിന്നതോടൊപ്പം കൃത്യമായ സൗന്ദര്യ സങ്കൽപങ്ങളും മുത്ത് നബി ﷺ ക്കുണ്ടായിരുന്നു.

ഭാഷക്കും ഭാവനക്കും പിടുത്തം തരാത്ത വിശ്വസൗന്ദര്യം. അത് പകർത്താൻ ഞാനെത്ര കസർത്ത് കാട്ടിയിട്ടെന്ത് കാര്യം. ആയുധം വെച്ച് കീഴടങ്ങുകയല്ലാതെ രക്ഷയില്ല....

(തുടരും)

ഡോ. ഫാറൂഖ് നഈമി അൽ ബുഖാരി

#EnglishTranslation 

A big head. A characteristic shape that indicates intelligence. The hair is not matted or frizzy. It is like folding sand when it is combed.Sometimes up to the shoulder and sometimes down to the earlobe, it could be divided into two parts. Sometimes it is loose and sometimes it is combed. Even if it is not oiled, it will be just as beautiful as it is oiled.      

                                                                                                                                                       Long and thick beard. A beautiful lower chin. When he  thinks , he keeps stroking his beard. While performing Wuzu (Ablution),  inserts finger among the beard hairs and washes.                                        

The nails and hair are cut and cleaned at regular intervals. Generally, the hair is cleaned within forty days. The routine of cutting the nails in a week. When cutting the nails, the nails of the right hand start from the index finger and end at the thumb. The nails of the left hand are cut continuously starting from the little finger to the thumb. The hair is combed clean and oiled on alternate days.  

He was not the type with excess hair on his body. He had hair on his wrists, on the side of his chest and on his back. There was a hair line from the chest to the navel. Other than this, there was no hair on the chest or abdomen. Armpit hair was there.  The armpit was a radiant white whether there is hair or not.

Strong limbs. Healthy muscles. Strong bones. Big and strong limbs. Strong and wide elbows and knees. Broad inner arms. Solid and robust body parts. Palms as soft as silk. Later companions said that the palm was softer than any silk they had ever touched.     

                                                                                                                                        Firm feet. There were no folds or wrinkles on the outer side of the foot that would stop water when poured. The hallux was relatively long. Lean ankles. Ankles smelling like musk. When walking forward, as if coming down from  height. Every step is brisk. No dragging of feet. Later,  Aisha (RA) said that 'each of his steps was one by one.        

He had the power to beat any strong man. Later, prophetﷺ defeated Rukana, who was ready to compete and wrestle. Rukhana was a well-known wrestler in the Arab world. Hassan (R.A) said about the beauty of Prophet ﷺ.''The perfection of beauty is as if Allah had designed it as the Prophet ﷺ  intended'.           

                                                                                                                                                         Attracted by the beauty of Prophet Yusuf (A.S.) the women of that time, cut off the fingers of the hand instead of the apple they were holding. If they had seen the beauty of Muhammad ﷺ, they would have cut their heart instead of their finger.     

On one occasion the Prophet ﷺ appeared wearing a black turban. Wife Aisha (RA) asked whether it is his fair skin  that highlights the lightness of his black turban or is it the intense black of the turban that shows his fairness. Prophet  ﷺ was the essence of perfect beauty and had precise concepts of it.

  The universal beauty that cannot be grasped by language and imagination. No matter how hard I tried to depict it. There is no  way other than lying down my pen.

Post a Comment