മുഹമ്മദ് നബി ﷺ :വിവാഹനിശ്ചയം | Prophet muhammed history in malayalam | Farooq Naeemi


 നമുക്ക് തിരിച്ചു വരാം. മുത്ത് നബിﷺയുടെ സൗന്ദര്യ സ്വരൂപം നാം വായിച്ചു. ഏതൊരാളും മകൾക്ക് വേണ്ടി തെരഞ്ഞെടുക്കാവുന്ന എല്ലാ ഗുണങ്ങളും മുത്ത് നബിﷺയിൽ ഒത്തു ചേർന്നിരിക്കുന്നു. ഏതൊരു വനിതയും ആഗ്രഹിച്ച് പ്രണയിക്കാവുന്ന ആകർഷണീയതയുടെ പര്യായം. വിശ്വസുന്ദരിയെത്തന്നെ അന്വേഷിക്കാവുന്ന സൗന്ദര്യത്തിന്റെ പ്രതീകമാണല്ലോ മുത്തുറസൂൽ ﷺ. എന്നാൽ അരമനകൾ ചില ദൗത്യങ്ങൾക്ക് വേണ്ടി ഒരുങ്ങുകയാണ്. ഇത് കേവലം വൈകാരികമായ ഒരു വിവാഹ ചർച്ചയല്ല. ഒരു പുരുഷന് ഒരു സ്ത്രീ വേണ്ടേ എന്ന അർത്ഥത്തിലുമല്ല.

മക്കയെയും ലോകത്തെയും തന്നെ മാറ്റി മറിക്കുന്ന ഒരു വിവാഹാന്വേഷണം. ഖദീജ തന്റെ വിശ്വസ്ഥയായ നഫീസ ബിൻത് മുൻയയെ വിളിച്ചു. മുഹമ്മദ്ﷺനെ വിവാഹം കഴിക്കാനുള്ള  താൽപര്യം അറിയിച്ചു. നബി ﷺ യുടെ താത്പര്യം അന്വേഷിക്കാൻ ഏൽപിച്ചു. നഫീസ പറയുന്നു. ഞാൻ രഹസ്യമായി നബി ﷺയെ സമീപിച്ചു. ഞാൻ ചോദിച്ചു. അവിടുന്ന് ഒരു വിവാഹം ചെയ്തു കൂടെ? എന്താണങ്ങനെ ചിന്തിക്കാത്തത്? എന്താ തടസ്സം? ഉടനെ പറഞ്ഞു. വിവാഹത്തിനാവശ്യമായ പണമൊന്നും ഞാൻ കരുതിയിട്ടില്ല. ഞാൻ ചോദിച്ചു. സാമ്പത്തികം പ്രശ്നമല്ല. സമ്പന്നയും കുലീനയുമായ ഒരു സുന്ദരിയെ ആലോചിച്ചാലോ? അങ്ങനെയൊരു ക്ഷണം ഇങ്ങോട്ട് വന്നാലോ? സമ്മതിക്കാൻ പറ്റുമോ?

ആരെയാണ് നിങ്ങൾ ഉദേശിക്കുന്നത്? നബി ﷺചോദിച്ചു. ഒറ്റവാക്കിൽ ഞാൻ പറഞ്ഞു 'ഖദീജ'. ഓ അതെങ്ങനെ നടക്കാനാ? മുത്ത് നബിﷺ പ്രതികരിച്ചു. ഞാൻ പറഞ്ഞു. അതൊക്കെ ഞാൻ ഏറ്റു. വേണ്ടവിധത്തിലൊക്കെ ഞാൻ കൈകാര്യം ചെയ്തു കൊള്ളും. നബിﷺക്ക് വിയോജിപ്പില്ലെന്ന് മനസ്സിലാക്കിയ നഫീസ ഖദീജയെ അറിയിച്ചു. ഖദീജ ഔദ്യോഗികമായി നബിﷺയുടെ അടുത്തേക്ക് ആളെ അയച്ചു. അബൂത്വാലിബിനെ വിവരം ധരിപ്പിച്ചു.

മറ്റൊരു നിവേദനം ഇങ്ങനെയാണ്. നഫീസ വഴിയുള്ള അന്വേഷണത്തിന് ശേഷം ഖദീജ നേരിട്ടുള്ള സംഭാഷണത്തിന് അവസരമുണ്ടാക്കി. ഖദീജ ചോദിച്ചു. അവിടുന്ന് വിവാഹം ഉദ്ദേശിക്കുന്നില്ലേ? നബി ﷺ ചോദിച്ചു ആരുമായിട്ടാണ്? ഞാനുമായിട്ട്. അതെങ്ങനെ നടക്കാനാ?നിങ്ങൾ ഖുറൈശികളിലെ ഉന്നതയായ വിധവ. ഞാൻ ഖുറൈശി കുടുംബത്തിലെ ഒരനാഥൻ. അതൊന്നും പ്രശ്നമല്ല. എന്റെയടുത്ത് ഔദ്യോഗികമായി അന്വേഷണം എത്തിയാൽ എനിക്ക് സമ്മതമാണ്.

മറ്റൊരു വായനയിൽ ഇങ്ങനെ ഒരു തുടർച്ചയുണ്ട്. ബീവി ഖദീജ പറഞ്ഞു. 'യബ്ന അമ്മീ' (അല്ലയോ പിതൃസഹോദരന്റെ മകനേ) അവിടുത്തെ കുടുംബം, സ്വഭാവ മഹിമ, സത്യസന്ധത, സമൂഹത്തിലുള്ള അംഗീകാരം തുടങ്ങിയുള്ള  മേന്മകളാണ് ഇത്തരം ഒരു മോഹത്തിന് കാരണം.

കുടുംബ ബന്ധുക്കളെ നാളെത്തന്നെ എന്റെ വീട്ടിലേക്കയക്കാമോ? ഖദീജചോദിച്ചു. നബി ﷺ വിവരം അബൂത്വാലിബിനെ അറിയിച്ചു. അദ്ദേഹം അടുത്ത ദിവസം തന്നെ ഖദീജയുടെ വീട്ടിലെത്തി. അത്യാദരപൂർവ്വം അവർ സ്വീകരിച്ചു. ഖദീജ പറഞ്ഞു തുടങ്ങി. ഓ അബൂത്വാലിബ്, താങ്കൾ എന്റെ പിതൃ സഹോദരനുമായി സംസാരിക്കുക. താങ്കളുടെ സഹോദര പുത്രൻ. മുഹമ്മദ്ﷺന് എന്നെ വിവാഹം ചെയ്തു നൽകാൻ പറയുക. ഖദീജാ എന്താണീ പറയുന്നത്. നീ കളിയാക്കുകയാണോ? അല്ല, സത്യം തന്നെ. അല്ലാഹുവിന്റെ നടപടി ഇങ്ങനെയൊക്കെയാണ്. അബൂത്വാലിബ് വേണ്ട ഏർപാടുകൾചെയ്തു.

വിവാഹനിശ്ചയം കഴിഞ്ഞു. മുത്ത് നബി ﷺ യുടെ പ്രായം ഇരുപത്തി അഞ്ച് വയസ്സും രണ്ട് മാസവും പതിനഞ്ച് ദിവസവും. ഖദീജ ബീവിയുടെ പ്രായം നാൽപത്‌ വയസ്സ്. വിവാഹത്തിലേക്ക് കടക്കും മുമ്പ് വധുവിനെയും നമുക്കൊന്ന് പരിചയപ്പെടാം.

ഖുറൈശീ തറവാടിന്റെ ശാഖയാണ് അസദ് ഗോത്രം. ഉന്നതഗണനീയരാണവർ. തിരുനബി ﷺ യുടെ അഞ്ചാം പിതാമഹനാണ് ഖുസയ്യ്. അദ്ദേഹത്തിന്റെ മകൻ അബ്ദുൽ ഉസ്സയുടെ മകൻ അസദ്. അദ്ദേഹത്തിന്റെ മകനാണ് ഖദീജയുടെ പിതാവ് ഖുവൈലിദ്. അബ്ദുൽ മുത്വലിബിന്റെ ഉറ്റമിത്രവും കൂടിയായിരുന്നു അദ്ദേഹം. അബ്ദുൽ മുത്വലിബ് യമൻ ഭരണാധികാരി സയ്ഫ് ബിൻ ദീ യസനിനെ അനുമോദിക്കാൻ പോയപ്പോൾ ഖുവൈലിദും ഒപ്പമുണ്ടായിരുന്നു.

ഖദീജയുടെ മാതാവ്  ഫാത്വിമ, നബി ﷺ യുടെ ഒമ്പതാം പിതാമഹൻ ലുഅയ്യിന്റെ പരമ്പരയിലുള്ള സാഇദയുടെ പുത്രി, ഫാത്വിമയുടെ മാതാവ് ഹാല, നബി ﷺ യുടെ പിതാമഹൻ അബ്ദുമനാഫിന്റെ പുത്രിയാണ്. ഖദീജയുടെ കുടുംബം നബി ﷺയുടെ മൂന്നാം പിതാമഹനിൽ ഒത്തു ചേരുന്നു. നബിപത്നിമാരിൽ ഏറ്റവും അടുത്ത കുടുംബബന്ധം ബീവി ഖദീജയോടാണ്...

(തുടരും)

ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരി

#EnglishTranslation

Let's come back. We have read about the beauty of the  Prophet Muhammadﷺ. All the qualities that anyone can choose for his daughter, are combined in the Prophet Muhammadﷺ. The Prophetﷺ is the synonym of attractiveness that any woman can desire and fall in love with. Prophet Muhammadﷺ is the symbol of beauty that can be sought for the most beautiful lady in the world.

But the luxurious houses were being ready  for certain missions. This is not an amorous betrothal. Nor does it mean that a man want a woman.

A betrothal that will change Mecca and the world. Khadeeja called her faithful Nafisa bint Munya. She expressed her interest in marrying Muhammadﷺ. Nafisa says: 'I approached the Prophetﷺ secretly. I asked. Why don't you get marry? Why don't you think so? What's the obstacle? He immediately said. I haven't saved any money for marriage. Finance is not a problem. How about thinking of a rich and noble beautiful lady ?  What if such a request comes to you. Can you agree? Who do you mean?  The Prophetﷺ asked. In one word I said, 'Khadeeja'. Oh how can that happen? The beloved Prophet ﷺ responded. No problem, that is alI up to me. I will manage it. 

Knowing that the Prophetﷺ did not refuse the request, Nafisa informed Khadeeja. Khadeeja  officially sent her messenger to the Prophetﷺ and also informed Abu Talib.

Another statement is as follows. After the proposal through Nafeesa, Khadeeja made an opportunity for a direct conversation with the Prophetﷺ. Khadeeja asked the Prophetﷺ  'don't you intend to marry'. The Prophetﷺ asked with whom?  With me. How can that happen? The Prophetﷺ wondered. "You are a high-ranking widow of the Quraish. I am an orphan from the Quraish family". That's no problem. I agree if the proposal reaches me officially.

Another reading has a continuation like this.  Khadeeja said. 'Ya' ibna Ammee! (Oh! my cousin) The reason for such a desire is your family status, greatness of character, honesty and reputation in the society.

Would you sent your relatives to my house tomorrow itself?  Khadeeja asked. The Prophetﷺ informed Abu Talib about it. He came to Khadeeja's house the very next day. Recieved him with all deserving respect. Khadeeja began to say. Oh ! Abu Talib , please talk to my uncle , that is your nephew to marry me off to  Muhammadﷺ.  Khadeeja! what are you  saying? Are you joking? Khadeeja said 'It is true'. Allah's action is like this. Abu Talib made the necessary arrangements.

Engagement is over. The age of the Prophetﷺ was twenty-five years, two months and fifteen days . Khadija, wife was forty years old then. Let's read more about the bride before we enter to marriage-related matters.

The "Asad" tribe is a branch of the Quraish ancestry. They are elite class. Qusayy is the fifth grandfather of the Holy Prophetﷺ. His son is Asad, the son of Abdul Uzza. His son, Khuvailid is Khadija's father. He was the best friend of Abdul Muttalib. When Abdul Muttalib went to appreciate the then ruler of Yemen, Saif bin Di Yasan, Quwaylid was also with him. Khadijah's mother Fathima. The daughter of Saedah in the lineage of Luay, the ninth grandfather of the Prophetﷺ. Fathima's mother Hala. She is the daughter of Abd Manaf, the paternal grandfather of the Prophetﷺ. The family of Khadeeja is united in the third paternal grandfather of the Prophet ﷺ. Among the wives, Khadeeja has the nearest family relation to the Prophet ﷺ.

Post a Comment